flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Friday 31 January 2014

ജന്മദിനത്തില്‍ നാടിനൊരു സമ്മാനം മരണാനന്തരം ഭൗതികശരീരം വിദ്യാര്‍ത്ഥികള്‍ക്ക്


ജന്മദിനത്തില്‍ നാടിനൊരു സമ്മാനം
മരണാനന്തരം ഭൗതികശരീരം വിദ്യാര്‍ത്ഥികള്‍ക്ക്


മരണാനന്തരം ഭൗതികശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായി നല്കാനുള്ള തീരുമാനമറിയിച്ചാണ് പ്രശസ്ത ബാലസാഹിത്യക്കാരന്‍ മങ്കടയിലെ വി.എം കൊച്ചുണ്ണിമാസ്റ്ററും ഭാര്യ പാര്‍വ്വതിക്കുട്ടിയും മഞ്ചേരിയിലെ ചെരണിയിലെ 'ഉഷസി'ല്‍ എത്തിയവരെ വരവേറ്റത്.ജനുവരി 30ന് മാഷിനു എണ്‍പത് തികഞ്ഞു.ടീച്ചറിന് എഴുപത്തിയെട്ടും.

വെറുതേ കടന്നുപോകുന്ന ഒരു പിറന്നാളിനെ ജീവിതത്തിന്റെ ഭാഗമാക്കുന്നതിനെ കുറിച്ചാലോചിച്ച് മഷെടുത്ത തീരുമാനം ആദ്യം പങ്ക് വെച്ചത് ടീച്ചറോട്.എന്നാല്‍ എന്റേതുകൂടി അങ്ങോട്ടു കൊടുത്തേക്കു എന്നായി പാര്‍വ്വതികുട്ടിടീച്ചര്‍.അങ്ങനെയെടുത്ത തീരുമാനപ്രകാരം വ്യാഴാഴ്ച്ച മഞ്ചേരി മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പലിന്റെ മുറിയിലെത്തി സമ്മതപത്രം കൈമാറി.

മങ്കട പുളിക്കല്‍പറമ്പ് എ.എം.എല്‍.പി സ്കൂളില്‍ 36 വര്‍ഷം അധ്യാപകനായിരുന്ന കൊച്ചുണ്ണി മാഷ് 30കൊല്ലവും ഒന്നാം ക്ലാസിലായിരുന്നു.മങ്കട വെള്ളില സ്കൂളിലും കാരകുന്ന് സ്കൂളിലും അധ്യാപികയായിരുന്നു പാര്‍വ്വതികുട്ടി ടീച്ചര്‍.
1970 ജൂണ്‍ പത്ത് ഒരു തിരുവാതിര ഞാറ്റുവേലയുടെ പകലിലാണ് മാഷ് പാര്‍വ്വതികുട്ടിയെ വിവാഹം കഴിച്ചത്.അധ്യാപനത്തോടൊപ്പം ബാല സാഹിത്യവും കുട്ടികള്‍ക്കുള്ള നാടകങ്ങളും രചിച്ചു.പുരോഗമന കലാസാഹിത്യസംഘത്തിലും സജീവമായിരുന്നു.കേരള സംഗീതനാടക അക്കാദമി ജില്ലാതലത്തില്‍ നടത്തിയ മത്സരത്തില്‍ കൊച്ചുണ്ണിമാഷിന്റെ മരീചിക എന്ന നാടകം മികച്ചതായി തെരഞ്ഞെടുത്തു.2011ല്‍ കുട്ടികള്‍ക്കായി 'കണികൊന്ന'എന്ന കവിതാസമാഹാരം പുറത്തിറക്കി.നേരും നേരംപോക്കുമെന്ന പേരില്‍ പുതിയ കാലത്തെ കടങ്കഥകള്‍ സമാഹരിച്ചുവരികയാണിപ്പോള്‍.
മങ്കട ഓണ്‍ലൈനില്‍ വി.എം.കൊച്ചുണ്ണിമാസ്റ്ററെ കുറിച്ച് മുമ്പ് പ്രസിദ്ധീകരിച്ചത്.

