flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Friday, 20 February 2015

keralamthodi


കേരളാംതൊടി കുഞ്ഞുമൊയ്തിഹാജി
നൂറുവസന്തങ്ങള്‍ പിന്നിട്ട മങ്കടയുടെ കാരണവര്‍
 മങ്കടയിലെ ഏറ്റവുംതലമുതിര്‍ന്നപൗരനെ കാണാന്‍ ആഗ്രഹിച്ചിട്ട് കാലമേറെയായിരുന്നു.മങ്കടയുടെ ചരിത്രം രേഖപ്പെടുത്തുന്ന സുവനീര്‍ പുറത്തിറക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായികുഞ്ഞുമൊയ്തിഹാജിയുടെ പേരമകന്‍ റിയാസ്.കെ.ടിയുടെ സഹായത്തോടെ കഴിഞ്ഞദിവസം ആ ആഗ്രഹം സഫലീകരിച്ചു.എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് പ്രതീക്ഷിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമായി പൂര്‍ണ്ണ ആരോഗ്യവാനായ ഒരു കാരണവരെയാണ് വീടിന്റെ പൂമുഖത്ത് കാണാനായത്.സംസാരത്തിലോ കേള്‍വിശക്തിയിലോ കാഴ്ചയിലോ കാര്യമായ പ്രശ്നങ്ങളില്ലാത്ത,ആധുനിക ജീവിതരീതിയുടെ കൂടപിറപ്പായ പ്രഷര്‍,ഷുഗര്‍.കൊളസ്ട്രോള്‍ തുടങ്ങിയ അസുഖങ്ങള്‍ ഒന്നും തന്നെ ലവലേശം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു സാധാരണക്കാരനെ ഏറെ അത്ഭുതത്തോടെയാണ് ഞാന്‍ നോക്കിനിന്നത്.പിന്നീട് വന്ന കാര്യം പറഞ്ഞു ലഭ്യമായ വിവരങ്ങള്‍ ശേഖരിച്ചു.തികച്ചും ഒരു കര്‍ഷനായതിനാല്‍ കൂടുതലും കാര്‍ഷിക മേഖലയും ജീവിതരീതിയുമായിരുന്നു അന്വേഷിച്ചറിഞ്ഞത്.കേരളാംതൊടി മൊയ്തിയുടെയുംപാത്തുമ്മയുടെയും രണ്ടാമത്തെ മകനായാണ് ജനനം.പാത്തുമ്മക്കുട്ടി,കുഞ്ഞിമൊയ്തു,കുഞ്ഞിപ്പോക്കര്‍,കദീസ, ആയിശ എന്നിവരായിരുന്നു പിതാവിന്റെ മക്കള്‍.

പൊതുവെ കാര്‍ഷിക കുടുംബമായിരുന്നതിനാല്‍ ചെറുപ്പത്തിലെ കൃഷിപണിയില്‍ പിതാവിനെ സഹായിക്കുകയായിരുന്നു.ആ കാലത്ത് ആര്യന്‍,വെള്ളരി,തെക്കന്‍ചീര എന്നീ നെല്‍വിത്തുകളായിരുന്നു മങ്കടയില്‍ കൃഷിക്കായി ഉപയോഗിച്ചിരുന്നത്.ദേവസ്വം ഭൂമിയിലാണ് കൃഷിചെയ്തിരുന്നത്.പന്ത്രണ്ട് കൊല്ലത്തേക്ക് ആയിരം രൂപയ്ക്ക് കാളംചാര്‍ത്തലായിരുന്നു പതിവ്.പാട്ടം സാധാരണയായി നൂറ് പറയായിരുന്നു.കന്നിയില്‍ അറുപത് പറയും മകരത്തില്‍ നാല്പത് പറയുമായിരുന്നു പാട്ടം പിരിച്ചിരുന്നത്.സ്ത്രീകള്‍ക്ക് രണ്ടുപറയും പുരുഷന്‍മാര്‍ക്ക് മൂന്നുപറയും നെല്ലാണ് കൂലിയായി നല്കിയിരുന്നത്.മങ്കടയിലെ ഇപ്പോഴത്തെ ഗ്രൗണ്ട് കാളപ്പൂട്ടു കണ്ടമായിരുന്നു.അക്കാലത്തെ മുസ്ലീം കല്ല്യാണങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത ഒന്നായിരുന്നു കല്ല്യാണപ്പാട്ടുകള്‍.ചങ്ങണത്തില്‍ കുഞ്ഞിമുഹമ്മദ്,മമ്മദ് മന്തേടത്ത്,നാടികുയ്യന്‍ കുഞ്ഞയമ്മു എന്നിവരൊക്കെ പ്രസിദ്ധരായിരുന്ന കല്ല്യാണപ്പാട്ടുക്കാരായിരുന്നു.കോയാധികാരി എല്ലാവരെയും ഒരുപോലെ കണ്ടിരുന്നുവെന്നും ഉയര്‍ ഉദ്യോഗസ്ഥന്‍മാരുമായി വളരെ അടുപ്പമുള്ള ഒരാളുമായിരുന്നു.

