flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Thursday, 17 July 2014

തയ്യില്‍ കുഞ്ഞമ്മദ് ഹാജി നിശബ്ദനായ മനുഷ്യസ്നേഹി.



 തയ്യില്‍ കുഞ്ഞമ്മദ് ഹാജി നിശബ്ദനായ മനുഷ്യസ്നേഹി.
 മങ്കട:തയ്യില്‍ കുഞ്ഞമ്മദ് ഹാജി ജൂലൈ പതിനേഴിനു പുലര്‍ച്ചെ നാലുമണിക്ക് മരണപ്പെട്ടു.മങ്കട അനാഥശാല സംഘം വൈസ് പ്രസിഡന്റ്,മദീന മസ്ജിദ് കമ്മിറ്റി പ്രസിഡന്റ്,തഹ്ഫീലുല്‍ ഖുര്‍ആന്‍ ഡയരക്ടര്‍ എന്നീ നിലകളില്‍ സജീവമായിരുന്നു.ഭാര്യ പരേതയായ റുഖിയ്യ ടീച്ചര്‍,മക്കള്‍ ലുഖുമാനുല്‍ ഹക്കീം(USA)ഫുആദ്(ബാംഗ്ളൂര്‍),ഉസാമ.മരുമക്കള്‍ സീനത്ത്(USA),ഫെബിന്‍,ഖൈറുന്നീസ.