വി.എം.കൊച്ചുണ്ണിമാസ്റ്റര്‍
കവി,കഥാകൃത്ത്,നാടകരചയിതാവ്,സംവിധായകന്‍,ഗായകന്‍ എന്നീനിലകളിലും നീണ്ടകാലം അധ്യാപന ജീവിതത്തിലും തിളക്കമാര്‍ന്ന വ്യക്തിത്വത്തിനുടമയായ വി.എം.കൊച്ചുണ്ണിമാഷിനെ കാണാനായി അദ്ദേഹം ഇപ്പോള്‍ താമസ്സിക്കുന്ന മഞ്ചേരി ചെരണിയിലുള്ള വീട്ടിലേക്ക് പോകണമെന്ന് കരുതിയിരുന്ന സമയത്താണ് മങ്കടയിലുള്ള തറവാട്ടുവീട്ടിലെത്തിയത്.ഇതേ സമയം സഹോദരനും സംഗീത സംവിധായകനുമായ ദാമോദരന്‍ മാഷെ കാണാനായി ഞാന്‍ അവിടെയെത്തിയ സന്ദര്‍ഭമായിരുന്നു അത് . തേടിയവള്ളി കാലില്‍ ചുറ്റിയ സന്തോഷത്തേടെയാണ് മാഷോട് കാര്യങ്ങള്‍ സംസാരിച്ചത്.എന്റെ സന്തോഷം നിങ്ങളുമായി പങ്കു വെയ്ക്കട്ടെ.1934ജനുവരി 16നാണ് മാഷിന്റെ ജനനം.അച്ഛന്‍ ശ്രീ.ഗോവിന്ദനുണ്ണി നായര്‍ ,അമ്മ ശ്രീമതി മാധവിക്കുട്ടിയമ്മ.മാഷിനിപ്പോള്‍ എണ്‍പത് വയസ്സായി.1953ല്‍ അണ്‍ട്രെയിന്‍ഡ് അധ്യാപകനായും പിന്നീട് sslc എഴുതിയെടുത്ത് യോഗ്യതയോടെയും അധ്യാപകസേവനത്തിലേക്ക് കടന്നുവന്നു.പുളിക്കല്‍പറമ്പ എ.എം.എല്‍.പി സ്കൂളിലായിരുന്നു സേവനം.36കൊല്ലം അധ്യാപകനായ കൊച്ചുണ്ണി മാസ്റ്റര്‍ 33കൊല്ലവും ഒന്നാംക്ലാസ്സിലെ അധ്യാപകനായിരുന്നു എന്നത് ഏറെ സവിശേഷതയുള്ള ഒന്നായിരുന്നു.65 വയസ്സുള്ള ശിഷ്യന്‍മാര്‍ തനിക്കുണ്ടെന്ന് മാഷു പറയുമ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യസമ്പത്ത് എത്രയായിരിക്കുമെന്ന് ഊഹിക്കാവുന്നതെയുള്ളൂ.1989ല്‍ അധ്യാപകസേവനത്തില്‍ നിന്നും വിരമിച്ചു.”കണിക്കൊന്ന”എന്നപ്പേരില്‍ കുട്ടികളുടെ കവിതാസമാഹാരവും "മരീചിക” എന്ന നാടകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.1982ല്‍ മരീചികക്ക് കേരളാസംഗീതനാടക അക്കാദമിയുടെ മികച്ച നാടക സംവിധാനത്തിനുള്ള അവാര്‍ഡ് ലഭിച്ചു.
എട്ട് പ്രധാനനാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.ബാലസാഹിത്യത്തില്‍ ഏറെ ശ്രദ്ധകൊടുക്കുന്ന മാഷ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജില്ലയിലെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളാണ്.1970 മുതല്‍ മെമ്പറായ മാഷ് രണ്ട് വര്‍ഷം പരിഷത്തിന്റെ ജില്ലാസെക്രട്ടറിയായിരുന്നു.