flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Friday 31 January 2014

ജന്മദിനത്തില്‍ നാടിനൊരു സമ്മാനം മരണാനന്തരം ഭൗതികശരീരം വിദ്യാര്‍ത്ഥികള്‍ക്ക്


ജന്മദിനത്തില്‍ നാടിനൊരു സമ്മാനം
മരണാനന്തരം ഭൗതികശരീരം വിദ്യാര്‍ത്ഥികള്‍ക്ക്


മരണാനന്തരം ഭൗതികശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായി നല്കാനുള്ള തീരുമാനമറിയിച്ചാണ് പ്രശസ്ത ബാലസാഹിത്യക്കാരന്‍ മങ്കടയിലെ വി.എം കൊച്ചുണ്ണിമാസ്റ്ററും ഭാര്യ പാര്‍വ്വതിക്കുട്ടിയും മഞ്ചേരിയിലെ ചെരണിയിലെ 'ഉഷസി'ല്‍ എത്തിയവരെ വരവേറ്റത്.ജനുവരി 30ന് മാഷിനു എണ്‍പത് തികഞ്ഞു.ടീച്ചറിന് എഴുപത്തിയെട്ടും.

വെറുതേ കടന്നുപോകുന്ന ഒരു പിറന്നാളിനെ ജീവിതത്തിന്റെ ഭാഗമാക്കുന്നതിനെ കുറിച്ചാലോചിച്ച് മഷെടുത്ത തീരുമാനം ആദ്യം പങ്ക് വെച്ചത് ടീച്ചറോട്.എന്നാല്‍ എന്റേതുകൂടി അങ്ങോട്ടു കൊടുത്തേക്കു എന്നായി പാര്‍വ്വതികുട്ടിടീച്ചര്‍.അങ്ങനെയെടുത്ത തീരുമാനപ്രകാരം വ്യാഴാഴ്ച്ച മഞ്ചേരി മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പലിന്റെ മുറിയിലെത്തി സമ്മതപത്രം കൈമാറി.

മങ്കട പുളിക്കല്‍പറമ്പ് എ.എം.എല്‍.പി സ്കൂളില്‍ 36 വര്‍ഷം അധ്യാപകനായിരുന്ന കൊച്ചുണ്ണി മാഷ് 30കൊല്ലവും ഒന്നാം ക്ലാസിലായിരുന്നു.മങ്കട വെള്ളില സ്കൂളിലും കാരകുന്ന് സ്കൂളിലും അധ്യാപികയായിരുന്നു പാര്‍വ്വതികുട്ടി ടീച്ചര്‍.
1970 ജൂണ്‍ പത്ത് ഒരു തിരുവാതിര ഞാറ്റുവേലയുടെ പകലിലാണ് മാഷ് പാര്‍വ്വതികുട്ടിയെ വിവാഹം കഴിച്ചത്.അധ്യാപനത്തോടൊപ്പം ബാല സാഹിത്യവും കുട്ടികള്‍ക്കുള്ള നാടകങ്ങളും രചിച്ചു.പുരോഗമന കലാസാഹിത്യസംഘത്തിലും സജീവമായിരുന്നു.കേരള സംഗീതനാടക അക്കാദമി ജില്ലാതലത്തില്‍ നടത്തിയ മത്സരത്തില്‍ കൊച്ചുണ്ണിമാഷിന്റെ മരീചിക എന്ന നാടകം മികച്ചതായി തെരഞ്ഞെടുത്തു.2011ല്‍ കുട്ടികള്‍ക്കായി 'കണികൊന്ന'എന്ന കവിതാസമാഹാരം പുറത്തിറക്കി.നേരും നേരംപോക്കുമെന്ന പേരില്‍ പുതിയ കാലത്തെ കടങ്കഥകള്‍ സമാഹരിച്ചുവരികയാണിപ്പോള്‍.
മങ്കട ഓണ്‍ലൈനില്‍ വി.എം.കൊച്ചുണ്ണിമാസ്റ്ററെ കുറിച്ച് മുമ്പ് പ്രസിദ്ധീകരിച്ചത്.

