flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....ഗവ:എല്‍.പി സ്കൂള്‍ മങ്കടയിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ടായ്മക്ക് രൂപം നല്‍കുന്നു...നിങ്ങള്‍ പൂര്‍വ്വവിദ്യാര്‍ത്ഥിയാണെങ്കില്‍ ദയവായി പേര്,അഡ്രസ്സ്,ഫോണ്‍ നമ്പര്‍ എന്നിവ www.mankadablog@gmail.comന് അയച്ചുതരിക

Sunday, 26 April 2015

മങ്കട അനാഥശാല വാര്‍ഷികം


മങ്കട അനാഥശാല വാര്‍ഷികം
 കവിയരങ്ങ്
 മങ്കട അനാഥശാലയുടെ മുപ്പത്തിയേഴാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്ന കവിയരങ്ങ് നവ്യാനുഭൂതിയായി.പതിനാല് കവിതകള്‍ അവതരിപ്പിച്ചു.മങ്കടയില്‍ സാഹിത്യാഭിരുചിയുള്ള ഒരു യുവനിരയുണ്ടെന്നത് വലിയ സന്തോഷം നല്കുന്നു.മങ്കട അനാഥാലയം ഇതിനൊരു വേദിയായത് മങ്കടയുടെ മറ്റൊരു സവിശേഷത.അനാഥാലയങ്ങളും അനാഥകളും പാര്‍ശ്വവല്‍ക്കരിക്കപ്പെടാതെ തികച്ചും സമൂഹത്തിന്റെ ഭാഗമാണെന്നും ഓരോ സാമൂഹ്യ ഇടപെടലിനും ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവസരമുണ്ടെന്നും തെളിയിച്ച പരിപാടിയായിരുന്നു നടന്നത്. കവിയരങ്ങ് എന്നാല്‍ എന്തോ മതവിരുദ്ധമാണെന്ന് തെറ്റിദ്ധരിച്ച യാഥാസ്ഥിതിക കഴ്ചപ്പാടിനെ കണ്ണു തുറപ്പിക്കാന്‍ ഇത്തരം പരിപാടികള്‍ക്കാവും എന്നു ഞാന്‍ കരുതുന്നു.ഒരു കവിയരങ്ങിനെ കുറിച്ച് ഇത്രയും എന്റെ പോസ്റ്റിലിടാന്‍ കാരണം, ഇന്നലെ വളരെ നന്നായി കവിയരങ്ങ് അവസാനിപ്പിച്ച് രാത്രിയില്‍ മങ്കട ഓര്‍ഫനേജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് എടുത്ത് നോക്കിയപ്പോള്‍ ഒരു പ്രാദേശിക പത്രലേഖകന്‍ രേഖപ്പെടുത്തിയ ചില അബദ്ധവാചകങ്ങള്‍ വായിക്കാന്‍ ഇടയായി.
ടിയാന്റെ വാചകങ്ങള്‍ മാന്യവായനക്കാരുടെ ശ്രദ്ധയിലേക്കായി ഇവിടെ പകര്‍ത്തട്ടെ.

"യതീംകുട്ടികളുടെ പേരില് പടുത്തുയര്ത്തിയ ഈ സ്ഥാപനത്തില് നടക്കുന്ന ചിലപരിപാടികള് കണ്ടാല് ഈ സമുദായം ലജ്ജിച്ച് തലതാഴ്ത്തും. കവിയരങ്ങാണത്രെ.... കവിയരങ്ങ്. ഇവരൊക്കെ എവിടുത്തെ സമുദായനേതാക്കളാണ്..ആര്ക്ക് വേണ്ടിയാണ് കവിയരങ്ങ് പോലുള്ള പരിപാടികള് സംഘടിപ്പിക്കുന്നത്. എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.”

ഇതിനു മറുപടിയായി ഞാന്‍ കുറിച്ചിട്ടത്

"താങ്കളുടെ കാഴ്ചപ്പാട് എന്താണ് എന്നറിയില്ല.പക്ഷേ ഒരു കാര്യം മനസ്സിലായി താങ്കളെപോലെയുള്ളവര്‍ക്ക് യത്തീംഖാനകള്‍ എന്നും യത്തീംഖാനകള്‍ മാത്രമായും അനാഥകുട്ടികള്‍ എന്നും അനാഥകളായും പാര്‍ശ്വവല്‍ക്കരിച്ചുകാണാന്‍ ആഗ്രഹിക്കുന്നവരുടെ പ്രതിനിധിയായി സംസാരിക്കുന്നതുപോലെ തോന്നും.അനാഥശാല വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ ഒരുപാട് പരിപാടികളുണ്ടായിരുന്നു.മഹലിലെ കാരണവന്‍മാരെ ആദരിക്കല്‍,ഡെന്റല്‍ ക്യാമ്പ്,വനിതാ സംഗമം,പൂര്‍വ്വ വിദ്യാര്‍ത്ഥിസംഗമം,കവിയരങ്ങ്......ഇതില്‍ കവിയരങ്ങിനോട് മാത്രമായി എന്താ ഒരു അയിത്തം .എണ്‍പതുവയസ്സായ അവറാന്‍കുട്ടിക്കാക്കയും കൂട്ടില്‍ബാപ്പുവും കൊച്ചുണ്ണിമാഷും മങ്കടയിലെ വളരെയധികം കഴിവുകളുള്ള യുവ എഴുത്തുക്കാരും ഒത്തുച്ചേര്‍ന്ന് തികച്ചും മാന്യമായി മലയാളഭാഷയില്‍ ആശയങ്ങള്‍ അവതരിപ്പിച്ചാല്‍ അനിസ്ലാമികമാണെന്ന് താങ്കളെപോലുള്ളവര്‍ പറഞ്ഞാല്‍ ഉള്‍കൊള്ളാന്‍ എത്രപേരുണ്ടാകും എന്ന് എനിക്കറിയില്ല.ഒരു പ്രാദേശികപത്രപ്രവര്‍ത്തകന്‍ എന്ന മേല്‍വിലാസം പേറുന്ന താങ്കളുടെ ഈ അഭിപ്രായം പത്രസമ്മേളനം നടത്തിയപ്പോള്‍ കണ്ടിലല്ലോ?അതോ സോഷ്യല്‍ മീഡിയയില്‍ ഒരു അഭിപ്രായം രേഖപ്പെടുത്തിയാല്‍ തനിക്കില്ലാത്തത് മറ്റുള്ളവര്‍ അവതരിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു അസ്വസ്ഥതയായി ഞങ്ങളെപ്പോലുള്ളവര്‍ കണക്കാക്കും.എന്തായാലും സമുദായം ലജ്ജിച്ചുതലതാഴ്ത്താന്‍ എല്ലാവരും താങ്കളല്ലാ എന്നുകൂടി വിനീതമായി അറീയിക്കട്ടെ..... സ്വന്തം നിലവാരം പ്രകടിപ്പിച്ചതിനു നന്ദി.”