ഈ എണ്‍പതാം വയസ്സിലും വിശ്രമമില്ലാതെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഓടിനടക്കുന്ന മാഷിന്റെ നേതൃത്വത്തിലാണ് പരിഷത്ത് മുണ്ടേരി ജലസംരക്ഷണജാഥ നയിച്ചത്.വിദ്യാരംഗം സ്കൂള്‍ കലാസാഹിത്യവേദിയിലും സജീവമായ ഇദ്ദേഹം ഇപ്പോഴും സ്കൂളുകളില്‍ കുട്ടികളുമായി സംവദിക്കുന്നു.നാടന്‍പാട്ടുകള്‍ ചൊല്ലുന്നതിലും മാഷ് മുന്നില്‍തന്നെയുണ്ട്.
മങ്കടയുടെ ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ പറയാനറിയുന്ന മാഷിന് കോയ അധികാരിയേയും ഉണ്ണീന്‍ മുസ്ല്യാരെയും കുറിച്ച് പറയാനേറെ.വളരെയേറെ വ്യക്തിബന്ധം സൂക്ഷിച്ചിരുന്ന ഒരാളായിരുന്നു കോയഅധികാരിയെന്നും നോമ്പിന് പത്തിരിയും തരികഞ്ഞിയും കൃത്ത്യമായി ഒരുതവണ തറവാട്ടു വീട്ടില്‍ എത്തിക്കാറുണ്ടായിരുന്നെന്നും അതുപോലെ ഉത്രാടത്തിനു പായസമുള്‍പ്പെടെയുള്ള വിഭവങ്ങള്‍ അമ്മ കോയഅധികാരിക്കു നല്‍കാറുണ്ടായിരുന്നതും മാഷ് ഓര്‍മ്മിച്ചെടുത്തു.ഉണ്ണീന്‍ മുസ്ല്യാര്‍ വളരെ സൗമ്യനും പതുക്കെ എല്ലാകാര്യങ്ങളും ചോദിച്ചു മനസ്സിലാക്കിയിരുന്നതായും മാഷ് പറഞ്ഞു.മങ്കടയിലുണ്ടായിരുന്ന ചന്തകുളം മാഷിന്റെ മുത്തശ്ശനായിരുന്ന വയങ്കരമുണ്ടേക്കോട് കടുങ്ങുണ്ണിപണിക്കരാണ് നിര്‍മ്മിച്ചത്.ഇത്തരത്തിലുള്ള ഏഴ് കുളങ്ങള്‍ മങ്കടയുടെ സമീപഗ്രാമങ്ങളിലും അദ്ദേഹം സ്ഥാപിച്ചതായി പറയുന്നു.
സഹോദരന്‍ ശ്രീധരപണിക്കര്‍,കൊച്ചുണ്ണി മാസ്റ്റര്‍,മുഹമ്മദ് ഇഖ്ബാല്‍
മങ്കട കോവിലകത്തിലെ താവഴികളെ കുറിച്ച് നല്ല ധാരണകളുള്ള മാഷില്‍നിന്നും വളരെയേറെ വിവരങ്ങള്‍ ശേഖരിക്കാനായി.മങ്കട വായനശാലയുടെ അമരക്കാരിലൊരാളായ കൊച്ചുണ്ണിമാഷ് ഇപ്പോള്‍ താമസ്സിക്കുന്നത് മഞ്ചേരിയിലെ ചെരണിയിലാണ്.രണ്ട് ആണ്‍കുട്ടികള്‍.അനിലും സുനിലും.വിശ്രമജീവിതം വിശ്രമരഹിതമാക്കിയ വി.എം.കൊച്ചുണ്ണിമാഷിനോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ എന്റെ പുറത്തുതട്ടി ആശിര്‍വദിച്ചപ്പോള്‍ മനസ്സിലുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.പഴയ തലമുറയിലെ ഒരു അധ്യാപകന്റെ അംഗീകാരമായിരുന്നു അത്.

