flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Monday, 23 March 2015

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവും


മങ്കടയുടെ ചരിത്രവും വര്‍ത്തമാനവും പുറത്തിറങ്ങി
 മങ്കടയുടെ ആധികാരിക ചരിത്രരേഖ"മങ്കടയുടെ ചരിത്രവും വര്‍ത്തമാനവും ”സുവനീറായി പ്രസിദ്ധീകരിച്ചു.

സുവനീര്‍ പ്രകാശനം:ശ്രീ.മഞ്ഞളാംക്കുഴി അലി(ബഹു.നഗരവികസന വകുപ്പ് മന്ത്രി)


ബഹു.നഗരവികസന വകുപ്പ് മന്ത്രി ശ്രീ.അലി മഞ്ഞളാംക്കുഴിയാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.
വള്ളുവനാടിന്റെ സിരാകേന്ദ്രമായ മങ്കട,സാമൂഹ്യ-സാംസ്കാരികമേഖലയില്‍ വളരെയധികം സംഭാവനകള്‍ നല്കിയ പ്രദേശത്തിന്റെ ചരിത്രവും വര്‍ത്തമാനവും ആധികാരികമായി രേഖപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുടെ ആദ്യത്തെ മുന്നേറ്റമായിത് വിലയിരുത്തപ്പെടുന്നു.
ചരിത്രപഠനം ഭൂതക്കാലത്തെക്കുറിച്ചുള്ള പഠനമാണെന്ന വ്യാഖ്യാനം ഏറെകുറെ തിരസ്കരിക്കപ്പെട്ട കാലത്തുകൂടിയാണു നാം പോകുന്നത്.മുഖ്യധാരാ ചരിത്രരചനകളില്‍ പ്രാദേശിക ചരിത്രത്തിന് വേണ്ടത്ര ഇടം കിട്ടാതെ പോകുന്ന അവസ്ഥയാണ് ഇന്നുള്ളത്.നമ്മുടെ പ്രദേശത്തെ പൂര്‍വ്വികരുടെ സംഭാവനകള്‍,ദേശത്തിന്റെ പൈതൃകം,നാടിനെ പുരോഗതിയിലേക്കു നയിച്ച മുന്നേറ്റങ്ങള്‍,നേതൃത്വം നല്കിയ വ്യക്തികള്‍ തുടങ്ങിയവരെക്കുറിച്ച് പഠിക്കാനും വര്‍ത്തമാനകാല സാഹചര്യങ്ങളുമായി അവയെ ബന്ധപ്പെടുത്തി വ്യാഖ്യാനിക്കാനും പ്രാദേശിക ചരിത്രം അവസരം നല്കുന്നു.