മനുഷ്യന് മുഖങ്ങള്‍ പലതാണെന്ന് പലപ്പോഴും അനുഭവങ്ങളില്‍ നിന്ന് എനിക്കുതോന്നീയിട്ടുണ്ട്.എന്നാല്‍ എന്റെ ജീവിതത്തില്‍ മേല്‍പറഞ്ഞ അഭിപ്രായം തിരുത്തിയ ഒരു വ്യക്തിയാണ് തയ്യില്‍ കുഞ്ഞമ്മദ് ഹാജി എന്ന മനുഷ്യസ്നേഹി.കൗമാരത്തിലും യൗവനത്തിലും പ്രയാസങ്ങളുടെ ചുടറിഞ്ഞ് പഠനത്തില്‍ സാമര്‍ത്ഥ്യം കാണിച്ച ഹാജി ദീര്‍ഘകാലം സൗദി അറേബ്യയിലെ മക്കാ വാട്ടര്‍ അതോറിറ്റിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്നു.പ്രവാസ ജീവിതത്തിനുശേഷം മങ്കടയിലെത്തുന്നതോടെയാണ് ഞങ്ങളുടെ തലമുറ അദ്ദേഹത്തെ കാണാന്‍ തുടങ്ങുന്നത്.ഒരു ചെറുപുഞ്ചിരിയിലൊതുങ്ങുന്ന സലാം മടക്കലോടെ അദ്ദേഹം ചോദിച്ച കാര്യങ്ങള്‍ക്കുള്ള മറുപടിയും മതപരമായ കാര്യങ്ങളില്‍ സൂഷ്മതയോടെയുള്ള ജീവിതവും പുലര്‍ത്തിയ വ്യക്തിത്വമായിരുന്നു.പള്ളിയുടെ വികസനം,മതപരമായ പ്രവര്‍ത്തനങ്ങള്‍,അനാഥ-അഗതികളെ സഹായിക്കല്‍ തുടങ്ങിയവ ജീവിതചര്യയായിരുന്നു എന്നുതന്നെ പറയാം.സ്വന്തം ജീവിതത്തിലെ ലാളിത്യം അദ്ദേഹത്തിനെ ഒരു മാതൃക വ്യക്തിത്വമാക്കി.സാമ്പത്തികമായി വളരെ ഉന്നതിയുള്ള കുടുംബമായിട്ടും ജീവിതത്തില്‍ ഹാജിയും മക്കളും വളരെ ലളിതമായ ജീവിതമായിരുന്നു നയിച്ചിരുന്നത്.അദ്ദേഹത്തിന്റെ ഭാര്യയായിരുന്ന പരേതയായ റുഖിയ്യ ടീച്ചര്‍ സമീപപ്രദേശത്തുള്ള സ്ത്രീകള്‍ക്ക് വിശുദ്ധ ഖുര്‍ആന്‍ പഠിക്കാനായി ക്ലാസുകള്‍ നടത്തുന്നതിന് നേതൃത്വം കൊടുത്തിരുന്നു.ഇതെല്ലാം സംശുദ്ധമായ ഒരു ജീവിതരീതിയുടെ തെളിഞ്ഞ ചിത്രങ്ങളായിരുന്നു.
തയ്യില്‍ കുഞ്ഞമ്മദ്ഹാജി ഒരു മനുഷ്യസ്നേഹിയായിരുന്നുവെന്ന് നൂറു ശതമാനം ഉറപ്പിച്ചു പറയാന്‍ പറ്റുന്ന അവസരങ്ങള്‍ നേരിട്ടു അനുഭവപ്പെട്ട വ്യക്തിയാണു ഞാന്‍.എല്ലാം തുറന്നു പറയാന്‍ വിഷമ മുണ്ടെങ്കിലും ദാനം ചെയ്യുന്നതിന്റെ ഇരട്ടി പ്രശസ്തി പിടിച്ചു വാങ്ങുന്ന ഈ കാലഘട്ടത്തില്‍ ഒരു കൈ സഹായിക്കുന്നത് മറുകൈ അറിയരുത് എന്നു പഠിപ്പിച്ച മതത്തിന്റെ യഥാര്‍ത്ഥ അനുയായി ആയി മരിക്കാന്‍ ഹാജിക്കായി എന്നുറപ്പിച്ചു പറയാനാവുമെനിക്ക്.വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ കുടുംബത്തിലൊരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അസുഖമായി കിടന്നപ്പോള്‍ കുറെ പൈസ എന്റെ കയ്യില്‍ തന്ന് ഇത് ആരു തന്നു എന്നു പറയേണ്ട ആവശ്യമായ ചികിത്സ നടത്തിക്കോളു എന്നു പറയുമ്പോഴാണ് കുഞ്ഞമ്മദ് ഹാജി എന്ന മനുഷ്യനെ ഞാന്‍ ആദ്യമായി തുറന്ന കണ്ണുകളോടെ കാണുന്നത്.പിന്നീട് എന്റെ കുടുംബത്തില്‍ തന്നെയുള്ള ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിനായി അന്‍പതിനായിരം രൂപ കൊടുത്ത വിവരം ഞാനറിഞ്ഞത് കുടുംബനാഥന്‍ പറയുമ്പോഴാണ്.മങ്കടക്കാര്‍ക്കും സമീപ പ്രദേശത്തുള്ളവര്‍ക്കും പറയാന്‍ ഒട്ടേറെ കാര്യങ്ങളുണ്ടാവും എന്നത് സത്യമാണ്.അതെല്ലാം അദ്ദേഹത്തിന്റെ പരലോക ജീവിതത്തില്‍ മുതല്‍കൂട്ടാവട്ടെ.ആശുപത്രിയിലാവുന്നതിനു തൊട്ടു തലേ ദിവസംവരെ റമളാനിലെ ,നീണ്ട രാത്രി നമസ്കാരത്തിനു കൃത്യമായി പങ്കെടുത്തിരുന്ന അദ്ദേഹത്തിന്റെ വിശ്വാസത്തിലെ കണിശത പരലോകജീവിതത്തിലും അദ്ദേഹത്തിനു തുണയാകട്ടെ.അദ്ദേഹത്തിന്റെ അകാലമരണത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം മങ്കടയിലെ ഓരോ വ്യക്തിയും ദു:ഖിക്കുന്നു.ഈ വിയോഗത്തില്‍ മങ്കട ഓണ്‍ലൈനിന്റെ അനുശോചനങ്ങള്‍ അറീയ്ക്കുന്നു.

No comments:

Post a Comment