Tuesday 21 January 2014

ദേശാടനകിളികള്‍ മങ്കടയിലെത്തി

ദേശാടനകിളികള്‍ മങ്കടയിലെത്തി

കഴിഞ്ഞ ഏതാനും വര്‍ഷമായി കൃത്ത്യമായി മങ്കടയില്‍ എത്തികൊണ്ടിരിക്കുന്ന ദേശാടനകിളികള്‍ ഈ വര്‍ഷവും മങ്കടയിലെത്തി.

Wednesday 8 January 2014

e-ആത്മഹത്യ


മലപ്പുറം റവന്യൂജില്ലാകലോത്സവത്തില്‍ മലയാളം കവിതാരചനയില്‍ ഒന്നാം സ്ഥാനം ലഭിച്ച കവിത
നാദിയ.കെ(D/o ജമാല്‍ മങ്കട)
.സി.എച്ച് എസ്.എസ്.ശാന്തപുരം
മങ്കട ഓണ്‍ലൈനിന്റെ അഭിനന്ദനങ്ങള്‍


e-ആത്മഹത്യ

ഞാനാലോചിച്ചു-
ഒരു കഷ്ണം കയറിനെന്തുവരും?
അല്ലെങ്കിലൊരിത്തിരി
വിഷമായാലും മതി.
അടുക്കളയിലെ പിച്ചാത്തിയുടെ
മൂര്‍ച്ചമതിയാവും.
മണ്ണെണ്ണയായാലോ?-
ആശയകുഴപ്പം
ബട്ടണമര്‍ത്തിയാല്‍ തെളിയുന്ന സ്ക്രീനില്‍
ലോകത്തേക്കാള്‍ വിശാലമായ
ബന്ധ-ബന്ധനങ്ങള്‍
അലസമായി കയറിയിറങ്ങിയും
ചാറ്റിംഗില്‍കുളിച്ചും
ഫെയ്സ്ബുക്കില്‍ ഉറങ്ങിയും
ജീവിതം കെട്ടുകുടുങ്ങിയവന്ന്-
കീഴില്‍ തലതല്ലിയൊഴുകുന്ന
പാറക്കൂട്ടങ്ങളോടു കയര്‍ക്കുന്ന
കളകളാരവമുള്ള
ഏതെങ്കിലുംകുന്നിന്‍ചരിവ് മതിയല്ലോ.
തീരുമാനിച്ചാലോ-
ഇനി ഫ്രണ്ട്സിനയക്കാം
ഒരുപാട് ലൈക്കുകള്‍
നിമിഷനേരത്തിനകം
പെട്ടെന്നാണൊരു മെസേജ് വന്നത്
ഞാന്‍ അനങ്ങിയില്ല......?

Tuesday 7 January 2014

കാഴ്ചപ്പാട്


 കാഴ്ചപ്പാട്- ഒരു നിവേദനം


9447354397

മുഹമ്മദ് ഇഖ്ബാല്‍.പി
പറച്ചിക്കോട്ടില്‍ ഹൗസ്
മങ്കട .പി.

മാനേജര്‍,
മഹീന്ദ്ര സര്‍വീസ് സെന്റര്‍,
(.ടി.എല്‍ പ്രൈ.ലിമിറ്റഡ്).
തിരൂര്‍കാട്,മലപ്പുറം.
സര്‍,
എന്റെ സഹോദര പുത്രന്‍ റമീസ് റോഷന്‍.പി (s/oമുഹമ്മദ് അഷ്റഫ്,പറച്ചിക്കോട്ടില്‍,മങ്കട) എന്നകുട്ടി 2013 ജനുവരി 8 ചൊവ്വാഴ്ച്ച രാവിലെ ഒമ്പത് മണിയോടെ താങ്കളുടെ സ്ഥാപനത്തിനു മുമ്പില്‍ നടന്ന വാഹന അപകടത്തില്‍ മരണപ്പെട്ട വിവരം ഓര്‍മ്മയുണ്ടാവുമല്ലോ.ഇന്ന് (8/1/2014) അതിന്റെ ഒന്നാം വാര്‍ഷികമാണ്.എന്നെയും എന്റെ കുടുംബത്തേയും സംബന്ധിച്ചിടത്തോളം തീരാ ദു:ഖം അനുഭവപ്പെടുന്ന ദിവസങ്ങളാണിത്.ഈ അവസരത്തില്‍ താങ്കള്‍ ഇത്തരത്തിലുള്ള ഒരു കത്തെഴുതുന്നത് ഭാവിയിലെങ്കിലും ഒരപകടം അശ്രദ്ധമൂലം സംഭവിക്കാതിരിക്കാനാണ്.