ഇത്രയെങ്കിലും രേഖപ്പെടുത്തിയില്ലെങ്കില്‍ ഈ അല്പജ്ഞാനി ഇതിനപ്പുറം തുടര്‍ന്നും മധ്യമങ്ങളില്‍ വാര്‍ത്താമാലിന്യം നിറയ്ക്കുമെന്ന് എനിക്ക് തോന്നുന്നു.ടിയാന്‍ പറഞ്ഞ സമുദായ നേതാക്കളുടെ കൂട്ടത്തില്‍പ്പെടിലെങ്കിലും കവിയരങ്ങിലെ ഒരു പ്രതിനിധി എന്ന നിലയില്‍ ഒരു കാര്യം ഉറപ്പിച്ചുപറയാം യത്തീംഖാനയിലെ ഓരോ ഭാരവാഹിയും നിശ്ചിതമായ ഒരുതുക സ്വന്തം ഇഷ്ടപ്രകാരം നല്കിതന്നെയാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചത് എന്നുകൂടി ടിയാനെപോലുള്ള അധരവ്യായാമ പത്രപ്രവര്‍ത്തനം നടത്തുന്നവരെങ്കിലും അറിയേണ്ടതുണ്ട്.അതേ സമയം ഈ വാര്‍ത്ത മികച്ച രീതിയില്‍ പ്രസിദ്ധീകരിച്ച മാധ്യമം പത്രവും മുനീര്‍ മങ്കടയെപോലുള്ള നല്ല പ്രാദേശിക റിപ്പോര്‍ട്ടര്‍മാരും ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തികാതിരിക്കാനുമാവില്ല.


 വാല്‍കഷ്ണം:കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ലഭ്യാമായത് കവിയരങ്ങല്ല ചില വ്യക്തി താല്പര്യങ്ങളാണ് പ്രതികരണത്തിനു പിന്നിലെന്നതായിരുന്നു.
Friday, 17 April 2015

koottil bappu


തനിമയാര്‍ന്ന മാപ്പിള ഗാനങ്ങള്‍ക്ക്‌ ഈണം നല്‍കിയ
 മാപ്പിളപ്പാട്ടിന്റെ ഉറ്റതോഴന്‍ കൂട്ടില്‍ബാപ്പു
 