1921ലെ മലബാര്‍ കലാപത്തില്‍ മങ്കടയിലെ കോരിയാട്ടില്‍ കഞ്ഞിമൊയ്തു വെള്ളപട്ടാളക്കാരുടെ വെടിയേറ്റു മരിച്ചത് മുതിര്‍ന്നവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്.അമ്പലത്തിന്റെആലിന്‍ത്തറയില്‍ കാവല്‍ നിന്നിരുന്ന വെള്ളപട്ടാളം ഞാറക്കാട്ടിലെ ഹരിജനങ്ങള്‍ ഇല്ലിക്കോല്‍ വെട്ടാനായി മടവാള്‍ മൂര്‍ച്ചകൂട്ടുന്ന ശബ്ദം കേട്ടു മാപ്പിളകലാപകാരികളാണെന്നതിന്റെ അടിസ്ഥാനത്തില്‍ മുന്നോട്ട് മാര്‍ച്ച്ചെയ്യുകയും വീടിന്റെ മുന്‍വശത്ത് ഇരിക്കുകയായിരുന്നകോരിയാട്ടില്‍ കുഞ്ഞിമൊയ്തു കോവിലകം നല്കിയ പാസ് എടുത്തുകാണിക്കും മുമ്പെ പട്ടാളക്കാരന്റെ വെടിയേറ്റു മരിക്കുകയും ചെയ്തു.ഇതിനെ തുടര്‍ന്ന് സമുദായ നേതാക്കള്‍ കോവിലകത്തെത്തി തമ്പുരാനെ പരാതി അറീക്കുകയും തമ്പുരാന്‍ മലപ്പുറത്തുപോ യി വെള്ള പട്ടാളത്തെ പിന്‍ വലിപ്പിക്കുകയും ചെയ്തു.പിന്നീടാണ് ഗൂര്‍ഖാപട്ടാളം മങ്കടകോവിലകത്തിന്റെ കാവലിനായി നിയോഗിക്കപ്പെടുന്നത്.




 കേരളാംതൊടി കുഞ്ഞുമൊയ്തിഹാജി കുഞ്ഞാത്തുമ്മ ദമ്പതികള്‍ക്ക് ഏഴുമക്കളുണ്ട്.മൂന്ന് ആണും നാലു പെണ്ണും. മുഹമ്മദ്, മൊയ്തി, ഹംസ,യൂസുഫ്,മറിയ,പാത്തുമ്മ,നഫീസ.ഇപ്പോള്‍ മുപ്പത്തിമൂന്ന് പേരക്കുട്ടികളും അവര്‍ക്ക് അറുപത്തിനാലു മക്കളുമുണ്ട്.പേരക്കുട്ടികളുടെ പേരകുട്ടികള്‍ പതിമൂന്നാണ്.



കുഞ്ഞുമൊയ്തിഹാജി മക്കളോടൊപ്പം കേരളാംതൊടി വീട്ടില്‍ സുഖമായി കഴിയുന്നു.