വി.എം.കൊച്ചുണ്ണിമാസ്റ്റര്‍
കവി,കഥാകൃത്ത്,നാടകരചയിതാവ്,സംവിധായകന്‍,ഗായകന്‍ എന്നീനിലകളിലും നീണ്ടകാലം അധ്യാപന ജീവിതത്തിലും തിളക്കമാര്‍ന്ന വ്യക്തിത്വത്തിനുടമയായ വി.എം.കൊച്ചുണ്ണിമാഷിനെ കാണാനായി അദ്ദേഹം ഇപ്പോള്‍ താമസ്സിക്കുന്ന മഞ്ചേരി ചെരണിയിലുള്ള വീട്ടിലേക്ക് പോകണമെന്ന് കരുതിയിരുന്ന സമയത്താണ് മങ്കടയിലുള്ള തറവാട്ടുവീട്ടിലെത്തിയത്.ഇതേ സമയം സഹോദരനും സംഗീത സംവിധായകനുമായ ദാമോദരന്‍ മാഷെ കാണാനായി ഞാന്‍ അവിടെയെത്തിയ സന്ദര്‍ഭമായിരുന്നു അത് . തേടിയവള്ളി കാലില്‍ ചുറ്റിയ സന്തോഷത്തേടെയാണ് മാഷോട് കാര്യങ്ങള്‍ സംസാരിച്ചത്.എന്റെ സന്തോഷം നിങ്ങളുമായി പങ്കു വെയ്ക്കട്ടെ.1934ജനുവരി 16നാണ് മാഷിന്റെ ജനനം.അച്ഛന്‍ ശ്രീ.ഗോവിന്ദനുണ്ണി നായര്‍ ,അമ്മ ശ്രീമതി മാധവിക്കുട്ടിയമ്മ.മാഷിനിപ്പോള്‍ എണ്‍പത് വയസ്സായി.1953ല്‍ അണ്‍ട്രെയിന്‍ഡ് അധ്യാപകനായും പിന്നീട് sslc എഴുതിയെടുത്ത് യോഗ്യതയോടെയും അധ്യാപകസേവനത്തിലേക്ക് കടന്നുവന്നു.പുളിക്കല്‍പറമ്പ എ.എം.എല്‍.പി സ്കൂളിലായിരുന്നു സേവനം.36കൊല്ലം അധ്യാപകനായ കൊച്ചുണ്ണി മാസ്റ്റര്‍ 33കൊല്ലവും ഒന്നാംക്ലാസ്സിലെ അധ്യാപകനായിരുന്നു എന്നത് ഏറെ സവിശേഷതയുള്ള ഒന്നായിരുന്നു.65 വയസ്സുള്ള ശിഷ്യന്‍മാര്‍ തനിക്കുണ്ടെന്ന് മാഷു പറയുമ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യസമ്പത്ത് എത്രയായിരിക്കുമെന്ന് ഊഹിക്കാവുന്നതെയുള്ളൂ.1989ല്‍ അധ്യാപകസേവനത്തില്‍ നിന്നും വിരമിച്ചു.”കണിക്കൊന്ന”എന്നപ്പേരില്‍ കുട്ടികളുടെ കവിതാസമാഹാരവും "മരീചിക” എന്ന നാടകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.1982ല്‍ മരീചികക്ക് കേരളാസംഗീതനാടക അക്കാദമിയുടെ മികച്ച നാടക സംവിധാനത്തിനുള്ള അവാര്‍ഡ് ലഭിച്ചു.
എട്ട് പ്രധാനനാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.ബാലസാഹിത്യത്തില്‍ ഏറെ ശ്രദ്ധകൊടുക്കുന്ന മാഷ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജില്ലയിലെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളാണ്.1970 മുതല്‍ മെമ്പറായ മാഷ് രണ്ട് വര്‍ഷം പരിഷത്തിന്റെ ജില്ലാസെക്രട്ടറിയായിരുന്നു.