flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Friday, 31 January 2014

ജന്മദിനത്തില്‍ നാടിനൊരു സമ്മാനം മരണാനന്തരം ഭൗതികശരീരം വിദ്യാര്‍ത്ഥികള്‍ക്ക്


ജന്മദിനത്തില്‍ നാടിനൊരു സമ്മാനം
മരണാനന്തരം ഭൗതികശരീരം വിദ്യാര്‍ത്ഥികള്‍ക്ക്


മരണാനന്തരം ഭൗതികശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിനായി നല്കാനുള്ള തീരുമാനമറിയിച്ചാണ് പ്രശസ്ത ബാലസാഹിത്യക്കാരന്‍ മങ്കടയിലെ വി.എം കൊച്ചുണ്ണിമാസ്റ്ററും ഭാര്യ പാര്‍വ്വതിക്കുട്ടിയും മഞ്ചേരിയിലെ ചെരണിയിലെ 'ഉഷസി'ല്‍ എത്തിയവരെ വരവേറ്റത്.ജനുവരി 30ന് മാഷിനു എണ്‍പത് തികഞ്ഞു.ടീച്ചറിന് എഴുപത്തിയെട്ടും.

വെറുതേ കടന്നുപോകുന്ന ഒരു പിറന്നാളിനെ ജീവിതത്തിന്റെ ഭാഗമാക്കുന്നതിനെ കുറിച്ചാലോചിച്ച് മഷെടുത്ത തീരുമാനം ആദ്യം പങ്ക് വെച്ചത് ടീച്ചറോട്.എന്നാല്‍ എന്റേതുകൂടി അങ്ങോട്ടു കൊടുത്തേക്കു എന്നായി പാര്‍വ്വതികുട്ടിടീച്ചര്‍.അങ്ങനെയെടുത്ത തീരുമാനപ്രകാരം വ്യാഴാഴ്ച്ച മഞ്ചേരി മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പലിന്റെ മുറിയിലെത്തി സമ്മതപത്രം കൈമാറി.

മങ്കട പുളിക്കല്‍പറമ്പ് എ.എം.എല്‍.പി സ്കൂളില്‍ 36 വര്‍ഷം അധ്യാപകനായിരുന്ന കൊച്ചുണ്ണി മാഷ് 30കൊല്ലവും ഒന്നാം ക്ലാസിലായിരുന്നു.മങ്കട വെള്ളില സ്കൂളിലും കാരകുന്ന് സ്കൂളിലും അധ്യാപികയായിരുന്നു പാര്‍വ്വതികുട്ടി ടീച്ചര്‍.
1970 ജൂണ്‍ പത്ത് ഒരു തിരുവാതിര ഞാറ്റുവേലയുടെ പകലിലാണ് മാഷ് പാര്‍വ്വതികുട്ടിയെ വിവാഹം കഴിച്ചത്.അധ്യാപനത്തോടൊപ്പം ബാല സാഹിത്യവും കുട്ടികള്‍ക്കുള്ള നാടകങ്ങളും രചിച്ചു.പുരോഗമന കലാസാഹിത്യസംഘത്തിലും സജീവമായിരുന്നു.കേരള സംഗീതനാടക അക്കാദമി ജില്ലാതലത്തില്‍ നടത്തിയ മത്സരത്തില്‍ കൊച്ചുണ്ണിമാഷിന്റെ മരീചിക എന്ന നാടകം മികച്ചതായി തെരഞ്ഞെടുത്തു.2011ല്‍ കുട്ടികള്‍ക്കായി 'കണികൊന്ന'എന്ന കവിതാസമാഹാരം പുറത്തിറക്കി.നേരും നേരംപോക്കുമെന്ന പേരില്‍ പുതിയ കാലത്തെ കടങ്കഥകള്‍ സമാഹരിച്ചുവരികയാണിപ്പോള്‍.
മങ്കട ഓണ്‍ലൈനില്‍ വി.എം.കൊച്ചുണ്ണിമാസ്റ്ററെ കുറിച്ച് മുമ്പ് പ്രസിദ്ധീകരിച്ചത്.

