flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Friday 15 May 2015

നന്തനാര്‍


നന്തനാര്‍ അനുസ്മരണം



ഇന്നത്തെ സായാഹ്നം എന്നെ സംബന്ധിച്ചിടത്തോളം ഏറെ പ്രിയപ്പെട്ടതായിരുന്നു.മഞ്ചേരിയില്‍ നടക്കുന്ന അധ്യാപക പരിശീലനം കഴിഞ്ഞ് നേരെപോയത് അങ്ങാടിപ്പുറത്തെ നന്തനാര്‍ എന്ന പ്രശസ്ത സാഹിത്യക്കാരന്റെ വീട്ടിലേക്കായിരുന്നു.വള്ളുവനാടന്‍ സാംസ്കാരികവേദി എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മ ഒരുക്കിയ നന്തനാര്‍ അനുസ്മരണ വേദിയിലേക്കായിരുന്നു ക്ഷണം.ഒരു സഹൃദയനായി നന്തനാരെക്കുറിച്ചുള്ള വാക്കുകള്‍ കേള്‍ക്കാനായി പോയ എനിക്ക് ആ വേദി വൈകാരികമായ ഒരു അന്തരീക്ഷമായാണ് അനുഭവപ്പെട്ടത്.ഒരിക്കല്‍ വൈലാലില്‍ ബേപ്പൂര്‍ സുല്‍ത്താന്റെ അനുസ്മരണത്തില്‍ തികച്ചും ഒരു കേള്‍വിക്കാരാനായി നിന്നപ്പോള്‍ ആ വീടിനേയും ബഷീര്‍ ശേഷിപ്പുകളേയും സാക്ഷിനിര്‍ത്തി അദ്ദേഹത്തിന്റെ ഓരോ സ്പന്ദനങ്ങളും വീണ്ടും ഓര്‍മ്മപ്പെടുത്തുന്ന അവസരത്തിലുണ്ടായ അനുഭൂതിയായിരുന്നു എനിക്കിവിടെയും അനുഭവപ്പെട്ടത്.നന്ദനാരുടെ അടയാളപ്പെടുത്തലുകളുംവായനാനുഭവങ്ങളും പങ്കുവെയ്ക്കാനായി വാസുദേവന്‍ സര്‍,ഡോ.വിജയകൃഷ്ണന്‍,റഹ് മാന്‍ കിടങ്ങയം തുടങ്ങി യുവകവികളും കഥകാരന്‍മാരും സഹൃദയരുമായി കുറേപേരുണ്ടായിരുന്നു.അതിനുമപ്പുറം നന്തനാരുടെ രണ്ടുമക്കളുടെ സാന്നിധ്യമായിരുന്നു ചടങ്ങിന് മാറ്റുകൂട്ടിയത്.നന്ദനാര്‍ കാലയവനികയിലേക്ക് മടങ്ങീട്ട് നാല്പത്തൊന്നു വര്‍ഷം കഴിഞ്ഞു.അര്‍ഹിക്കുന്ന അംഗീകരങ്ങളൊന്നും പൂര്‍ണ്ണമായും നാടോ ഭരണകൂടമോ നല്കീട്ടില്ല.അദ്ദേഹത്തെ ശരിയായ വിധത്തില്‍ വായിക്കാന്‍പോലും യുവസമൂഹത്തിനോ സ്വന്തം നാട്ടുക്കാര്‍ക്കോ അവസരവില്ലാതായികൊണ്ടിരിക്കുന്ന കാലത്താണ് വള്ളുവനാടന്‍ സാംസ്കാരികവേദി ഇത്തരമൊരു ഉദ്ദ്യമവുമായി ഇറങ്ങിതിരിച്ചിരിക്കുന്നത്.ഈ വേദിയില്‍ ചുരുങ്ങിയ വാക്കുകളിലായി എന്റെ മനസ്സില്‍ തോന്നിയത് പറഞ്ഞുവെച്ചു.അതിലൊന്ന് പക്ഷങ്ങള്‍ പിടിക്കാനോ പക്ഷങ്ങളില്‍ ഉള്‍പ്പെടാനോ കഴിയാതെ പോയതുകൊണ്ടാകാം നന്തനാര്‍ എന്ന സാഹിത്യക്കാരന്‍ മുഖ്യധാരാ സാഹിത്യക്കാരന്‍മാരുടെ പട്ടികയില്‍ ഇടംപിടിക്കാതെ കേവലം ഒരു പട്ടാളകഥാകാരനായി മാറ്റപ്പെട്ടതെന്നായിരുന്നു എന്റെ നിരീക്ഷണം.