Thursday, 19 February 2015

old

മങ്കടയിലെ പഴയതലമുറ

നെല്ലേങ്ങര മരക്കാരുക്കുട്ടി ഹാജി


ഒരു ഗ്രാമമുഖ്യനുവേണ്ട ഗുണങ്ങള്‍ ആവശ്യത്തിലേറെയുള്ള ഒരാളായിരുന്നു നെല്ലേങ്ങര മരക്കാരുക്കുട്ടി ഹാജി.നാടിന്റെ പ്രശ്നങ്ങള്‍,നാട്ടിലെ നിയമങ്ങള്‍,സമ്പ്രദായങ്ങള്‍,ആചാരങ്ങള്‍ ,ജനങ്ങളുടെ ആവശ്യങ്ങള്‍,അഭിലാഷങ്ങള്‍ എന്നിവയെ സംബന്ധിച്ചെല്ലാം അറിവും അവ കൈകാര്യം ചെയ്യുന്നതില്‍ അസാധാരണമായ പാടവവുമുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം.ഇത് അദ്ദേഹത്തെ നല്ലൊരു നാട്ടു മധ്യസ്ഥനാക്കി.പല സിവില്‍,കൃമിനല്‍ പ്രശ്നങ്ങളും ഒത്തുതീര്‍പ്പാക്കുന്നതില്‍ സജീവമായി ഇടപ്പെട്ടു.നല്ല സംഘാടകന്‍ കൂടിയായതിനാല്‍ നിരവധി സാമൂഹ്യപ്രശ്നങ്ങളിലും ഇടപ്പെടാനായിരുന്നു.മങ്കട-പട്ടിക്കാട് റോഡിന്റെ സ്ഥലമെടുപ്പ് അനായാസരകരമായി തീര്‍ത്തത്തതില്‍ മരക്കാരുക്കുട്ടി ഹാജിയുടെ പങ്ക് വളരെ വലുതായിരുന്നു. വലുതായിരുന്നു.നായാട്ട്കാളപ്പൂട്ട്,കോല്‍ക്കളി,അറബനമുട്ട് തുടങ്ങിയ വിനോദങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു ഹാജി.ചേരിയം യു.പി സ്ക്കൂള്‍ 1938ല്‍ സ്ഥാപിതമായപ്പോള്‍ ,സ്കൂളിന് സ്വന്തം കെട്ടിടം ആവശ്യമായ സന്ദര്‍ഭം വന്നപ്പോള്‍ സൗജന്യമായി സ്ഥലം നല്കി മാതൃകകാണിക്കാനായി.കര്‍ഷകബന്ധബില്ല് കേരളാനിയമസഭയില്‍ പാസ്സാക്കി നിയമമായപ്പോള്‍ വളരെയധികം ഗുണം ലഭിച്ച വ്യക്തികളില്‍ ഒരാളായിരുന്നു ഇദ്ദേഹം.അതുകൊണ്ടു തന്നെ പൊതുകാര്യങ്ങള്‍ക്കു അതില്‍നിന്നും ഭൂമി വിട്ടുകൊടുക്കാന്‍ മരക്കാരുക്കുട്ടി ഹാജി പ്രത്യേകം ശ്രദ്ധിച്ചിരുന്നു.1957 വരെ ഇന്ത്യനാഷണല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായി ഉണ്ണീന്‍ മൗലവി,നാരായണയ്യര്‍,എന്‍.കെ.വെള്ളോടി,കെ.വേലായുധന്‍ നായര്‍ എന്നിവരോടൊത്ത് പ്രവര്‍ത്തിച്ചു.1962 ല്‍ പഞ്ചായത്തിലേക്ക് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ചു.

കമ്മാലി മുസ്ല്യാര്‍-പണ്ഡിത ശ്രേഷ്ടനായ വൈദ്യന്‍

തയ്യില്‍ കമ്മാലി മുസ്ല്യാര്‍ ഒരു പണ്ഡിതന്‍മാത്രമായിരുന്നില്ല ,അദ്ദേഹം പ്രശസ്തനായ ഒരു വൈദ്യനുംകൂടിയായിരുന്നു.നാനാജാതി മതസ്ഥര്‍ക്കും പ്രിയങ്കരനായിരുന്ന അദ്ദേഹം വലിയൊരു ശിഷ്യസമ്പത്തിന്റെ ഉടമകൂടിയായിരുന്നു.ആലുവാക്കടുത്തുള്ള കുഴിയേലപ്പടിയില്‍ വര്‍ഷങ്ങളോളം പള്ളിയിലെ ഖത്തീബായി(പ്രധാനപുരോഹിതന്‍) പ്രവര്‍ത്തിച്ചു.അറുപതുകളുടെ ആദ്യത്തില്‍ മങ്കടയിലെ പ്രധാനപുരോഹിതനായി.1974 ഫെബ്രുവരി 16 ന് നിര്യാതനാകുന്നതുവരെ ആ സ്ഥാനത്ത് തുടര്‍ന്നും.അരബിയിലും അറബിമലയാളത്തിലുമായി നല്ലൊരു ഗ്രന്ഥശേഖരത്തിനുടമയായിരുന്നു.ഇദ്ദേഹത്തിന്റെ പിതാവ് തയ്യില്‍ കുഞ്ഞഹമ്മദ് മങ്കട അധികാരിയായിരുന്നു.ആ സ്ഥാന പിന്നീട് രാജിവെയ്ക്കുകയും തുടര്‍ന്ന കേരളാംതൊടി കോയ അധികാരിയാവുകയും ചെയ്തു.