വി.എം.കൊച്ചുണ്ണിമാസ്റ്റര്‍
കവി,കഥാകൃത്ത്,നാടകരചയിതാവ്,സംവിധായകന്‍,ഗായകന്‍ എന്നീനിലകളിലും നീണ്ടകാലം അധ്യാപന ജീവിതത്തിലും തിളക്കമാര്‍ന്ന വ്യക്തിത്വത്തിനുടമയായ വി.എം.കൊച്ചുണ്ണിമാഷിനെ കാണാനായി അദ്ദേഹം ഇപ്പോള്‍ താമസ്സിക്കുന്ന മഞ്ചേരി ചെരണിയിലുള്ള വീട്ടിലേക്ക് പോകണമെന്ന് കരുതിയിരുന്ന സമയത്താണ് മങ്കടയിലുള്ള തറവാട്ടുവീട്ടിലെത്തിയത്.ഇതേ സമയം സഹോദരനും സംഗീത സംവിധായകനുമായ ദാമോദരന്‍ മാഷെ കാണാനായി ഞാന്‍ അവിടെയെത്തിയ സന്ദര്‍ഭമായിരുന്നു അത് . തേടിയവള്ളി കാലില്‍ ചുറ്റിയ സന്തോഷത്തേടെയാണ് മാഷോട് കാര്യങ്ങള്‍ സംസാരിച്ചത്.എന്റെ സന്തോഷം നിങ്ങളുമായി പങ്കു വെയ്ക്കട്ടെ.1934ജനുവരി 16നാണ് മാഷിന്റെ ജനനം.അച്ഛന്‍ ശ്രീ.ഗോവിന്ദനുണ്ണി നായര്‍ ,അമ്മ ശ്രീമതി മാധവിക്കുട്ടിയമ്മ.മാഷിനിപ്പോള്‍ എണ്‍പത് വയസ്സായി.1953ല്‍ അണ്‍ട്രെയിന്‍ഡ് അധ്യാപകനായും പിന്നീട് sslc എഴുതിയെടുത്ത് യോഗ്യതയോടെയും അധ്യാപകസേവനത്തിലേക്ക് കടന്നുവന്നു.പുളിക്കല്‍പറമ്പ എ.എം.എല്‍.പി സ്കൂളിലായിരുന്നു സേവനം.36കൊല്ലം അധ്യാപകനായ കൊച്ചുണ്ണി മാസ്റ്റര്‍ 33കൊല്ലവും ഒന്നാംക്ലാസ്സിലെ അധ്യാപകനായിരുന്നു എന്നത് ഏറെ സവിശേഷതയുള്ള ഒന്നായിരുന്നു.65 വയസ്സുള്ള ശിഷ്യന്‍മാര്‍ തനിക്കുണ്ടെന്ന് മാഷു പറയുമ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യസമ്പത്ത് എത്രയായിരിക്കുമെന്ന് ഊഹിക്കാവുന്നതെയുള്ളൂ.1989ല്‍ അധ്യാപകസേവനത്തില്‍ നിന്നും വിരമിച്ചു.”കണിക്കൊന്ന”എന്നപ്പേരില്‍ കുട്ടികളുടെ കവിതാസമാഹാരവും "മരീചിക” എന്ന നാടകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.1982ല്‍ മരീചികക്ക് കേരളാസംഗീതനാടക അക്കാദമിയുടെ മികച്ച നാടക സംവിധാനത്തിനുള്ള അവാര്‍ഡ് ലഭിച്ചു.
എട്ട് പ്രധാനനാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.ബാലസാഹിത്യത്തില്‍ ഏറെ ശ്രദ്ധകൊടുക്കുന്ന മാഷ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജില്ലയിലെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളാണ്.1970 മുതല്‍ മെമ്പറായ മാഷ് രണ്ട് വര്‍ഷം പരിഷത്തിന്റെ ജില്ലാസെക്രട്ടറിയായിരുന്നു.