രണ്ടാമതായി പറഞ്ഞത് മൊയിതീന്‍ എന്ന സഹായിയെ കഥാപാത്രമാക്കുന്നതിലൂടെയും മാബാര്‍കലാപകാലഘട്ടത്തെപോലെയുള്ള ചരിത്ര സന്ദര്‍ഭങ്ങള്‍ സൃഷ്ടികളില്‍ വരികയും ഒരു കാലഘട്ടത്തിന്റെ പച്ചയായ ചിത്രം ആവിഷ്കരിക്കുകയും ചെയ്യുമ്പോള്‍ അത് ഒരു പ്രദേശത്തെ അടയാളപ്പെടുത്തലാണെന്നും അതുകൊണ്ടുതന്നെ ഒരു സാമൂഹ്യശാസ്ത്ര അധ്യാപകന്റെ കണ്ണിലൂടെ ഇതൊരു പ്രാദേശികചരിത്രകൈമാറ്റമാണെന്നുമായിരുന്നു എനിക്കു പറയാനുണ്ടായിരുന്നത്.ഈ പ്രാദേശികചരിത്രം അടുത്തതലമുറക്കായി കരുതിവെയ്ക്കുന്നതില്‍ നന്തനാര്‍കൃതികള്‍ക്കായി .എന്തായാലും രണ്ടുമണിക്കൂര്‍ സമയം ഒരു പ്രദേശത്തിന്റെ കഥാകാരന്റെ ഓര്‍മ്മയില്‍ ചിലവഴിക്കാനായത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി രേഖപ്പെടുത്തട്ടെ.നന്തനാരുടെ സൃഷ്ടികള്‍ വായനക്കാരിലെത്തുന്നതിനും അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനും അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തും സഹൃദയസമൂഹവും ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടക്കാലം അതിക്രമച്ചിരിക്കുന്നു.വള്ളുവനാടന്‍ സാംസ്കാരികവേദി എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മക്കും അതിനും നേതൃത്വംകൊടുക്കുന്ന നിഷാദിനെപ്പോലെയുള്ള സുഹൃത്തകള്‍ക്കും അഭിനന്ദനങ്ങള്‍.



നാം മറക്കരുതാത്ത നന്തനാര്‍
(കടപ്പാട്:വള്ളുവനാടന്‍ സാംസ്കാരിക വേദി)
കാലം ഒരു പാട് കടന്നു പോയി. സാഹിത്യരംഗത്ത്‌ പലരും പിറന്നാളാഘോഷിച്ചു. സിനിമാരംഗത്ത്‌ മരിച്ചു പോയ പ്രതിഭകളെ നാം ഓര്‍ത്തു. പക്ഷെ, പൊളളുന്ന ജീവിതം മലയാള സാഹിത്യത്തില്‍ കോരിയൊഴിച്ച ഒരാളെ കുറിച്ചു മാത്രം ആരും ഒന്നും പറഞ്ഞു കണ്ടില്ല. `അനുഭവങ്ങള്‍' അക്ഷരങ്ങളില്‍ അഗ്നിജ്വാലകളാക്കിയ ഈ എഴുത്തുകാരന്‍ മരിച്ചത്‌- അല്ലെങ്കില്‍ സ്വയം അവസാനിപ്പിച്ചത്‌ ഏപ്രില്‍ 24 നായിരുന്നു. നാല്‍പ്പതു വര്‍ഷം മുമ്പ്‌ 1974ല്‍.നന്തനാര്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ട പി.സി. ഗോപാലന്‍, മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്തു പൂരപ്പറമ്പില്‍ ചെങ്ങരയില്‍ 1926 ജനുവരി 5നാണ്‌ ജനിച്ചത്‌.
ഏഴു നോവലുകളും ഒരു നാടകവും പതിനൊന്ന്‌ കഥാസമാഹാരങ്ങളുമാണ്‌ അദ്ദേഹത്തിന്റെതായി നമുക്ക്‌ ലഭിച്ചത്‌.