2013 ല്‍ അപകടത്തിനുള്ള പ്രധാന കാരണം താങ്കളുടെ സ്ഥാപനത്തില്‍ നിന്നും അശ്രദ്ധമായി പുറത്തേക്കെടുത്ത മിനി മാക്സിമോ മഹീന്ദ്ര വാന്‍ നിയന്ത്രണാധീതമായി റോഡിലേക്ക് ഇറങ്ങുകയും റോഡിലുണ്ടായിരുന്ന ഒരു ബൈക്കില്‍ തട്ടുകയും അത് റമീസിന്റെ ബൈക്കിലിടിക്കുകയായിരുന്നു.മാത്രമല്ല ഈ വാന്‍ വികലാംഗര്‍ക്കായി മാറ്റം വരുത്തിയതു മായിരുന്നു.
ഇതൊക്കെ സൂചിപ്പിക്കാന്‍ കാരണം ആ വാഹനം പുറത്തേക്കെടുത്ത സമയത്ത് താങ്കളുടെ സ്റ്റാഫിലെ ആരെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കില്‍ അപകടം ഒരു പരിധിവരെയെങ്കിലും ഒഴിവാക്കമായിരുന്നു.
നഷ്ടപ്പെട്ടത് തിരികെ ലഭിക്കില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഞങ്ങള്‍ പരാതിയുമായി മുന്നോട്ടുപോയില്ല.പക്ഷേ പ്രാദേശികവാസികളുടെ പ്രതിഷേധം കാരണം നിങ്ങള്‍ക്ക് കുറെ ദിവസം സ്ഥാപനം അടച്ചിടേണ്ടി വന്നു.ഇനിയെങ്കിലും അപകടം സംഭവിക്കാതിരിക്കാന്‍ താങ്കളുടെയും സ്റ്റാഫിന്റെയും ശ്രദ്ധ ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു.എന്റെ സഹോദരപുത്രനു വേണ്ടി പ്രാര്‍ത്ഥികണമെന്നുകൂടി അപേക്ഷിക്കുന്നു.
വിശ്വാസപൂര്‍വ്വം
മുഹമ്മദ് ഇഖ്ബാല്‍.പി

അനുസ്മരണം:


അനുസ്മരണം:
റോഷന്‍ യാത്രയായിട്ട് ഒരു വര്‍ഷം തികയുന്നു.....