ഈ എണ്‍പതാം വയസ്സിലും വിശ്രമമില്ലാതെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഓടിനടക്കുന്ന മാഷിന്റെ നേതൃത്വത്തിലാണ് പരിഷത്ത് മുണ്ടേരി ജലസംരക്ഷണജാഥ നയിച്ചത്.വിദ്യാരംഗം സ്കൂള്‍ കലാസാഹിത്യവേദിയിലും സജീവമായ ഇദ്ദേഹം ഇപ്പോഴും സ്കൂളുകളില്‍ കുട്ടികളുമായി സംവദിക്കുന്നു.നാടന്‍പാട്ടുകള്‍ ചൊല്ലുന്നതിലും മാഷ് മുന്നില്‍തന്നെയുണ്ട്.
മങ്കടയുടെ ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ പറയാനറിയുന്ന മാഷിന് കോയ അധികാരിയേയും ഉണ്ണീന്‍ മുസ്ല്യാരെയും കുറിച്ച് പറയാനേറെ.വളരെയേറെ വ്യക്തിബന്ധം സൂക്ഷിച്ചിരുന്ന ഒരാളായിരുന്നു കോയഅധികാരിയെന്നും നോമ്പിന് പത്തിരിയും തരികഞ്ഞിയും കൃത്ത്യമായി ഒരുതവണ തറവാട്ടു വീട്ടില്‍ എത്തിക്കാറുണ്ടായിരുന്നെന്നും അതുപോലെ ഉത്രാടത്തിനു പായസമുള്‍പ്പെടെയുള്ള വിഭവങ്ങള്‍ അമ്മ കോയഅധികാരിക്കു നല്‍കാറുണ്ടായിരുന്നതും മാഷ് ഓര്‍മ്മിച്ചെടുത്തു.ഉണ്ണീന്‍ മുസ്ല്യാര്‍ വളരെ സൗമ്യനും പതുക്കെ എല്ലാകാര്യങ്ങളും ചോദിച്ചു മനസ്സിലാക്കിയിരുന്നതായും മാഷ് പറഞ്ഞു.മങ്കടയിലുണ്ടായിരുന്ന ചന്തകുളം മാഷിന്റെ മുത്തശ്ശനായിരുന്ന വയങ്കരമുണ്ടേക്കോട് കടുങ്ങുണ്ണിപണിക്കരാണ് നിര്‍മ്മിച്ചത്.ഇത്തരത്തിലുള്ള ഏഴ് കുളങ്ങള്‍ മങ്കടയുടെ സമീപഗ്രാമങ്ങളിലും അദ്ദേഹം സ്ഥാപിച്ചതായി പറയുന്നു.
സഹോദരന്‍ ശ്രീധരപണിക്കര്‍,കൊച്ചുണ്ണി മാസ്റ്റര്‍,മുഹമ്മദ് ഇഖ്ബാല്‍
മങ്കട കോവിലകത്തിലെ താവഴികളെ കുറിച്ച് നല്ല ധാരണകളുള്ള മാഷില്‍നിന്നും വളരെയേറെ വിവരങ്ങള്‍ ശേഖരിക്കാനായി.മങ്കട വായനശാലയുടെ അമരക്കാരിലൊരാളായ കൊച്ചുണ്ണിമാഷ് ഇപ്പോള്‍ താമസ്സിക്കുന്നത് മഞ്ചേരിയിലെ ചെരണിയിലാണ്.രണ്ട് ആണ്‍കുട്ടികള്‍.അനിലും സുനിലും.വിശ്രമജീവിതം വിശ്രമരഹിതമാക്കിയ വി.എം.കൊച്ചുണ്ണിമാഷിനോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ എന്റെ പുറത്തുതട്ടി ആശിര്‍വദിച്ചപ്പോള്‍ മനസ്സിലുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.പഴയ തലമുറയിലെ ഒരു അധ്യാപകന്റെ അംഗീകാരമായിരുന്നു അത്.