ഈ എണ്‍പതാം വയസ്സിലും വിശ്രമമില്ലാതെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഓടിനടക്കുന്ന മാഷിന്റെ നേതൃത്വത്തിലാണ് പരിഷത്ത് മുണ്ടേരി ജലസംരക്ഷണജാഥ നയിച്ചത്.വിദ്യാരംഗം സ്കൂള്‍ കലാസാഹിത്യവേദിയിലും സജീവമായ ഇദ്ദേഹം ഇപ്പോഴും സ്കൂളുകളില്‍ കുട്ടികളുമായി സംവദിക്കുന്നു.നാടന്‍പാട്ടുകള്‍ ചൊല്ലുന്നതിലും മാഷ് മുന്നില്‍തന്നെയുണ്ട്.
മങ്കടയുടെ ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ പറയാനറിയുന്ന മാഷിന് കോയ അധികാരിയേയും ഉണ്ണീന്‍ മുസ്ല്യാരെയും കുറിച്ച് പറയാനേറെ.വളരെയേറെ വ്യക്തിബന്ധം സൂക്ഷിച്ചിരുന്ന ഒരാളായിരുന്നു കോയഅധികാരിയെന്നും നോമ്പിന് പത്തിരിയും തരികഞ്ഞിയും കൃത്ത്യമായി ഒരുതവണ തറവാട്ടു വീട്ടില്‍ എത്തിക്കാറുണ്ടായിരുന്നെന്നും അതുപോലെ ഉത്രാടത്തിനു പായസമുള്‍പ്പെടെയുള്ള വിഭവങ്ങള്‍ അമ്മ കോയഅധികാരിക്കു നല്‍കാറുണ്ടായിരുന്നതും മാഷ് ഓര്‍മ്മിച്ചെടുത്തു.ഉണ്ണീന്‍ മുസ്ല്യാര്‍ വളരെ സൗമ്യനും പതുക്കെ എല്ലാകാര്യങ്ങളും ചോദിച്ചു മനസ്സിലാക്കിയിരുന്നതായും മാഷ് പറഞ്ഞു.മങ്കടയിലുണ്ടായിരുന്ന ചന്തകുളം മാഷിന്റെ മുത്തശ്ശനായിരുന്ന വയങ്കരമുണ്ടേക്കോട് കടുങ്ങുണ്ണിപണിക്കരാണ് നിര്‍മ്മിച്ചത്.ഇത്തരത്തിലുള്ള ഏഴ് കുളങ്ങള്‍ മങ്കടയുടെ സമീപഗ്രാമങ്ങളിലും അദ്ദേഹം സ്ഥാപിച്ചതായി പറയുന്നു.
സഹോദരന്‍ ശ്രീധരപണിക്കര്‍,കൊച്ചുണ്ണി മാസ്റ്റര്‍,മുഹമ്മദ് ഇഖ്ബാല്‍
മങ്കട കോവിലകത്തിലെ താവഴികളെ കുറിച്ച് നല്ല ധാരണകളുള്ള മാഷില്‍നിന്നും വളരെയേറെ വിവരങ്ങള്‍ ശേഖരിക്കാനായി.മങ്കട വായനശാലയുടെ അമരക്കാരിലൊരാളായ കൊച്ചുണ്ണിമാഷ് ഇപ്പോള്‍ താമസ്സിക്കുന്നത് മഞ്ചേരിയിലെ ചെരണിയിലാണ്.രണ്ട് ആണ്‍കുട്ടികള്‍.അനിലും സുനിലും.വിശ്രമജീവിതം വിശ്രമരഹിതമാക്കിയ വി.എം.കൊച്ചുണ്ണിമാഷിനോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ എന്റെ പുറത്തുതട്ടി ആശിര്‍വദിച്ചപ്പോള്‍ മനസ്സിലുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.പഴയ തലമുറയിലെ ഒരു അധ്യാപകന്റെ അംഗീകാരമായിരുന്നു അത്.

No comments:

Post a Comment