(
മാപ്പിളപ്പാട്ട്‌ ആലാപനം,രചന.സംഗീതം.എന്നീ മേഖലയിലെ നിറസാന്നിദ്ധ്യം)"വിധിവന്നാല്‍ ഇവിടംവിട്ട്‌പോകേണ്ടോരല്ലേ.. "ഒരുകാലഘട്ടത്തില്‍ മാപ്പിളമനസ്സിനെ പിടിച്ച്‌കുലുക്കിയമാപ്പിളപ്പാട്ടിന്റെ രചനയും സംഗീതവും നല്‍കിയ ബാപ്പുകൂട്ടിലിന്‌ ജന്മമാടിന്റെ ആദരം.മാപ്പിളപ്പാട്ട്‌ ജീവിതമാര്‍ഗവും ജീവനുമാക്കി രണ്ടരപതിറ്റാണ്ട്‌കാലമായി മാപ്പിള പരിശീലനരംഗത്ത്‌ സജീവസാനന്നിദ്ധ്യമാണ്‌ കൂട്ടില്‍ബാപ്പു.
ചെറിയകുട്ടിയായിരിക്കുമ്പോള്‍ അയല്‍വീടുകളിലെയും കല്ല്യാണവീടുകളിലെയും ഗ്രാമഫോണ്‍മാപ്പിളപ്പാട്ടുകളിലും ഉമ്മപാടിനല്‍കിയ സബീനപ്പാട്ടുകളും പ്രചോദനമായി മാപ്പിളപ്പാട്ട്‌ രംഗത്തെത്തിയ ബാപ്പു സ്‌കൂള്‍തലത്തിലത്തില്‍ മൂന്ന്‌തവണ മാപ്പിളപ്പാട്ടില്‍ ഒന്നാംസ്ഥാനം നേടി.തുടര്‍ന്ന്‌ പെരിന്തല്‍മണ്ണ പി.ടി.എം കോളേജ്‌ പെരിന്തല്‍മണ്ണ.മണ്ണാര്‍ക്കാട്‌ കല്ലടികോളേജ്‌ എന്നിവിടങ്ങളിലെ പഠനകാലത്തും ഏറെ ശ്രദ്ധിക്കപ്പെട്ടു.മങ്കട ഗവ ഹൈസ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ ഒഴിവുള്ള പിരീഡുകളില്‍ ക്ലാസിലെത്തുന്ന സംസ്‌കൃതടീച്ചര്‍ ഇന്ദിരടീച്ചറാണ്‌ ബാപ്പുവിന്റെ അഭിരുചികള്‍ മനസ്സിലാക്കിയത്‌.സബ്‌ജില്ലാ ജില്ലാ കലോല്‍സവങ്ങളില്‍ വേണ്ടത്രപിന്തുണയോമല്‍സരാര്‍ത്ഥികളോ ഇല്ലാത്തതിനാല്‍ ബാപ്പുവിന്‌ മല്‍സരിക്കാന്‍ കഴിഞ്ഞില്ല..പി.പി പ്രൊജക്ടിന്‌ വേണ്ടി പലവേദികളില്‍ ഗാനം ആലപ്പിച്ച ബാപ്പു 1990 മുതല്‍ ആകാശവാണികോഴിക്കോട്‌ നിലയത്തില്‍ ഗാനങ്ങള്‍ആലപിച്ച്‌ വരികയാണ്‌.മാപ്പിള കവിമാരായ മോയിന്‍കുട്ടിവൈദ്യര്‍. പുലിക്കോട്ടില്‍ഹൈദ്രു .മുണ്ടമ്പ്രഉണ്ണിമമ്മദ്‌. പൊന്നാനി മാളിക്കേലകത്ത്‌ കുഞ്ഞിഅഹമ്മദ്‌സാഹിബ്‌ എന്നിവരുടെ ഗാനങ്ങള്‍ക്ക്‌ തനിമയാര്‍ന്ന ഇശല്‍ഈണങ്ങള്‍നല്‍കി വേദികള്‍ ധന്യമാക്കിയ ഇദ്ദേഹം ഒ.എം കരുവാരക്കുണ്ടിന്റെ തംഹീദ്‌.സ്‌നേഹമായ്‌.അജബേറുംകിളി .ജനശക്തി.മവാഹിബുല്‍ജലിയ.നീയാണെന്‍മുംതാസ്‌. എന്നീ ആല്‍ബങ്ങളില്‍ ഒ.എം കരുവാരക്കുണ്ടുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിച്ചബാപ്പുവിനെ തേടി വാണിമേല്‍ മാപ്പിളകലാസാഹിത്യവേദിയുടെയും,മോറിക്കര മാപ്പിളകലാകോച്ചിംഗ്‌സെന്റെറിന്റെയും കോഴിക്കോട്‌ മാപ്പിളസോങ്ങ്‌ലവേഴ്‌സിന്റെയും തൃശൂര്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ മാപ്പിള സ്റ്റഡീസ്‌.എന്നിവരുടെ അവാര്‍ഡുകളും മോയിന്‍ക്കുട്ടി വൈദ്യര്‍സ്‌മാരക മാപ്പിള ക്വിസ്‌ മല്‍സരത്തിനും സമ്മാനവും ലഭിച്ചു.ആലാപനമല്‍സരത്തിലും എട്ടോളം അവാര്‍ഡ്‌ലഭിച്ച ഇദ്ദേഹം മലപ്പുറം ഗസല്‍ മാപ്പിള കലാപഠനകേന്ദ്രത്തിലെ അധ്യാപകനാണ്‌.കഴിഞ്ഞ 20 വര്‍ഷത്തോളമായി സംസ്ഥാന സ്‌കൂള്‍കലോല്‍സവങ്ങളില്‍ ഒന്നാംസ്ഥാനക്കാരായവരില്‍ ഭൂരിപക്ഷംപേരും ബാപ്പുവിന്റെ ശിഷ്യരാണ്‌.പട്ടുറുമാല്‍.പതിനാലാംരാവ്‌.മൈലാഞ്ചിരാവ്‌ .കുപ്പിവള.തുടങ്ങിയ റിയാലിറ്റിഷോകളിലെ ജേതാക്കളായ അഷിതാഅഷ്‌റഫ്‌. സൈറാസലിം .കെ.കെ സജ്‌ന. ഷഹാനകണ്ണൂര്‍. ഫസ്‌ന. ഹന്നായാസിര്‍ . ആഘര്‍ഷവിശ്വനാഥ്‌. ഹനീനറഹ്മാന്‍. റഷാഅന്‍സല. നാജിയ. ഫാത്തിമശഹബാന്‍.എന്‍ ആര്‍ റിഷാം. അഖിലാകൃഷ്‌ണന്‍. മുഹമ്മദ്‌സിയാദ്‌. മുഹ്‌സിന്‍.ഷാരോണ്‍.ഗൗതം.മാഷാല്‍.ആസാദ്‌.ഫയാസ്‌ ഉമര്‍എന്നിവരും ശിഷ്യഗണത്തില്‍പെടുന്നു.കാലക്കറ്റ്‌ യൂനിവേഴ്‌സിറ്റി ഇന്റര്‍സോണ്‍ കലോല്‍സവങ്ങളില്‍ കഴിഞ്ഞ 13 വര്‍ഷമായിഒന്നും രണ്ടും സ്ഥാനംനേടുന്നവര്‍ ബാപ്പുവിന്റെ ശിഷ്യരാണ്‌ ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌കോളേജ്‌.അന്‍സാര്‍ കോളേജ്‌ പെരുമ്പിലാവ്‌.കേരളവര്‍മ്മ തൃശൂര്‍,സെന്റ്‌തോമസ്‌ തൃശൂര്‍.അസ്‌മാബികോളേജ്‌ തൃശൂര്‍.എസ്‌ എന്‍ കോളേജ്‌ നാട്ടിക.ഫാറൂഖ്‌കോളേജ്‌ കോഴിക്കോട്‌. എസ്‌.എന്‍.ഡി.പി കോളേജ്‌ കൊയിലാണ്ടി തുടങ്ങിയ സ്ഥാപനങ്ങളിലും ട്രൈനിങ്ങ്‌ നല്‍കിവരികയാണ്‌ ബാപ്പുകൂട്ടില്‍.പ്രതികൂല ജീവിതസാഹചര്യങ്ങളാല്‍ പലനല്ല അവസരങ്ങളും പൊതുവേദികളും ബാപ്പുവിന്‌ നഷ്ട്‌ടമായിട്ടുണ്ട്‌.എങ്കിലും 2009 ല്‍ മാപ്പിളപ്പാട്ടുരംഗത്തെ പ്രവര്‍ത്തനത്തിന്‌ കൂട്ടില്‍വെച്ച്‌ പൗരസമിതി ആദരിച്ചു കൂടാതെ സൊളിഡാരിറ്റി തൃശൂരില്‍വെച്ചും ആദരിച്ചിട്ടുണ്ട്‌.. കൂട്ടില്‍ എ.എം.യു.പി സ്‌കൂളിന്റെ നവതിയാഘോഷവുമായി ബന്ധപ്പെട്ട വാര്‍ഷികത്തില്‍ ജന്മനാട്‌ ബാപ്പുവിനെ ആദരിച്ചു.പരേതനായ തുറക്കല്‍ കുഞ്ഞിഅഹമ്മദാണ്‌ പിതാവ്‌ മാതാവ്‌.പാത്തുമ്മുണ്ണി.ഭാര്യ റസിയയും,മുനവ്വര്‍.മുവസ്സിറമുസ്‌ബിറ എന്നിവര്‍ മക്കളുമാണ്‌.
വിദ്യാഭ്യാസം
എ എം യു പി സ്‌കൂള്‍ കൂട്ടില്‍
മങ്കട ഗവ ഹൈസ്‌കൂള്‍
പിടിഎം കോളേജ്‌ പെരിന്തല്‍മണ്ണ , കല്ലടികോളേജ്‌ മണ്ണാര്‍ക്കാട്‌
തൃശൂര്‍ വാടാനപള്ളി ഓര്‍ഫനേജിലെ അധ്യാപകന്‍
  ലഭിച്ച അംഗീകാരങ്ങള്‍ സമ്മാനങ്ങള്‍  
 