Tuesday, 21 January 2014

ദേശാടനകിളികള്‍ മങ്കടയിലെത്തി

ദേശാടനകിളികള്‍ മങ്കടയിലെത്തി

കഴിഞ്ഞ ഏതാനും വര്‍ഷമായി കൃത്ത്യമായി മങ്കടയില്‍ എത്തികൊണ്ടിരിക്കുന്ന ദേശാടനകിളികള്‍ ഈ വര്‍ഷവും മങ്കടയിലെത്തി.

Thursday, 9 January 2014

Wednesday, 8 January 2014

e-ആത്മഹത്യ


മലപ്പുറം റവന്യൂജില്ലാകലോത്സവത്തില്‍ മലയാളം കവിതാരചനയില്‍ ഒന്നാം സ്ഥാനം ലഭിച്ച കവിത
നാദിയ.കെ(D/o ജമാല്‍ മങ്കട)
.സി.എച്ച് എസ്.എസ്.ശാന്തപുരം
മങ്കട ഓണ്‍ലൈനിന്റെ അഭിനന്ദനങ്ങള്‍


e-ആത്മഹത്യ

ഞാനാലോചിച്ചു-
ഒരു കഷ്ണം കയറിനെന്തുവരും?
അല്ലെങ്കിലൊരിത്തിരി
വിഷമായാലും മതി.
അടുക്കളയിലെ പിച്ചാത്തിയുടെ
മൂര്‍ച്ചമതിയാവും.
മണ്ണെണ്ണയായാലോ?-
ആശയകുഴപ്പം
ബട്ടണമര്‍ത്തിയാല്‍ തെളിയുന്ന സ്ക്രീനില്‍
ലോകത്തേക്കാള്‍ വിശാലമായ
ബന്ധ-ബന്ധനങ്ങള്‍
അലസമായി കയറിയിറങ്ങിയും
ചാറ്റിംഗില്‍കുളിച്ചും
ഫെയ്സ്ബുക്കില്‍ ഉറങ്ങിയും
ജീവിതം കെട്ടുകുടുങ്ങിയവന്ന്-
കീഴില്‍ തലതല്ലിയൊഴുകുന്ന
പാറക്കൂട്ടങ്ങളോടു കയര്‍ക്കുന്ന
കളകളാരവമുള്ള
ഏതെങ്കിലുംകുന്നിന്‍ചരിവ് മതിയല്ലോ.
തീരുമാനിച്ചാലോ-
ഇനി ഫ്രണ്ട്സിനയക്കാം
ഒരുപാട് ലൈക്കുകള്‍
നിമിഷനേരത്തിനകം
പെട്ടെന്നാണൊരു മെസേജ് വന്നത്
ഞാന്‍ അനങ്ങിയില്ല......?

Tuesday, 7 January 2014

കാഴ്ചപ്പാട്


 കാഴ്ചപ്പാട്- ഒരു നിവേദനം


9447354397

മുഹമ്മദ് ഇഖ്ബാല്‍.പി
പറച്ചിക്കോട്ടില്‍ ഹൗസ്
മങ്കട .പി.