ചീഫ് എഡിറ്റര്‍ക്കുള്ള മൊമന്റോ അഡ്വ.കെ.വി സലാഹുദ്ധീനില്‍ ഇഖ്ബാല്‍ ഏറ്റുവാങ്ങുന്നു
 സമൂഹത്തിലെ ഓരോ വിഭാഗങ്ങളും വ്യത്യസ്ത കാരണങ്ങള്‍കൊണ്ടാണെങ്കിലും തങ്ങളുടെ ഭൂതകാലം ചികഞ്ഞുകൊണ്ടിരിക്കുന്ന ഒരു സവിശേഷ സാഹചര്യമാണ് ഇന്നുള്ളത്.മങ്കടയുടെ പ്രാദേശിക ചരിത്രം രേഖപ്പെടുത്തുന്നതില്‍ മുമ്പേനടന്നുപോയവരെ സ്മരിക്കാതിരിക്കാനാവില്ല.പ്രൊ.അബ്ദുല്‍ അസീസ് മൗലവി,ഹാജി മുഹമ്മദ് കപ്പൂര്‍,പൊതുവച്ചോല അഹമ്മദ്ക്കുട്ടി മാസ്റ്റര്‍,അഹമ്മദലി മാസ്റ്റര്‍,ഇപ്പോള്‍ ജീവിച്ചിരിക്കുന്ന കുഞ്ഞാന്‍ മാസ്റ്റര്‍ ,രാമചന്ദ്രന്‍ മാസ്റ്റര്‍...തുടങ്ങിയവരുടെ ഇടപ്പെടലുകള്‍ ചരിത്രത്തെ അടുത്തതലമുറയിലേക്ക് പാകപ്പെടുത്തുന്നതില്‍ ഊര്‍ജ്ജദായകമാണ്.
മങ്കടയുടെ ലഭ്യമായചരിത്രംപുതുതലമുറയിലെ വിദ്യാര്‍ത്ഥികള്‍ ,പ്രവാസികള്‍,ചരിത്രത്തെ വായിക്കാനും മനസ്സിലാക്കാനും ഇഷ്ടപ്പെടുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കായി ഡിജിറ്റലൈസ് ചെയ്ത് മങ്കട ഓണ്‍ലൈന്‍ (www.mankadaonline.blogspot.in)എന്നപേരില്‍ ഒരു ബ്ലോഗ് പ്രവര്‍ത്തിച്ചു തുടങ്ങിട്ട് ഒന്നരവര്‍ഷത്തോളമായി.
ഈ ഘട്ടത്തിലാണ് മങ്കട ഗവ:എല്‍.പി സ്കൂളിന്റെ നൂറ്റിയെട്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി "മങ്കടയുടെ ചരിത്രവും വര്‍ത്തമാനവും ” ഒരു സുവനീറായി പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്. .കോഴിക്കാട് സര്‍വ്വകലാശാലയിലെ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറും മങ്കടക്കാരനുമായ ഡോ.ശിവദാസിന്റെ സഹായംകൂടിയായപ്പോള്‍ ഈ സംരംഭം വിജയിപ്പിക്കാനവുമെന്ന ആത്മവിശ്വാസമുണ്ടായി.

സുവനീര്‍ പരിചയപ്പെടുത്തല്‍ : ചീഫ് എഡിറ്റര്‍
 മാര്‍ച്ച് ഒന്നിന് മങ്കടയില്‍ നടന്ന ചരിത്ര സെമിനാറില്‍ ചരിത്ര പണ്ഡിതരും, ഗവേഷകരും ,ചരിത്രവിദ്യാര്‍ത്ഥികളുമടങ്ങുന്ന ഒരു സദസ്സില്‍ ഡോ.വിജയലക്ഷ്മി(ചരിത്ര വിഭാഗം മുന്‍ മേധാവി എന്‍.എസ്.എസ് കോളേജ് മഞ്ചേരി), ഡോ.ശിവദാസ്(കോഴിക്കാട് സര്‍വ്വകലാശാലയിലെ ചരിത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍),എസ്.രാജേന്ദു(ചരിത്ര ഗവേഷകന്‍),സമദ്മങ്കട,ഭവ്യമോള്‍,റിയാസ് കെ.പി,അനില്‍ മങ്കട,ഗോപാലന്‍ പടുവില്‍ തുടങ്ങിയവര്‍ മങ്കടയുടെ വിവിധ മേഖലകളെ സ്പര്‍ശിക്കുന്ന പേപ്പറുകള്‍ അവതരിപ്പിച്ചു.

തുടര്‍ന്ന് വിവരശേഖരണത്തിന്റെ നാളുകള്‍.ലഭ്യാമായ വിവരങ്ങളെ ചിട്ടായി അടുക്കി ഒരു സുവനീറിന്റെ ചിട്ടവട്ടത്തിനുമപ്പുറം ഒരു ചരിത്ര ഗ്രന്ഥമായി അവതരപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഫലം കാണാനായി.