മാപ്പിളപ്പാട്ട്‌ രചനാമല്‍സരം (ആള്‍കേരള)മാപ്പിളകലാ കോച്ചിംഗ്‌ സെന്റെര്‍ മോറിക്കര (1995)മാപ്പിള സോംഗ്‌ ലവേഴ്‌സ്‌ അസോസിയേഷന്‍ കോഴിക്കോട്‌ (2002)ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ മാപ്പിള സ്റ്റഡീസ്‌ തൃശൂര്‍ (2002)മാപ്പിള ക്വിസ്‌ മല്‍സരം (മോയിന്‍കുട്ടി വൈദ്യര്‍ സ്‌മാരകം കൊണ്ടോട്ടി)ആലാപന മല്‍സരം
മാപ്പിള കലാ കോച്ചിംഗ്‌ സെന്റര്‍ മോറിക്കര (1995)സുന്നി മലപ്പുറം റേഞ്ച്‌സ്‌ പാണായി
ചെമ്മാപ്പിള്ളി ഇര്‍ശാദിയ തൃശൂര്‍(1997)പ്രതിഭാ ഫെസ്റ്റ്‌ 98 റാഫി രാമനാട്ടുകര അനുസ്‌മരണ മാപ്പിളപ്പാട്ടു മല്‍സരം
മാപ്പിള സോംഗ്‌ ലവേഴ്‌സ്‌ അസോസിയേഷന്‍ കോഴിക്കോട്‌ (ഗാനമേള) രണ്ടാം സ്ഥാനം
ഉബൈദ്‌ സ്‌മാരക മാപ്പിളപ്പാട്ട്‌ മല്‍സരം കോഴിക്കോട്‌
2004
മെയ്‌ 30 ന്‌ മര്‍ഹൂം ടി.പി.ആലിക്കുട്ടി ഗുരുക്കള്‍ സ്‌മാരക അഖില കേരളമാപ്പിളപ്പാട്ടുമല്‍സരം

Tuesday, 14 April 2015

മങ്കട അനാഥശാല


മങ്കട അനാഥശാല
37- വാര്‍ഷികാഘോഷം


മങ്കട ഓര്‍ഫനേജ്-ചരിത്രം

മങ്കടയിലേയും സമീപപ്രദേശങ്ങളിലെയും അനാഥകളെയും അഗതികളെയും സംരക്ഷിക്കുന്നതിനായി 1978 ഏപ്രില്‍ 16ന് നെല്ലേങ്ങര മരക്കാര്‍ക്കുട്ടിഹാജിയുടെ അദ്ധ്യക്ഷതയില്‍ ശ്രീ.കരുവള്ളി മുഹമ്മദ് മൗലവി ഒരു കുട്ടിയെ ചേര്‍ത്തുകൊണ്ടു ഔപചാരികമായി മങ്കട അനാഥശാലക്ക് തുടക്കംകുറിച്ചു.