മാനേജര്‍,
മഹീന്ദ്ര സര്‍വീസ് സെന്റര്‍,
(.ടി.എല്‍ പ്രൈ.ലിമിറ്റഡ്).
തിരൂര്‍കാട്,മലപ്പുറം.
സര്‍,
എന്റെ സഹോദര പുത്രന്‍ റമീസ് റോഷന്‍.പി (s/oമുഹമ്മദ് അഷ്റഫ്,പറച്ചിക്കോട്ടില്‍,മങ്കട) എന്നകുട്ടി 2013 ജനുവരി 8 ചൊവ്വാഴ്ച്ച രാവിലെ ഒമ്പത് മണിയോടെ താങ്കളുടെ സ്ഥാപനത്തിനു മുമ്പില്‍ നടന്ന വാഹന അപകടത്തില്‍ മരണപ്പെട്ട വിവരം ഓര്‍മ്മയുണ്ടാവുമല്ലോ.ഇന്ന് (8/1/2014) അതിന്റെ ഒന്നാം വാര്‍ഷികമാണ്.എന്നെയും എന്റെ കുടുംബത്തേയും സംബന്ധിച്ചിടത്തോളം തീരാ ദു:ഖം അനുഭവപ്പെടുന്ന ദിവസങ്ങളാണിത്.ഈ അവസരത്തില്‍ താങ്കള്‍ ഇത്തരത്തിലുള്ള ഒരു കത്തെഴുതുന്നത് ഭാവിയിലെങ്കിലും ഒരപകടം അശ്രദ്ധമൂലം സംഭവിക്കാതിരിക്കാനാണ്.

2013 ല്‍ അപകടത്തിനുള്ള പ്രധാന കാരണം താങ്കളുടെ സ്ഥാപനത്തില്‍ നിന്നും അശ്രദ്ധമായി പുറത്തേക്കെടുത്ത മിനി മാക്സിമോ മഹീന്ദ്ര വാന്‍ നിയന്ത്രണാധീതമായി റോഡിലേക്ക് ഇറങ്ങുകയും റോഡിലുണ്ടായിരുന്ന ഒരു ബൈക്കില്‍ തട്ടുകയും അത് റമീസിന്റെ ബൈക്കിലിടിക്കുകയായിരുന്നു.മാത്രമല്ല ഈ വാന്‍ വികലാംഗര്‍ക്കായി മാറ്റം വരുത്തിയതു മായിരുന്നു.
ഇതൊക്കെ സൂചിപ്പിക്കാന്‍ കാരണം ആ വാഹനം പുറത്തേക്കെടുത്ത സമയത്ത് താങ്കളുടെ സ്റ്റാഫിലെ ആരെങ്കിലും അവിടെ ഉണ്ടായിരുന്നെങ്കില്‍ അപകടം ഒരു പരിധിവരെയെങ്കിലും ഒഴിവാക്കമായിരുന്നു.
നഷ്ടപ്പെട്ടത് തിരികെ ലഭിക്കില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ ഞങ്ങള്‍ പരാതിയുമായി മുന്നോട്ടുപോയില്ല.പക്ഷേ പ്രാദേശികവാസികളുടെ പ്രതിഷേധം കാരണം നിങ്ങള്‍ക്ക് കുറെ ദിവസം സ്ഥാപനം അടച്ചിടേണ്ടി വന്നു.ഇനിയെങ്കിലും അപകടം സംഭവിക്കാതിരിക്കാന്‍ താങ്കളുടെയും സ്റ്റാഫിന്റെയും ശ്രദ്ധ ഉണ്ടാവണമെന്ന് അപേക്ഷിക്കുന്നു.എന്റെ സഹോദരപുത്രനു വേണ്ടി പ്രാര്‍ത്ഥികണമെന്നുകൂടി അപേക്ഷിക്കുന്നു.
വിശ്വാസപൂര്‍വ്വം
മുഹമ്മദ് ഇഖ്ബാല്‍.പി

അനുസ്മരണം:


അനുസ്മരണം:
റോഷന്‍ യാത്രയായിട്ട് ഒരു വര്‍ഷം തികയുന്നു.....