എന്റ സഹോദരന്‍ മങ്കടയിലെ പറച്ചിക്കോട്ടില്‍ അഷ്റഫിന്റെയും റുഖിയ്യായുടെയും മൂത്ത മകനായിരുന്ന റമീസ് റോഷന്‍ ഈ ലോകത്തോട് യാത്രപറഞ്ഞിട്ട് ഇന്നേക്ക് (08/01/2014) ഒരുവര്‍ഷം തികയുകയാണ്.വളരെ സൗമ്യമായി ഇടപ്പെടുകയും നല്ലൊരു സുഹൃത് ബന്ധം നിലനിര്‍ത്തുകയും മാനന്തവാടി ഗവ:എന്‍ജിനീയറിംഗ് കോളേജിലെ അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയുമായിരുന്ന റോഷനെ വിധി തട്ടിയെടുത്തത് പെട്ടന്നായിരുന്നു.08/01/2013 ചൊവ്വാഴ്ച രാവിലെ മലപ്പുറം-പെരിന്തല്‍മണ്ണ റോഡിലുള്ള പനങ്ങാങ്ങരയിലെ ഉമ്മ വീട്ടില്‍ ഉമ്മയെ കൊണ്ടുചെന്നാക്കി,തിരിച്ച് അമ്മാവന്റെ ചെറിയകുട്ടിയെ തിരൂര്‍കാടുള്ള അസ്ഹര്‍ ഇംഗ്ളീഷ് മീഡിയം സ്കൂളിലാക്കിയ ശേഷം വീട്ടിലേക്ക് തിരിച്ച റോഷനെ മഹീന്ദ്ര ഷോ റുമിന്റെ മുന്നില്‍ നിന്നും യാതൊരു മുന്നറീപ്പുമില്ലാതെ റോഡിലേക്ക് കുറുകെ വന്ന ഒരു വാന്‍ സമാന്തരമായി വന്ന ബൈക്കിനെ ഇടിച്ച് റോഷന്റെ ബൈക്കിലിടിക്കുകയായിരുന്നു.(ഈ വാന്‍ വികലാംഗര്‍ക്കായി മാറ്റം വരുത്തിയതും അശ്രദ്ധമായി പുറത്തേക്ക് എടുത്തതുമായിരുന്നു.) റോഷന്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ നമ്മെ വിട്ടു പിരിഞ്ഞു.



റോഷന്‍ എനിക്ക് സഹോദരപുത്രന്‍ മാത്രമായിരുന്നുവോ?എന്റെ കുടുബത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും സ്വഭാവഗുണംകൊണ്ടും പഠിക്കാനുള്ള കഴിവുകൊണ്ടും മാതൃകയായിരുന്നു.എന്റെ ജീവിതത്തില്‍ ഒരിക്കലും ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കാത്ത ദിനമാണ് 2013 ജനവരി 8ലെ ആ ചൊവ്വാഴ്ച്ച.രാവിലെ വീട്ടില്‍ നിന്നും പുറത്തിറങ്ങാനായി നില്‍ക്കുന്ന സമയത്ത് റോഷന്റെ ബൈക്കിന് ചെറുതായി അപകടം പറ്റീട്ടുണ്ട് ,ഒന്ന് അങ്ങാടിയിലേക്ക് വരാമോ എന്നു ചോദിച്ച് സുഹൃത്തിന്റെ വിളി,തൊട്ടു പിറകേ മങ്കടയിലെ രണ്ടുകുട്ടികള്‍ ബൈക്കില്‍ വന്ന് വേഗം വരണം എന്നു പറഞ്ഞു.അപ്പോഴും മരണം എന്ന അവസ്ഥ മുന്നിലുണ്ടായിരുന്നില്ല.ഞാനും സഹോദരനും ബൈക്കില്‍ പെരിന്തല്‍മണ്ണയിലേക്ക് പോകുമ്പോള്‍ തീരൂര്‍ക്കാട് അപകടസ്ഥലം ജന നിബിഡമായിരുന്നു.റോഷന്റെ ബൈക്ക് സമീപത്തെന്നും കാണാതായപ്പോള്‍ അപകടം ഇതായിരിക്കില്ല എന്ന ആശ്വാസത്തില്‍ പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയുടെ മോര്‍ച്ചറിക്ക് സമീപത്തായി ബൈക്ക് നിര്‍ത്തിയപ്പോള്‍,കുടുംബത്തിലുള്ള സമദ് പറച്ചിക്കോട്ടില്‍ ഇങ്ങോട്ടു വാ എന്നു പറഞ്ഞ് മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയത് ഇപ്പോഴും ഉള്‍കിടിലത്തോടുകൂടി മാത്രമേ ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ......പീന്നിടുള്ള കാര്യങ്ങള്‍ ഞാന്‍ രേഖപ്പെടുത്തുന്നില്ല.
 റോഷനെ സ്നേഹിച്ച നൂറുകണക്കിനു വ്യക്തികള്‍.അവന്റെ സഹപാഠികള്‍,അധ്യാപകര്‍,അവന്റെ നിഴല്‍പോലെ ഒപ്പമുണ്ടായിരുന്നവര്‍ …..ഇന്നും റോസിന്റെ (ഞാന്‍ വിളിക്കുന്ന പേര്) ഫോട്ടോകള്‍ കാണുമ്പോള്‍ നെഞ്ചിലുണ്ടാകുന്ന നീറ്റല്‍.....മറക്കാനാവുന്നില്ല.......എന്റെ നൊമ്പരങ്ങള്‍ ഈ വാക്കുകളിലൂടെയെങ്കിലും പ്രകടിപ്പിക്കട്ടെ.എന്റെ റോസിനു ദൈവം എല്ലാ അനുഗ്രഹങ്ങളും നല്കട്ടെ.നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയുണ്ടാവുമെന്ന വിശ്വാസത്തോടെ …...റോഷന് സ്മരണാഞ്ജലി അര്‍പ്പിക്കുന്നു.