നെല്ലേങ്ങര മരക്കാര്‍ക്കുട്ടിഹാജി(പ്രസി.),പറച്ചിക്കോട്ടില്‍ മുഹമ്മദാജി (വൈ.പ്രസി.),തയ്യില്‍ അബ്ദുറഹിമാന്‍ ഹാജി(സെക്രട്ടറി),പറച്ചിക്കോട്ടില്‍ അബ്ദുള്ള മാസ്റ്റര്‍,പരിയംതടത്തില്‍ റഹ്മത്തുള്ള മാസ്റ്റര്‍ (ജോ.സെക്രട്ടറി),കുഞ്ഞഹമ്മദ് ഹാജി (ഖജാന്‍ജി)ഉള്‍പ്പെടെ 25 അംഗങ്ങള്‍ അടങ്ങിയതായിരുന്നു ആദ്യഭരണസമിതി.

27/11/1978ല്‍ അനാഥശാല ഭരണഘടന നിലവില്‍ വരികയും
" മങ്കട അനാഥ ശാല സംഘം" എന്ന ചാരിറ്റബിള്‍ സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്തു.

അനുബന്ധ സ്ഥാപനങ്ങള്‍

അല്‍-അമീന്‍ ഇംഗ്ലീഷ് സ്ക്കൂള്‍.
എം..ടി.ടി.. മങ്കട.
എം...ടി.ടി സെന്റര്‍.
മുഫീദുല്‍ ഉലൂം സെക്കന്‍ഡറി മദ്രസ്സ.
പ്രൊ.ഹംസ തയ്യില്‍ മെമ്മോറിയല്‍ ഐ.എം.എസ് ഓഡിറ്റോറിയം.
ടൈലറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്.
കമ്പ്യൂട്ടര്‍ ലാബ്.


വാര്‍ഷികാഘോഷപരിപാടികള്‍
ഏപ്രില്‍ 15 മുതല്‍ 25 വരെ നീണ്ടുനില്‍ക്കുന്ന പരിപാടികളോടെയാണ് മുപ്പത്തിയാറാം വാര്‍ഷികം ആഘോഷിക്കുന്നത്.

1. ഏപ്രില്‍ 15 ബുധനാഴ്ച്ച 10 am -12am
"പഴമയുടെ പത്തരമാറ്റ്"
അനാഥശാല അഭ്യുദയകാംഷികളായ കാരണവന്‍മാരെ ആദരിക്കലും അനുഭവങ്ങള്‍ പങ്കുവെയ്ക്കലും
വേദി: അനാഥശാല അങ്കണം
2. ഏപ്രില്‍ 16 വ്യാഴാഴ്ച്ച 9 am -12am
ഖുര്‍ആന്‍ വിജ്ഞാന മത്സരങ്ങള്‍”
പൊതുജനങ്ങള്‍ക്കും മദ്രസാ വിദ്യാര്‍ത്ഥികള്‍ക്കും തഹ്ഫീളുല്‍ ഖുര്‍ആന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക മത്സരങ്ങള്‍.
വേദി: അനാഥശാല അങ്കണം
3 ഏപ്രില്‍ 17 വെള്ളിയാഴ്ച്ച 4 pm-6pm
"പ്രവാസി സംഗമം"
ജിദ്ദ,റിയാദ്,ദമാം,ദുബൈ,അബൂദാബി,ഖത്തര്‍ വെല്‍ഫയര്‍കമ്മിറ്റി പ്രതിനിധികള്‍ പങ്കെടുക്കുന്നു.
വേദി: അനാഥശാല അങ്കണം
4. ഏപ്രില്‍ 18 ശനിയാഴ്ച്ച 2 pm -5 pm
" വനിതാ സമ്മേളനം"
വഖഫ് ബോര്‍ഡ് മെമ്പര്‍ ഷമീമ ഇസ്ലാഹിയ്യ ഉദ്ഘാടനം ചെയ്യുന്നു.
വേദി: IMS ഓഡിറ്റോറിയം
5. ഏപ്രില്‍ 19 ഞായറാഴ്ച്ച 9.30am 12.30 pm
M.E.S മെഡിക്കല്‍ കോളേജ് സഹകരണത്തോടെ
"സൗജന്യ ദന്തപരിശോധനാ ക്യാമ്പ്"
വേദി: അനാഥശാല അങ്കണം
മത വിജ്ഞാന വിരുന്ന്

ഏപ്രില്‍ 19 മുതല്‍ 24 വരെ
വേദി: അല്‍ അമീന്‍ ഗ്രൗണ്ട്

ഏപ്രില്‍ 19
വിഷയം : വാര്‍ദ്ധക്യം തേടുന്നത്
: പി.പി. സിയാദ്
(പ്രിന്‍സിപ്പാള്‍ ,അല്‍ അമീന്‍ സ്കൂള്‍)