എന്റ സഹോദരന്‍ മങ്കടയിലെ പറച്ചിക്കോട്ടില്‍ അഷ്റഫിന്റെയും റുഖിയ്യായുടെയും മൂത്ത മകനായിരുന്ന റമീസ് റോഷന്‍ ഈ ലോകത്തോട് യാത്രപറഞ്ഞിട്ട് ഇന്നേക്ക് (08/01/2014) ഒരുവര്‍ഷം തികയുകയാണ്.വളരെ സൗമ്യമായി ഇടപ്പെടുകയും നല്ലൊരു സുഹൃത് ബന്ധം നിലനിര്‍ത്തുകയും മാനന്തവാടി ഗവ:എന്‍ജിനീയറിംഗ് കോളേജിലെ അവസാന സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയുമായിരുന്ന റോഷനെ വിധി തട്ടിയെടുത്തത് പെട്ടന്നായിരുന്നു.08/01/2013 ചൊവ്വാഴ്ച രാവിലെ മലപ്പുറം-പെരിന്തല്‍മണ്ണ റോഡിലുള്ള പനങ്ങാങ്ങരയിലെ ഉമ്മ വീട്ടില്‍ ഉമ്മയെ കൊണ്ടുചെന്നാക്കി,തിരിച്ച് അമ്മാവന്റെ ചെറിയകുട്ടിയെ തിരൂര്‍കാടുള്ള അസ്ഹര്‍ ഇംഗ്ളീഷ് മീഡിയം സ്കൂളിലാക്കിയ ശേഷം വീട്ടിലേക്ക് തിരിച്ച റോഷനെ മഹീന്ദ്ര ഷോ റുമിന്റെ മുന്നില്‍ നിന്നും യാതൊരു മുന്നറീപ്പുമില്ലാതെ റോഡിലേക്ക് കുറുകെ വന്ന ഒരു വാന്‍ സമാന്തരമായി വന്ന ബൈക്കിനെ ഇടിച്ച് റോഷന്റെ ബൈക്കിലിടിക്കുകയായിരുന്നു.(ഈ വാന്‍ വികലാംഗര്‍ക്കായി മാറ്റം വരുത്തിയതും അശ്രദ്ധമായി പുറത്തേക്ക് എടുത്തതുമായിരുന്നു.) റോഷന്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേ നമ്മെ വിട്ടു പിരിഞ്ഞു.



റോഷന്‍ എനിക്ക് സഹോദരപുത്രന്‍ മാത്രമായിരുന്നുവോ?എന്റെ കുടുബത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും സ്വഭാവഗുണംകൊണ്ടും പഠിക്കാനുള്ള കഴിവുകൊണ്ടും മാതൃകയായിരുന്നു.എന്റെ ജീവിതത്തില്‍ ഒരിക്കലും ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കാത്ത ദിനമാണ് 2013 ജനവരി 8ലെ ആ ചൊവ്വാഴ്ച്ച.രാവിലെ വീട്ടില്‍ നിന്നും പുറത്തിറങ്ങാനായി നില്‍ക്കുന്ന സമയത്ത് റോഷന്റെ ബൈക്കിന് ചെറുതായി അപകടം പറ്റീട്ടുണ്ട് ,ഒന്ന് അങ്ങാടിയിലേക്ക് വരാമോ എന്നു ചോദിച്ച് സുഹൃത്തിന്റെ വിളി,തൊട്ടു പിറകേ മങ്കടയിലെ രണ്ടുകുട്ടികള്‍ ബൈക്കില്‍ വന്ന് വേഗം വരണം എന്നു പറഞ്ഞു.അപ്പോഴും മരണം എന്ന അവസ്ഥ മുന്നിലുണ്ടായിരുന്നില്ല.ഞാനും സഹോദരനും ബൈക്കില്‍ പെരിന്തല്‍മണ്ണയിലേക്ക് പോകുമ്പോള്‍ തീരൂര്‍ക്കാട് അപകടസ്ഥലം ജന നിബിഡമായിരുന്നു.റോഷന്റെ ബൈക്ക് സമീപത്തെന്നും കാണാതായപ്പോള്‍ അപകടം ഇതായിരിക്കില്ല എന്ന ആശ്വാസത്തില്‍ പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയുടെ മോര്‍ച്ചറിക്ക് സമീപത്തായി ബൈക്ക് നിര്‍ത്തിയപ്പോള്‍,കുടുംബത്തിലുള്ള സമദ് പറച്ചിക്കോട്ടില്‍ ഇങ്ങോട്ടു വാ എന്നു പറഞ്ഞ് മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയത് ഇപ്പോഴും ഉള്‍കിടിലത്തോടുകൂടി മാത്രമേ ഓര്‍ക്കാന്‍ കഴിയുന്നുള്ളൂ......പീന്നിടുള്ള കാര്യങ്ങള്‍ ഞാന്‍ രേഖപ്പെടുത്തുന്നില്ല.
 റോഷനെ സ്നേഹിച്ച നൂറുകണക്കിനു വ്യക്തികള്‍.അവന്റെ സഹപാഠികള്‍,അധ്യാപകര്‍,അവന്റെ നിഴല്‍പോലെ ഒപ്പമുണ്ടായിരുന്നവര്‍ …..ഇന്നും റോസിന്റെ (ഞാന്‍ വിളിക്കുന്ന പേര്) ഫോട്ടോകള്‍ കാണുമ്പോള്‍ നെഞ്ചിലുണ്ടാകുന്ന നീറ്റല്‍.....മറക്കാനാവുന്നില്ല.......എന്റെ നൊമ്പരങ്ങള്‍ ഈ വാക്കുകളിലൂടെയെങ്കിലും പ്രകടിപ്പിക്കട്ടെ.എന്റെ റോസിനു ദൈവം എല്ലാ അനുഗ്രഹങ്ങളും നല്കട്ടെ.നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയുണ്ടാവുമെന്ന വിശ്വാസത്തോടെ …...റോഷന് സ്മരണാഞ്ജലി അര്‍പ്പിക്കുന്നു.