ഇഖ്ബാല്‍ മങ്കട
മങ്കട ഓണ്‍ലൈന്‍





Sunday 5 January 2014

അബ്ദുറഹ്മാന്‍ എന്ന പ്രതിഭ


അബ്ദുറഹ്മാന്‍ എന്ന പ്രതിഭ
  പത്താം ക്ലാസ്സില്‍ തോറ്റപ്പോള്‍ അബ്ദുവിനെ കുറിച്ച് വീട്ടുകാര്‍ സങ്കടപ്പെട്ടു. കൂലിപ്പണിക്ക് പോയിത്തുടങ്ങിയ പയ്യന് അത് തന്നെയാണ് പറ്റിയ പണിയെന്ന് നാട്ടുകാരും തീര്‍പ്പാക്കി. നാടും വീടും പക്ഷെ, തിരുത്തേണ്ടിവന്നു. പഠിച്ച് റാങ്ക് വരെ നേടിയ അബ്ദു അധികം വൈകാതെ കോളേജ് അധ്യാപകനുമായി.തിരൂരങ്ങാടി പി.എസ്.എം.. കോളേജില്‍ ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് എ. അബ്ദുറഹ്മാന്‍. 1998 ലാണ് അബ്ദു പത്താംക്ലാസ് പരീക്ഷയെഴുതിയത്. 600ല്‍ 160 മാര്‍ക്കാണ് കിട്ടിയത്. പത്തില്‍ പൊട്ടിയതോടെ കല്ല് കടത്താനും മറ്റും പോയി. ചുമലില്‍ ഭാരം വന്നപ്പോഴാണ് പഠനത്തിന്റെ 'പ്രാധാന്യം' തിരിച്ചറിഞ്ഞത്.
അടുത്തവര്‍ഷം സെക്കന്‍ഡ് ക്ലാസോടെ പത്ത് കടന്നു. ശാന്തപുരം ഇസ്‌ലാമിയ കോളേജിലായിരുന്നു പ്രീഡിഗ്രി. ചേന്ദമംഗലൂര്‍ ഇസ്‌ലാഹിയ കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ ചരിത്രത്തില്‍ ബിരുദം പൂര്‍ത്തിയാക്കി. കളിയാക്കിയ നാട്ടുകാര്‍ തന്നെ അന്ന് ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ അബ്ദുറഹ്മാന് സ്വീകരണം നല്‍കി.
കാലിക്കറ്റ് സര്‍വകലാശാല പഠന വകുപ്പില്‍ നിന്നാണ് ചരിത്രത്തില്‍ എം.. നേടിയത്. തളിപ്പറമ്പ് കോളേജില്‍ ബി.എഡ്. ബിരുദവും ചെയ്തു. മങ്കട കടന്നമണ്ണയിലെ ആലങ്ങാടന്‍ മുഹമ്മദിന്റെയും (കുഞ്ഞാപ്പ) ഖദീജയുടെയും അഞ്ച് മക്കളില്‍ നാലാമനാണ് അബ്ദുറഹ്മാന്‍. നസ്‌റിന്‍ കൂറുമത്താണ് ഭാര്യ. ആദില്‍ റഹ്മാനാണ് മകന്‍.

Saturday 4 January 2014