ഏപ്രില്‍ 20
വിഷയം : ധനം ഒരു പരീക്ഷണം
:പി.ടി അബ്ദുല്‍ അസീസ് സുല്ലമി

ഏപ്രില്‍ 21
വിഷയം : ധാര്‍മ്മികതയുടെ വീണ്ടെടുപ്പ്
:.പി നൗഷാദ് തിരൂര്‍ക്കാട്

ഏപ്രില്‍ 22
വിഷയം : ബന്ധങ്ങള്‍ പുതിയ ലോകത്തില്‍
:മുഹമ്മദ് സുല്ലമി ഒതായി

ഏപ്രില്‍ 23
വിഷയം : അന്ധവിശ്വാസങ്ങളുടെ ലോകം
:ശിഹാബുദ്ധീന്‍ അന്‍സാരി.യു.പി

ഏപ്രില്‍ 24
വിഷയം : അന്ത്യയാത്രക്കൊരുങ്ങുക
:സുലൈമാന്‍ സ്വബാഹി
ഏപ്രില്‍ 25 ശനിയാഴ്ച്ച
രാവിലെ 9മണി :
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
വേദി : അനാഥശാല അങ്കണം
രാവിലെ 11മണി :
കവിയരങ്ങ്
വേദി : അനാഥശാല അങ്കണം
വി.എംകൊച്ചുണ്ണി മാസ്റ്റര്‍,അനില്‍ മങ്കട,ഡോ.സിജിന്‍,സുമയ്യ നിസാര്‍,രമാരാമനാഥന്‍,സന്തോഷ് പാറല്‍,ഉമ്മര്‍ പൂഴിക്കുന്ന്,മുനീര്‍ മങ്കട,നസീമ അബ്ബാസ്,ശാഹിനതറയില്‍,ബഷീര്‍ എ.പി,വിനോദ് മങ്കട
ഏപ്രില്‍ 25 ശനിയാഴ്ച്ച 7PM
സമാപന സമ്മേളനം
ഉദ്ഘാടനം: ശ്രീ.മഞ്ഞളാംകുഴി അലി
(ബഹു.നഗരവികസന,ന്യൂനപക്ഷ വകുപ്പ് മന്ത്രി)
കേരള വഖഫ്ബോര്‍ഡ് ചെയര്‍മാന്‍ റഷീദലി ശിഹാബ് തങ്ങളെ ആദരിക്കുന്നു.
പ്രതിഭകളെ ആദരിക്കല്‍ :ശ്രീ.ടി..അഹമ്മദ് കബീര്‍ (എം.എല്‍.).
1.Dr.വി.യു.സീതി(മികച്ച ഡോക്ടര്‍,പ്രൈവറ്റ് സെക്ടര്‍-2014)
2.ശ്രീ.പി.ഉസ്മാന്‍(മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)
3.ഡോ.നൂറുല്‍ അമീന്‍(കണ്ണൂര്‍ യൂണിവേഴ് സിറ്റിയിലെ ആദ്യ അറബിക്ക് ഡോക്ടറേറ്റ്)
4.ഡോ.അബ്ദുല്‍ കരീം(ഡോക്ടറേറ്റ് ഇന്‍ പൊലിറ്റിക്കല്‍ സയന്‍സ്)
5.റമീസ്(ടൈറ്റാനിയം ഫുട്ബോള്‍,പൂര്‍വ്വ വിദ്യാര്‍ത്ഥി)
അവാര്‍ഡ് വിതരണം:
1.പ്രൊഫസര്‍ അബ്ദുല്‍ അസീസ് മൗലവി അവാര്‍ഡ്:
കരുവള്ളിമുഹമ്മദ് മൗലവി
2.പറച്ചിക്കോട്ടില്‍ അബ്ദുള്ള മാസ്റ്റര്‍ അവാര്‍ഡ് :
ഡോ.അബൂബക്കര്‍ തയ്യില്‍
3.ജിദ്ദ വെല്‍ഫയര്‍ കമ്മിറ്റി അവാര്‍ഡ് :'ടി.അബ്ദുല്‍കരീം, പ്രസി.മങ്കട ഗ്രാമപഞ്ചായത്ത്