ഇഖ്ബാല്‍ മങ്കട
മങ്കട ഓണ്‍ലൈന്‍





Sunday, 5 January 2014

അബ്ദുറഹ്മാന്‍ എന്ന പ്രതിഭ


അബ്ദുറഹ്മാന്‍ എന്ന പ്രതിഭ
  പത്താം ക്ലാസ്സില്‍ തോറ്റപ്പോള്‍ അബ്ദുവിനെ കുറിച്ച് വീട്ടുകാര്‍ സങ്കടപ്പെട്ടു. കൂലിപ്പണിക്ക് പോയിത്തുടങ്ങിയ പയ്യന് അത് തന്നെയാണ് പറ്റിയ പണിയെന്ന് നാട്ടുകാരും തീര്‍പ്പാക്കി. നാടും വീടും പക്ഷെ, തിരുത്തേണ്ടിവന്നു. പഠിച്ച് റാങ്ക് വരെ നേടിയ അബ്ദു അധികം വൈകാതെ കോളേജ് അധ്യാപകനുമായി.തിരൂരങ്ങാടി പി.എസ്.എം.. കോളേജില്‍ ചരിത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് എ. അബ്ദുറഹ്മാന്‍. 1998 ലാണ് അബ്ദു പത്താംക്ലാസ് പരീക്ഷയെഴുതിയത്. 600ല്‍ 160 മാര്‍ക്കാണ് കിട്ടിയത്. പത്തില്‍ പൊട്ടിയതോടെ കല്ല് കടത്താനും മറ്റും പോയി. ചുമലില്‍ ഭാരം വന്നപ്പോഴാണ് പഠനത്തിന്റെ 'പ്രാധാന്യം' തിരിച്ചറിഞ്ഞത്.
അടുത്തവര്‍ഷം സെക്കന്‍ഡ് ക്ലാസോടെ പത്ത് കടന്നു. ശാന്തപുരം ഇസ്‌ലാമിയ കോളേജിലായിരുന്നു പ്രീഡിഗ്രി. ചേന്ദമംഗലൂര്‍ ഇസ്‌ലാഹിയ കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ ചരിത്രത്തില്‍ ബിരുദം പൂര്‍ത്തിയാക്കി. കളിയാക്കിയ നാട്ടുകാര്‍ തന്നെ അന്ന് ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തില്‍ അബ്ദുറഹ്മാന് സ്വീകരണം നല്‍കി.
കാലിക്കറ്റ് സര്‍വകലാശാല പഠന വകുപ്പില്‍ നിന്നാണ് ചരിത്രത്തില്‍ എം.. നേടിയത്. തളിപ്പറമ്പ് കോളേജില്‍ ബി.എഡ്. ബിരുദവും ചെയ്തു. മങ്കട കടന്നമണ്ണയിലെ ആലങ്ങാടന്‍ മുഹമ്മദിന്റെയും (കുഞ്ഞാപ്പ) ഖദീജയുടെയും അഞ്ച് മക്കളില്‍ നാലാമനാണ് അബ്ദുറഹ്മാന്‍. നസ്‌റിന്‍ കൂറുമത്താണ് ഭാര്യ. ആദില്‍ റഹ്മാനാണ് മകന്‍.