വിശപ്പിന്റെ വിളി എന്തെന്നറിയണമെങ്കില്‍ ഇന്നും നന്തനാര്‍ കൃതികള്‍ വായിക്കണം. മനുഷ്യന്റെ ഒറ്റപ്പെടല്‍, വിശപ്പ്‌, ഇതൊല്ലാം വായനക്കാരനു അനുഭവിച്ചറിയാനാകുന്നു ഈ കാഥികന്‍റെ വാക്കുകളില്‍.
പട്ടാളകാഥികനെന്ന്‌ വിളിച്ച്‌ ഒതുക്കി നിര്‍ത്താന്‍ ശ്രമമുണ്ടായപ്പോളും നന്തനാര്‍ എഴുതി വിശക്കുന്നവന്റെ, ആലംബമില്ലാത്തവന്റെ, ഒറ്റപ്പെട്ടുപോകുന്ന ആത്മാക്കളുടെ കഥകള്‍.....
പലതും സ്വന്തം അനുഭങ്ങള്‍ തന്നെയായിരുന്നു.പഠിക്കാന്‍ സമര്‍ഥനായിരുന്നെങ്കിലും സാമ്പത്തിക പരാധീനതമൂലം ഇടയ്‌ക്കുവച്ച്‌ പഠനത്തിനു വിരാമമിടേണ്ടിവന്നു.
1942ല്‍ സൈന്യത്തില്‍. `അനുഭവങ്ങള്‍' എന്ന ആത്മകഥാ സ്‌പര്‍ശമുള്ള നോവലില്‍ ഇതെല്ലാം പച്ചയായി വരുന്നുണ്ട്‌.
സിഗ്‌നല്‍ വിഭാഗത്തിലായിരുന്നു ആദ്യനിയമനം. മ്യാന്‍മാര്‍, ഇന്തോനേഷ്യ എന്നിവിടങ്ങളില്‍ സേവനമനുഷ്‌ഠിച്ചു. 1964ല്‍ പട്ടാളത്തില്‍ നിന്നും വിരമിച്ച്‌ മൈസൂറില്‍ എന്‍.സി.സി. ഇന്‍സ്‌ട്രക്‌റ്ററായി. 1967മുതല്‍ 1974ല്‍ മരിക്കും വരെ എഫ്‌..സി.ടി.യില്‍ പബ്‌ളിസിറ്റി വിഭാഗത്തിലായിരുന്നു ജോലി.
കണ്ണു നനയ്‌ക്കുന്ന ബാല സഹിത്യവും നന്തനാരുടേതായിട്ടുണ്ട്‌.
മലയാളിക്കു മറക്കാനാവാത്ത ഉണ്ണിക്കുട്ടന്‍ പരമ്പര ബാലസാഹിത്യ കൃതികളാണ്‌.ബാല്യം മുതല്‍ താന്‍ അനുഭവിച്ചറിഞ്ഞ കഷ്‌ടപ്പാടുകള്‍ കഥയില്‍ അവതരിപ്പിച്ചിട്ടുള്ള നന്തനാരുടെ കഥാപാത്രങ്ങള്‍ പാവപ്പെട്ടവരും സാധാരണക്കാരും മണ്ണിന്റെ മണവും പ്രകൃതിയുടെ കനിവും അറിഞ്ഞ ഹൃദയ നൈര്‍മല്യവുമുള്ളവരുമാണ്‌.
ടോള്‍സ്റ്റോയിയുടെ സുപ്രസിദ്ധങ്ങളായ കൊസ്സാക്ക്‌ കഥകളാണ്‌ നന്തനാര്‍കൃതികള്‍ ഓര്‍മിപ്പിക്കുന്നതെന്ന്‌ എന്‍. വി. കൃഷ്‌ണവാര്യര്‍ നിരീക്ഷിച്ചിട്ടുണ്ട്‌. മൊയ്‌തീന്‍ ആണ്‌ ആദ്യത്തെ കഥ.
ജീവിതദുഃഖങ്ങളിലെല്ലാം നിഴല്‍പോലെ കൂടെയുണ്ടായിരുന്ന മൊയ്‌തീന്‍ എന്ന കഥാപാത്രം ഇതിലെ കേന്ദ്രബിന്ദുവാണ്‌.