കലാപരിപാടികള്‍

കൂട്ടപ്പാല വി.സി.ബി

കൂട്ടപ്പാല വി.സി.ബി കം റോഡ് ഉദ്ഘാടനം


Monday, 13 April 2015

കൂട്ടപ്പാല


കൂട്ടപ്പാല വിസിബി കംബ്രിഡ്ജ് 
സമര്‍പ്പണം 14 ന്
മങ്കട: കൂട്ടപ്പാല-വിസിബി കം ബ്രിഡ്ജും അപ്രോച്ച് റോഡുകളുടെ സമര്‍പ്പണവും ചൊവ്വാഴ്ച ഉച്ചക്ക് 12 ന് സംസ്ഥാനപൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് നിര്‍വ്വഹിക്കും.ടി..അഹമ്മദ്കബീര്‍ എം.എല്‍എ അധ്യക്ഷത വഹിക്കും . മങ്കട പഞ്ചായത്തിലെ ഏഴാംവാര്‍ഡിലെ ഒരുകോടിരൂപയുടെ വികസനപദ്ധതികളിലെ ആദ്യഘട്ടമായ വിസിബി കംബ്രിഡ്ജും അപ്രോച്ച്‌റോഡുമാണ് ആദ്യഘട്ടത്തില്‍ ഉദ്ഘാടനം ചെയ്യുന്നത്.കുടിവെള്ള പദ്ധതി രണ്ടാംഘട്ടത്തിലും സമര്‍പ്പിക്കും. മൈനര്‍ ഇറിഗേഷന്‍വകുപ്പില്‍ നിന്നും അനുവദിച്ച 40 ലക്ഷംരൂപയുടെ വിസിബിയും വിവിധ വകുപ്പുകളുമായി സഹകരിച്ച് നിര്‍മ്മിച്ച അപ്രോച്ച് റോഡുമാണ് സമര്‍പ്പിക്കുന്നത്.ഇത് യാഥാര്‍ത്ഥ്യമായതോടെ മങ്കടയിലെ ആദ്യ റിങ്ങ്‌റോഡാണ് പൂര്‍ത്തിയാകുന്നത്.കൂടാതെ ചേരിയം പുളിക്കല്‍പ്പറമ്പ, കൂട്ടില്‍ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന അപ്രോച്റോഡായും ഇത് മാറും.റോഡ് യാഥാര്‍ത്ത്യമായതോടെ കൂട്ടില്‍ ശിവക്ഷേത്രത്തിലെത്തുന്ന നൂറുകണക്കിന് യാത്രക്കാര്‍ക്ക് ഏറെ സഹായകരമാവും.  

Saturday, 11 April 2015

മാധ്യമം ലേഖനം

ഇന്നത്തെ (12/04/2015)മാധ്യമം വാരാദ്യപ്പതിപ്പില്‍ മങ്കടയെകുറിച്ചുള്ള എന്റെ ലേഖനം
മങ്കടയിലെ അയിരുമടകള്‍
ഇഖ്ബാല്‍ മങ്കട