സുവനീറിലൂടെ കടന്നുപോകുമ്പോള്‍ ചില രേഖപ്പെടുത്തലുകള്‍ നിര്‍ബന്ധമായും സൂചിപ്പിക്കപ്പെടേണ്ടതുണ്ട്.
മലബാര്‍ കലാപകാലഘട്ടത്തിലെ മങ്കട എന്ന പഠനത്തിലൂടെ മങ്കടയെക്കുറിച്ച് ഇന്നുവരെ ആരും രേഖപ്പെടുത്താതെപോയ മങ്കടയുടെ ചരിത്രം നമ്മുടെ മുന്നിലേക്ക് എത്തിക്കുകയാണ് ഡോ.ശിവദാസ്.മങ്കട ദേശം ആദിമവിഭാഗങ്ങളും സ്വരൂപസൂചകങ്ങളും എന്ന ലേഖനത്തിലൂടെ മങ്കടയുടെ ആദിമചരിത്രം രേഖപ്പെടുത്തുകയാണ് എസ്.രാജേന്ദു എന്ന വള്ളുവനാടിന്റെ ചരിത്രകാരന്‍.മങ്കടയുടെ ചരിത്രപരമായ ഭൂമിശാസ്ത്രം(ഭവ്യമോള്‍) ,മങ്കടയുടെകലാലോകങ്ങള്‍(അനില്‍ മങ്കട),കായികമേഖലയും മങ്കടയും (സുരേന്ദ്രന്‍ .കെ),വള്ളുവനാടന്‍ സ്വാതന്ത്ര്യ സമരത്തില്‍ മങ്കടയുടെ സാന്നിധ്യം(സമദ് മങ്കട),മങ്കടയുടെ സാസ്കാരിക വിദ്യാഭ്യാസ വളര്‍ച്ച(റിയാസ് കെ.പി),ജാതിവ്യാപനം മങ്കടയില്‍(ഗോപാലന്‍ പടുവില്‍),മങ്കടയിലെ വര്‍ത്തമാനകാല പ്രതിഭകള്‍(ഇഖ്ബാല്‍ മങ്കട)തുടങ്ങിയവരുടെ ലേഖനങ്ങള്‍ സുവനീറിന്റെ മാറ്റുക്കൂട്ടുന്നു.

പ്രൊഫസര്‍ അബ്ദുല്‍ അസീസ് മൗലവിയുടെ മങ്കടയുടെ ചരിത്രം,ഹാജി മുഹമമദ് കപ്പൂര്‍ രേഖപ്പെടുത്തിയ വള്ളുവനാടിന്റെ അറിയപ്പെട്ട ചരിത്രത്തിലേക്കൊരു എത്തിനോട്ടം,പൊതുവച്ചോല അഹമ്മദ്ക്കുട്ടി മാഷിന്റെ ഖിലാഫത്ത് സ്മരണകള്‍,അഹമ്മദലി മാസ്റ്ററുടെ മങ്കട പുരോഗതിയുടെ പാതയില്‍ എന്നീലേഖനങ്ങള്‍ മങ്കടയോട് യാത്ര പറഞ്ഞപോയവരുടെ സ്നേഹമുദ്രയായി സുവനീറിലുണ്ട്.ഒപ്പം ഇന്നും നമ്മോടൊപ്പമുള്ള ശ്രീ രാമചന്ദ്രന്‍ മാഷിന്റെ ചരിത്രം നാട്ടറിവിലൂടെ എന്നലേഖനവും ഉള്‍പ്പെടുത്തിയിരിക്കുന്നു.മങ്കടയുടെ ചരിത്രത്തില്‍ മായത്ത കയൊപ്പ് ചാര്‍ത്തിയ കോയ അധികാരി,ഉണ്ണീന്‍മൗലവി,മങ്കട രവിവര്‍മ്മ,ഹംസ തയ്യില്‍ എന്നിവരുടെ ദീപ്തമായ ഓര്‍മ്മകള്‍ അവരുടെ നേട്ടങ്ങള്‍ രേഖപ്പെടുത്തുനതിലൂടെ ഈ സുവനീറിന്റെ മികച്ച താളുകളാകുന്നു.