1963
ല്‍ പ്രസിദ്ധീകരിച്ച 'ആത്‌മാവിന്‍റെ നോവുകള്‍' എന്ന നോവല്‍ പട്ടാളക്യാമ്പുകളിലെ പച്ചയായ ജീവിതം തുറന്നിടുന്നു. ആ കാലഘട്ടത്തിലെ പട്ടാളജീവിതത്തിന്‍റെ ദുരിതങ്ങളും കടുത്തചിട്ടവട്ടങ്ങളും വായനക്കാരന്‌ വല്ലാത്തൊരു അനുഭവമാണ്‌ സമ്മാനിക്കുക. പട്ടാള ബാരക്കുകള്‍ക്കുള്ളിലെ വേവും ചൂടും വിയര്‍പ്പന്റെ ഗന്ധവും ഓരോ താളുകളിലും നിറയുന്നു. ആത്‌മാവിന്റെ നോവുകള്‍ ഇംഗ്‌ളീഷിലും ഹിന്ദിയിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ചെറുകഥകളും വിവിധ ഭാഷകളില്‍ ഭാഷാന്തരം ചെയ്‌തിട്ടുണ്ട്‌. ആത്‌മാവിന്റെ നോവുകള്‍ക്ക്‌ 1963ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌ ലഭിച്ചു. നന്തനാരുടെ യഥാര്‍ഥ ജീവിതകഥയേയും കഥാസന്ദര്‍ഭങ്ങളെയും കോര്‍ത്തിണക്കി എം.ജി. ശശി സംവിധാനം ചെയ്‌ത ചലച്ചിത്രമാണ്‌ സംസ്‌ഥാന പുരസ്‌കാരം നേടിയ 'അടയാളങ്ങള്‍'.ദാരിദ്ര്യമായിരുന്നു എന്നും. കൊടിയ ദാരിദ്ര്യത്തിന്‍റേയും കഷ്‌ടപ്പാടുകളുടേതുമായിരുന്നു ബാല്യവും മുഴുജീവിതവും. ഗതിയില്ലാതെ പതിനാറാം വയസ്സില്‍ പട്ടാളത്തില്‍ ചേരുകയായിരുന്നു. ഇരുപത്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം സേവനം അവസാനിപ്പിച്ച്‌ ഫാക്‌റ്റിലെ ജീവനക്കാരനായി. 1974ല്‍ സ്വയം ജീവിതമവസാനിപ്പിച്ചു. നന്തനാരെന്ന എഴുത്തുകാരനെ ഇപ്പോഴും അറിയാന്‍ മലയാളിക്കു കഴിയാതെ പോയതെന്തേ?....
നന്തനാര്‍ കൃതികള്‍: അറിയപ്പെടാത്ത മനുഷ്യജീവികള്‍ (1956) ആദ്യനോവല്‍. ആത്‌മാവിന്റെ നോവുകള്‍, അനുഭൂതികളുടെ ലോകം (1965), ഉണ്ണിക്കുട്ടന്റെ ഒരു ദിവസം (1966), ഉണ്ണിക്കുട്ടന്‍ സ്‌കൂളില്‍ (1967), മഞ്ഞക്കെട്ടിടം (1968), ഉണ്ണിക്കുട്ടന്‍ വളരുന്നു (1969), ആയിരം വല്ലിക്കുന്നിന്റെ താഴ്‌വരയില്‍ (1971), അനുഭവങ്ങള്‍ (1975) എന്നിവ നോവലുകള്‍. ആകാശം തെളിഞ്ഞു, സ്‌നേഹം നിറഞ്ഞ കൂപ്പുകൈ, നെല്ലും പതിരും, തോക്കുകള്‍ക്കിടയിലെ ജീവിതം, ജീവിതത്തിന്റെ പൊന്‍നാളങ്ങള്‍, നിഷ്‌കളങ്കതയുടെ ആത്‌മാവ്‌, മിസ്റ്റര്‍ കുല്‍ക്കര്‍ണി, ഒരു വര്‍ഷകാല രാത്രി, കൊന്നപ്പൂക്കള്‍, ഇര, ഒരു സൗഹൃദസന്ദര്‍ശനം എന്നിവ ചെറുകഥാസമാഹാരങ്ങള്‍.

No comments:

Post a Comment