മങ്കടയിലെ അയിരുമടകള്‍
ഇഖ്ബാല്‍ മങ്കട
അക്ഷാംശം 11.023 വടക്കും 76.2055കിഴക്കുമായി വ്യാപിച്ചു കിടക്കുന്ന മങ്കടയുടെ പ്രശസ്തി ഏതാനും നൂറ്റാണ്ടുകളായെങ്കിലും വള്ളുവനാട് സ്വരൂപത്തിലെ ഒരുശാഖയുടെ ആസ്ഥാനം എന്നതാകുന്നു.എങ്കിലും ദേശനാമം ഈ താവഴിയുടെ ദേശത്തുള്ള അധിവാസത്തിനും മുമ്പേ ഉണ്ടായിരുന്നതായി കാണുന്നു.പരനാട്ടു കോവിലകമെന്നുംചെറുക്കാട്ടു താവഴിയെന്നും പറയുന്ന വള്ളുവകോനാതിരിയുടെ മൂലകുടുംബം കടന്നമണ്ണയിലാണ്.അവിടെ നിന്നും പിരിഞ്ഞുപോന്ന ആയിരനാഴി,മങ്കട,അരിപ്പുറെ എന്നീശാഖകളും ഈ സ്വരൂപത്തിനുണ്ട്.ഐതീഹ്യങ്ങളുടെ ചുവടുപിടിച്ചു പിന്നോട്ടുപോയാല്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് സാമൂതിരിയും വള്ളുവകോനാതിരിയും തമ്മിലുള്ള സമരചരിത്രത്തിന്റെ ഭൂമികയാണിത്.മുപ്പത്തിയൊന്ന് ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള മങ്കട ഗ്രാമപഞ്ചായത്ത് കൂട്ടലങ്ങാടി-പന്തലൂര്‍ , അങ്ങാടിപ്പുറം, മക്കരപറമ്പ് എന്നീ പ്രദേശങ്ങളുമായി അതിര്‍ത്തി പങ്കിടുന്നു.കാടുംമേടുംതോടുംകുന്നുംവയലുകളുമെല്ലാം സമൃദ്ധമായ ദേശമാണ് മങ്കട.പടിഞ്ഞാറ് പന്തലൂര്‍ മലയില്‍ നിന്നും തുടങ്ങി,വടക്ക് നെന്മിനിമലയും കിഴക്ക് മുള്ള്യാകുര്‍ശ്ശിചേര്‍ന്ന കോട്ടമലയും വെള്ളാരംകുന്നും,തെക്ക് പെരുമ്പറമ്പുംപടുവില്‍ക്കുന്നുംമുത്തപ്പന്‍പാറയും ആലുംകുന്നുംതണ്ണിക്കുഴി അതിര്‍ത്തിക്കുള്ളിലാണി പ്രദേശം.ചേരിയം മലയിലെ പ്രശസ്തമായ കുരങ്ങന്‍ചോല,കുട്ടിപ്പാറ,കാപ്പ്,പൊടുവണ്ണി, കിളിയന്‍പാറ, ഉപ്പുപാറ, കൂട്ടുമൂച്ചി,ചാത്തന്‍കല്ല് തുടങ്ങി പ്രകൃതിരമണീയമായ സ്ഥലങ്ങള്‍ മങ്കടയ്ക്കു സ്വന്തം.മങ്കട എന്നപേരിന്റെ ഉത്പത്തിക്കു തന്നെ കാരണമായ(മണ്‍+കട) ലോഹാംശത്തിന്റെ നിക്ഷേപം നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ ഈ പ്രദേശത്തിന്റെ പ്രധാന്യം വെളിവാക്കുന്നു..ഡി 1832ല്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി വള്ളുവനാട്ടു രാജാവായ ശ്രീവല്ലഭരാമന്‍രാജന്‍ ഒരു കരാറിലേര്‍പെടുകയുണ്ടായി. വര്‍ഷത്തില്‍ ഇരുപത്തിയഞ്ചുരൂപാ പാട്ടം രാജാവിനു നല്കാമെന്നതായിരുന്നു വ്യവസ്ഥ.വാര്‍ഡ് ആന്റ് കോണറുടെ "ഡിസ്ക്രിപ്റ്റീവ് മെമ്മയര്‍ ഓഫ് മലബാര്‍" എന്ന സര്‍വ്വേറിപ്പോര്‍ട്ടില്‍ ഇതിന്റെ സൂചനകള്‍ കാണാം. മങ്കടയുടെ ഭാഗങ്ങളായ ഇരിങ്ങാട്ടുപറമ്പ്,പെരുമ്പറമ്പ് എന്നിവിടങ്ങളിലെ അയിരുമടകള്‍ ഈ പ്രദേശങ്ങളില്‍ ഇരുമ്പ് ഖനനം നടന്നിരുന്നു എന്നതിന്റെ സാക്ഷ്യപത്രമാണ്.പ്രദേശവാസികളുടെ ആയുധബലം കുറയ്ക്കുന്നതോടൊപ്പം ഇരുമ്പു കൈക്കലാക്കാനുമായിരുന്നുഇതെന്നു കരുതുന്നു.
മലബാര്‍ സമരകാലഘട്ടങ്ങളില്‍ മലബാറിലെ മറ്റുപ്രദേശങ്ങളില്‍ നിന്നും വ്യത്യസ്ഥമായി മങ്കടയില്‍ കലാപത്തിന്റെ ദുരന്തഫലങ്ങളൊന്നും കാര്യമായിരേഖപ്പെടുത്താതിരുന്നതും മങ്കടകോവിലകത്തിന്റെ സംരക്ഷണത്തിനായി മാപ്പിളമാര്‍ കാവല്‍ നിന്നതും അതിനു പ്രത്യുപകാരമായി മങ്കട ജുമാമസ്ജിദ് നിര്‍മ്മിക്കാന്‍ ആയിരത്തിയൊന്നുരൂപയും മരവും നല്കി മങ്കടകോവിലകം മതസൗഹാര്‍ദ്ധത്തിനു വഴിക്കാട്ടിയതും ഈ നാടിന്റെ ചരിത്രത്തിലിടം പിടിച്ചതാണ്.സ്വാതന്ത്യസമരസേനാനി അബ്ദുറഹിമാന്‍ സാഹിബിന്റെ അടുത്തഅനുയായികളായിരുന്ന മങ്കടയിലെ കോയഅധികാരി ,ഉണ്ണീന്‍ മൗലവിതുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങള്‍ കലാപം ആളിപടരാതിരിക്കാനും സൗഹാദ്ധം നിലനിര്‍ത്താനും ഇടയാക്കി.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശ്രീമാണിക്യേടത്ത് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ മങ്കടയില്‍ കണ്ടെത്തിയപ്പോള്‍ ആസ്ഥലത്തിന്റെ ഉടമസ്ഥയായിരുന്ന തയ്യില്‍ മറിയുമ്മ ഹജ്ജുമ്മ സ്വമനസ്സാല്‍ ഹിന്ദുമതവിശ്വാസികള്‍ക്കായി സ്ഥലം വിട്ടുകൊടുത്തതും, കര്‍ക്കിടകം പ്രദേശത്ത് ബിലാല്‍ മസ്ജിദ് നിര്‍മ്മാണത്തിനായി ഭൂമി വിട്ടുനല്കിയ മൂത്തേടത്ത് മനയും നടത്തിയ മതസൗഹാര്‍ദ്ധത്തിന്റെ മാതൃകാപ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ പാര്‍ലിമെന്റില്‍പോലും ചര്‍ച്ചയായത് മങ്കടയുടെ ചരിത്രമാണ്.

പ്രശസ്തഛായഗ്രാഹകന്‍ മങ്കട രവിവര്‍മ്മയും അന്റാര്‍ട്ടിക്ക പര്യവേഷണത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ നേവിയിലെ ജയപാലനും,നെഹൃയുവകേന്ദ്രത്തിലൂടെ ദേശീയ ശ്രദ്ധനേടിയ ഹംസതയ്യിലും , കാല്‍പന്തുകളിയില്‍ ദേശീയതലത്തില്‍പോലും കഴിവുതെളിയിച്ച വളരെയധികം പ്രതിഭകളെ നല്കിയ മങ്കടദേശത്തിന്റെ ചരിത്രവും വര്‍ത്തമാനവും മങ്കട ഗവ : എല്‍.പി സ്കൂളിന്റെ നൂറ്റിയെട്ടാംവാര്‍ഷികോപഹാരമായി ഈ വര്‍ഷം പുറത്തിറക്കിയിട്ടുണ്ട്.

ലേഖകന്‍:
കൊപ്പം ഗവ:ഹൈസ്ക്കൂളിലെ സാമൂഹ്യശാസ്ത്ര അധ്യാപകനും മങ്കടയുടെ ചരിത്രവും വര്‍ത്തമാനവും എന്ന സുവനീറിന്റെ ചീഫ് എഡിറ്ററും മങ്കടഓണ്‍ലൈന്‍ എന്നപേരില്‍ മങ്കടയുടെ പ്രാദേശിക ചരിത്രം ഡിജിറ്റലൈസ് ചെയ്തുവരികയും ചെയ്യുന്നു 9447354397