ഓര്‍മ്മയിലിന്നുമുണ്ട്
ആ പെരുന്നാള്‍ പാട്ടുകള്‍
ഓര്‍മ്മകള്‍
അലയടിച്ചുയരുന്ന പഴയകാല
പെരുന്നാള്‍പാട്ടിന്റെ മധുര
സ്മരണകള്‍ അയവിറക്കുകയാണ്
ആച്ചുമ്മതാത്ത.ആധുനികതയുടെ
കുത്തൊഴുക്കില്‍ അന്യം
നിന്നുപോയ ഗ്രാമീണപെരുന്നാള്‍പാട്ടുകളിലെ
നിറസാന്നിധ്യമായിരുന്നു
ആച്ചുമ്മ.
1970കളില്‍
വള്ളുവനാട്ടിലെ മുസ്ലിംങ്ങള്‍ക്കിടയില്‍
നിലനിന്നിരുന്ന പെരുന്നാള്‍
പാട്ടുകൂട്ടങ്ങള്‍ അന്നത്തെ
സാംസ്കാരിക സമന്വയത്തിന്റെയും
മതമൈത്രിയുടെയും
ഉദാത്തമാതൃകകളായിരുന്നു.പഴയരാത്രികല്ല്യാണങ്ങളെ
ഓര്‍മ്മപ്പെടുത്തുന്ന
തരത്തില്‍ പെരുന്നാള്‍
ദിനത്തിലാണ് പ്രത്യേക ഗ്രാമീണ
പാട്ടുല്‍സവങ്ങള്‍
നടന്നിരുന്നത്.കഴിഞ്ഞ
മുപ്പത്തിയഞ്ച് വര്‍ഷംവരെ
ഇവ സജീവമായിരുന്നു.പെരുന്നാള്‍
ദിനത്തിലെ വിശിഷ്ടഭക്ഷണമായ
തേങ്ങാച്ചോര്‍ കഴിച്ച്
ഉച്ചയോടെ സ്ത്രീകളും കുട്ടികളും
ഗ്രാമത്തിലെ ഏതെങ്കിലും
വീട്ടില്‍ ഒത്തുകൂടിയാണ്
പാട്ടുകൂട്ടങ്ങള്‍
നടത്തിയിരുന്നത്.കല്ല്യാണപാട്ടുകളും
ഒപ്പനപ്പാട്ടുകളുമടങ്ങുന്ന
പാട്ടുല്‍സവത്തില്‍ ഇരുഭാഗങ്ങളായി
പിരിഞ്ഞ് വാശിയേറിയ മത്സരങ്ങള്‍
വരെ നടക്കുമായിരുന്നു.പുതുപെണ്ണിന്റെ
ടീം,പുതിയാപ്ലയുടെ
ടീം എന്നിങ്ങനെ ഗ്രൂപ്പുകളായി
തിരിഞ്ഞ് പാട്ടുപാടി
മത്സരിക്കും.കുലുകുലുമെച്ചം
പ്പെണ്ണുണ്ടോ......,കിരികീരി
ചെരുപ്പുമേല്‍ അണഞ്ഞുള്ള
പുതുനാരീ......തുടങ്ങിയ
പാട്ടുകളില്‍പെണ്ണിന്റെയും
പുതിയാപ്ലയുടെയും
വിശേഷണങ്ങള്‍കൂട്ടിചേര്‍ത്ത്
ചോദിച്ച് മറുവിഭാഗത്തെ ഉത്തരം
മുട്ടിയ്ക്കും.ചിലപ്പോള്‍
അത് ഒപ്പനപ്പാട്ടുകളായിരിയ്ക്കും.വൈകിട്ടു
വരെ തുടരുന്ന ഈ പരിപാടിയ്ക്ക്
അതിഥികളായെത്തുന്നവരടക്കം
വലിയൊരു സദസ്സുതന്നെയുണ്ടാകുമെന്ന്
അന്നത്തെ തലമുറയിലെ
പേരെടുത്തപാട്ടുകാരികളിലൊരാളായ
മങ്കട ചേരിയത്തെ കൂരിയാടന്‍
ഹംസണ്ണിയുടെ ഭാര്യയായ ആച്ചുമ്മ
ഓര്‍ത്തെടുക്കുന്നു.കാഞ്ഞമണ്ണ
സ്വദേശിയായ ഇവര്‍ സ്വന്തം
ഉമ്മയില്‍ നിന്നാണ്
പാട്ടുപഠിച്ചത്.മറ്റത്തൂര്‍
പാത്തോമ്മ,തയ്യില്‍
കദീജ,കേരളാംതൊടി
മറിയ,തേവര്‍തൊടി
പാത്തുമ്മ,സഫിയ
തുടങ്ങിയവര്‍ ആച്ചുമ്മയുടെ
കാലഘട്ടത്തില്‍
പേരെടുത്തപാട്ടുക്കാരായിരുന്നു.ബലിപെരുന്നാള്‍
ദിവസത്തില്‍ നാലുനാള്‍വരെ
പാട്ടുകള്‍ തുടരും.ഓരോദിവസവും
വ്യത്യസ്ത വീടുകളിലായിരിയ്ക്കും
പാട്ടുക്കൂട്ടം നടക്കുക.ടേപ്പ്
റിക്കാര്‍ഡറോ,ടെലിവിഷനോ
പ്രചാരത്തിലില്ലായിരുന്ന
അക്കാലത്ത് പീര്‍മുഹമ്മദ്,എ.വി
മുഹമ്മദ്,റംലാബീഗം,കണ്ണൂര്‍
സീനത്ത് തൂടങ്ങിയവരുടെ
പാട്ടുകള്‍ കല്ല്യാണ വീടുകളില്‍
വെയ്ക്കുന്നപെട്ടി പാട്ടുകളില്‍
നിന്നും ഉമ്മമാരുടെ നാവിന്‍
തുമ്പില്‍ നിന്നും കേട്ടും
മാണ് പഠിച്ചിരുന്നത്.ജനങ്ങള്‍
പട്ടിണിയിലും കഷ്ടപ്പാടിലുമായിരുന്നുവെങ്കിലും
സൗഹാര്‍ദ്ധവും മനുഷ്യസ്നഹവും
നിറഞ്ഞുനിന്നിരുന്ന
ഒരുകാലമായിരുന്നു അതെന്ന്
പഴയതലമുറക്കാര്‍ പറയുന്നു.പുതുവസ്ത്രവും
കുളിക്കാന്‍ വാസനസോപ്പും
പെരുന്നാള്‍ ദിനത്തില്‍
മാത്രം കിനാകണ്ടിരുന്നകാലം.സ്ത്രീകള്‍ക്ക്
മുണ്ടും,കുപ്പായവും
തട്ടവുമായിരുന്നു പെരുന്നാള്‍
വസ്ത്രം.ചക്കയുടെ
വളഞ്ഞി ഉപയോഗിച്ച് കൈവെള്ളയില്‍
ഡിസൈനുകള്‍ ഉണ്ടാക്കിയാണ്
മൈലാഞ്ചിഇട്ടിരുന്നത്.ഓരോ
പെരുന്നാളുകളും ഇത്തരത്തിലുള്ള
ഒരായിരം ഓര്‍മ്മകള്‍
കൊണ്ടുവരുന്നു എന്നതാണ്
ഇപ്പോള്‍ പെരുന്നാള്‍ ദിനത്തില്‍
അനുഭവപ്പെടുന്നതെന്ന്
ആച്ചുമ്മതാത്ത് പറയുന്നു.
No comments:
Post a Comment