നൂറ്റിയെട്ടുവര്‍ഷത്തെ പൈതൃകംപേറുന്ന മങ്കട ജി.എല്‍.പി.എസിന്റെ മികച്ച നേട്ടങ്ങള്‍ പ്രധാന അധ്യാപികയായശ്രീമതി രമടീച്ചറുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ മാതൃകാ വിദ്യാലയമാക്കിമാറ്റിയ ചരിത്രവും രേഖപ്പെടുത്തുന്നു.ഖിലാഫത്തുക്കാലഘട്ടങ്ങളില്‍ ചരിത്രത്തിലിടം പിടിക്കാതെ പോയ പതിനഞ്ചു രക്തസാക്ഷികള്‍ മങ്കടയിലുണ്ടന്നത് ഒരു പുതിയ ചരിത്രമായി രേഖപ്പെടുത്തുന്നു.
പത്രാധിപ സമിതി
മുഹമ്മദ് ഇഖ്ബാല്‍.പി (ചീഫ് എഡിറ്റര്‍)
മുസ്തഫ.എം,ഗോപാലന്‍.പി,അശോകന്‍.സി,ഉമര്‍തയ്യില്‍,റഹ്മത്തുള്ള .പി, സമദ് മങ്കട,റിയാസ് .കെ.ടി,സുരേന്ദ്രന്‍.കെ,ഫരീദ.ടി,അനില്‍ മങ്കട,ഗോപാലന്‍പടുവില്‍
ഉപദേശക സമിതി
അബ്ദുല്‍കരീം.ടി,ഹമീദ്.ടി, അബ്ദുള്‍ഹമീദ്.എം,സമദ് പറച്ചിക്കോട്ടില്‍, ഡോ.സിജിന്‍, ശശീന്ദ്രന്‍.ടി.കെ, ഫിറോസ്.ടി, ഇബ്രാഹിംമാസ്റ്റര്‍,മാമ്പറ്റ രത്നകുമാര്‍,അബ്ദുറഹ് മാന്‍ ആലങ്ങാടന്‍

ഇത് കേവലം ഒരു സുവനീറല്ല.ഒരു നാടിന്റെ ചരിത്ര രേഖയാണ്. ഓരോവീട്ടിലും അടുത്ത തലമുറക്കായി സൂക്ഷിച്ചു വെയ്ക്കേണ്ട ഈ ചരിത്രസൂക്ഷിപ്പ് ആവശ്യമുള്ളവര്‍ക്ക് മങ്കട എല്‍.പി സ്കൂളുമായി ബന്ധപ്പെടാവുന്നതാണ്

Sunday, 1 March 2015

seminar


മങ്കടയുടെ ചരിത്രവും വര്‍ത്തമാനവും
       ചരിത്രസെമിനാര്‍ നടത്തി

മങ്കട: മങ്കട ജി എല്‍ പിസ്‌കൂളിന്റെ 108 ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ മങ്കടയുടെ ആധികാരിക ചരിത്രം സുവനീറായി പുറത്തിറക്കുന്നതിന്റെ ഭാഗമായി മങ്കടയുടെ ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ ചരിത്ര സെമിനാര്‍ നടത്തി.

മഞ്ചേരി എന്‍ എസ്‌ എസ്‌ കോളേജ്‌ മുന്‍ ചരിത്രവിഭാഗം മേധാവി ഡോ എം വിജയലക്ഷ്‌മി ഉദ്‌ഘാടനം ചെയ്‌തു .മലബാര്‍ കാലത്തെ മങ്കട കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റി യിലെ അസോ പ്രഫസര്‍ ഡോ പി ശിവദാസന്‍, ചരിത്ര ഭൂമിശാസ്‌ത്രം ഭവ്യമോള്‍ , വള്ളുവകാലത്തെ മങ്കട ചരിത്രകാരന്‍ എസ്‌ രാജേന്ദു ,സ്വാതന്ത്ര്യ സമരത്തിലെ വള്ളുവനാടന്‍ സാന്നിദ്ധ്യം സമദ്‌ മങ്കട, വിദ്യാഭ്യാസ സാംസ്‌കാരിക നവോത്ഥാന വളര്‍ച്ച മങ്കടയില്‍ റിയാസ്‌ കെ .ടി. മങ്കടയിലെ ജാതീയതയും വംശീയതയും എന്ന വിഷയത്തില്‍ ഗോപാലന്‍ പടുവില്‍ മങ്കടയുടെ കലാലോകങ്ങള്‍ എന്ന വിഷയത്തില്‍ അനില്‍മങ്കടയും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു പി ടി എ പ്രസിഡന്റ്‌ സി അശോകന്‍, സ്വാഗതം പറഞ്ഞു ,പി മുഹമ്മദ്‌ ഇഖ്‌ബാല്‍(സുവനീര്‍ കമ്മിറ്റി) മോഡറേറ്ററായി. സുവനീര്‍ കണ്‍വീനര്‍ ടി ഫരീദ നന്ദി പറഞ്ഞു