പറച്ചിക്കോട്ടില്‍ അബ്ദുള്ള മാസ്റ്റര്‍


അബ്ദുള്ള മാസ്റ്റര്‍
 പറച്ചിക്കോട്ടില്‍ വീരാന്‍ക്കുട്ടിയുടെയും തേവര്‍തൊടി കുഞ്ഞീരുമ്മയുടെയും മകനായി 1921ലാണ്പറച്ചിക്കോട്ടില്‍ അബ്ദുള്ള മാസ്റ്റര്‍ ജനിച്ചത്.ഒരു കര്‍ഷക കുടുംബത്തിലാണ് ജനിച്ചതെങ്കിലുംവിദ്യാഭ്യാസത്തില്‍ തല്‍പ്പരനായിരുന്നതിനാല്‍ എസ്.എസ്.എല്‍.സി യും അധ്യാപക പരിശീലനവും പൂര്‍ത്തിയാക്കി കൂട്ടില്‍ യു.പി സ്കൂള്‍ അധ്യാപകനായി.അധികം താമസിയാതെ പ്രധാന അധ്യാപനാവുകയും ചെയ്തു.മങ്കട അനാഥശാല,ജുമാമസ്ജിദ് എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.


പറച്ചിക്കോട്ടില്‍ മുഹമ്മദാജി എന്ന കുഞ്ഞാക്ക

മുഹമ്മദാജി
വൈദ്യശാസ്ത്രം ഇത്രയൊന്നും പുരോഗമിക്കാതിരുന്ന കാലത്ത് ഒടിവ്,ചതവ് തുടങ്ങി അപകടങ്ങള്‍ സംഭവിച്ചാല്‍ നാട്ടുക്കാര്‍ ആദ്യം തേടിയെത്തിയിരുന്നത് പറച്ചിക്കോട്ടില്‍ മുഹമ്മദാജി എന്ന കുഞ്ഞാക്കയുടെ അടുത്തായിരുന്നു.പറച്ചിക്കോടന്‍ എന്ന പേരില്‍ ഈ അസ്ഥിരോഗ വിദഗ്ദന്‍നാട്ടിലും പരിസര പ്രദേശങ്ങളിലും ഒരുപോലെ അറിയപ്പെട്ടു.നല്ലൊരു കര്‍ഷകന്‍കൂടിയായിരുന്ന ഇദ്ദേഹം പാടത്തും പറമ്പത്തും ചേറിലും ചെളിയിലുമായിരിക്കുമ്പോഴായിരിക്കും ചിലപ്പോള്‍ രോഗികളുമായി ആളുകള്‍ എത്തിയിരുന്നത്.ഒട്ടും മുഷിപ്പുകൂടാതെ ശരീരം വൃത്തിയാക്കി തന്റെതായ പരിചരണമുറിയിലേക്ക് ഉടനെയെത്തിയിരുന്ന കുഞ്ഞികാക്കയെ ഇപ്പോഴത്തെ തലമുറയിലുള്ളവര്‍ക്കു തന്നെ നന്നായി ഓര്‍മ്മിക്കാനാകുന്നു.എക്സറെ,സ്കാനിങ്ങ് എന്നിവയൊക്കെ അത്ര പരിചിതമല്ലാത്ത ആളുകളോട് രണ്ട് കോഴിമുട്ട കൊണ്ടുവരാന്‍ ഏര്‍പ്പാക്കിയ ശേഷം പൊട്ടിയ എല്ലുകള്‍ ശരിയാക്കി വെച്ച് ചുറ്റുഭാഗവും മുളയുടെ ചെറിയ കഷ്ണങ്ങള്‍വെച്ച്,അതിനു മുകളിലൂടെ മുട്ടയുടെ വെള്ളക്കരുവും മുറു തുടങ്ങിയ മരുന്നുകള്‍ ചേര്‍ത്തുണ്ടാക്കിയ ലായനിയില്‍ മുക്കിയ തുണികൊണ്ടു ചുറ്റി പ്ലാസ്റ്റര്‍ ചെയ്യുന്നു.വാര്‍ത്താവിനിമയ രംഗം മങ്കടയില്‍ പുരോഗതി പ്രാപിച്ചിട്ടില്ലാതിരുന്ന കാലത്ത് നോമ്പും പെരുന്നാളും ഉരപ്പിക്കാന്‍ മാസം കണ്ടവിവരം അന്വേഷിക്കാന്‍ ഇദ്ദേഹത്തെയാണ് മുസ്ലീം കാരണവന്‍മാര്‍ നിയോഗിച്ചിരുന്നത്.സൈക്കിളില്‍ കിലോമീറ്ററുകള്‍ താണ്ടി വിവരംശേഖരിച്ചെത്തുന്ന കുഞ്ഞിക്കാക്കയുടെരൂപം ഇപ്പോഴും ഓര്‍ത്തെടുക്കാന്‍ കഴിയുന്നവര്‍ ധാരാളം.


പൂന്തോട്ടത്തില്‍ അഹമ്മദ്കോയ

ഉണ്ണീന്‍ മൗലവി,കോയ അധികാരി,ആലങ്ങാടന്‍ അയമു സാഹിബ് സമകാലീനനായിരുന്നുപൂന്തോട്ടത്തില്‍ അഹമ്മദ്കോയ.ബഹുഭാഷാ പണ്ഢിതനും പ്രാസംഗികനും എഴുത്തുക്കാരനും കവിയുമായിരുന്നു ഇദ്ദേഹം.പഴമക്കാരുടെ നാവില്‍തത്തികളിക്കുന്ന പലപാട്ടുകളും പൂന്തോട്ടത്തില്‍ അഹമ്മദ്കോയയുടെതായിരുന്നു.നെല്ലേങ്ങര മരക്കാരുക്കുട്ടിഹാജി പലപ്പോഴും ഇദ്ദേത്തിന്റെ പാട്ടുകള്‍ ചൊല്ലാറുണ്ടായിരുന്നു.പി..ഖാജ എന്നതൂലികാ നാമത്തില്‍ ഒട്ടേറെ ലഘുലേഖകള്‍ എഴുതാറുണ്ടായിരുന്നു.ആദ്യമായി മങ്കടയില്‍ ഒരു മദ്രസസ്ഥാപിച്ചത് കോയാസാഹിബയിരുന്നു.ആലങ്ങാടന്‍ അയമുസാഹിബിന്റെ മകനായിരുന്ന ആലങ്ങാടന്‍ സൈതാലിഹാജി താമസ്സിക്കുന്ന വീടായിരുന്നു ആദ്യത്തെ മദ്രസ.അതുകൊണ്ടുതന്നെ പഴമക്കാര്‍ ഇപ്പേഴും ആ വിടിനെ മദ്രസ എന്നാണ് വിളിക്കുന്നത്.നാട്ടിലും പരിസര പ്രദേശങ്ങളിലും പ്രാഥമിക വിദ്യാലയങ്ങള്‍സ്ഥാപിക്കുന്നതിനും മുന്‍പിലായിരുന്നു അദ്ദേഹം.മഞ്ചേരിയിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മകനായി ജനിച്ച അദ്ദേഹത്തിന് ഭാര്യയോ മക്കളോ ഉണ്ടായിരുന്നില്ല.മങ്കട അങ്ങാടിയില്‍ അയമുസാഹിബിന്റെ വീടിനോട് ചേര്‍ന്നുള്ള നമസ്കാരപ്പുരയിലായിരുന്നു താമസിച്ചിരുന്നത്.ജീവിതത്തിന്റെ വസന്തക്കാലം മുഴുവനും ഒരു നാടിന്റെ മത സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിക്കായി പ്രവര്‍ത്തിച് പൂന്തോട്ടത്തില്‍ അഹമ്മദ്കോയ അവസാനകാലഘട്ടം കോലാറിലാണ് കഴിച്ചുക്കൂട്ടിയത്.1937 ലാണ് മരിച്ചത്.