Saturday, 4 January 2014

ഉദ്ഘാടനം


ഒരു കൈതാങ്ങ്........


ഒരു കൈതാങ്ങ്........

   മങ്കട ഓണ്‍ലൈനിന്റെ അഭിനന്ദനങ്ങള്‍


Tuesday, 31 December 2013

പുതുവത്സര ആശംസകള്‍

പുതുവര്‍ഷം,പ്രതീക്ഷകളോടെ.......
മങ്കട ഓണ്‍ലൈനിന്റെ ആദ്യ പുതുവര്‍ഷമാണ്.ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ ഇനിയും മാസങ്ങളുണ്ട്.എന്നാലും പുതുവര്‍ഷത്തെ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.ഒരുപാട് സ്വപ്നങ്ങളുണ്ട് നമ്മുടെ ഈ കൂട്ടായ്മക്ക്.മങ്കടയുടെ ചരിത്രവും വര്‍ത്തമാനവും പൂര്‍ണ്ണമായും ഡിജിറ്റലൈസ് ചെയ്യുകയും വരുംതലമുറക്കായി സൂക്ഷിക്കുകയും ചെയ്യുക എന്നത് അതില്‍ പ്രധാനപ്പെട്ടതാണ്.ഈ വര്‍ഷം കൂടുതല്‍ സജീവമാവാന്‍ നിങ്ങളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്
എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍

    മുഹമ്മദ് ഇഖ്ബാല്‍.പി
    9447354397


  

Monday, 30 December 2013

Sunday, 29 December 2013

ആന്റണിയെ സഹായിക്കേണ്ടത് സഹജീവികളായ നമ്മളല്ലേ .


ആന്റണിയെ സഹായിക്കേണ്ടത് സഹജീവികളായ നമ്മളല്ലേ .



മങ്കട കരിമല ക്വാറി ദുരന്തത്തില്‍ രണ്ടുകുട്ടികള്‍ മരിച്ച മേലേകുത്ത് ആന്റണിയുടെ കുടുംബത്തെ സഹായിക്കാന്‍ നാട്ടുക്കാര്‍ ചേര്‍ന്ന് കുടുംബ സഹായസമിതി രൂപീകരിച്ചു.ടി.എ അഹമ്മദ് കബീര്‍ എം.എല്‍.,ജില്ലാ പഞ്ചായത്ത് അംഗം ഇ.പാത്തുമ്മകുട്ടി ടീച്ചര്‍ എന്നിവര്‍ മുഖ്യരക്ഷാധികാരികളായി 101 എക്സിക്യൂട്ടീവ് അംഗങ്ങളുള്‍പ്പെടെ 501 അംഗ കമ്മിറ്റി രൂപീകരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ടി.അബ്ദുള്‍ കരീം (ചെയര്‍മാന്‍),സമദ് മങ്കട ( വൈസ്.ചെയര്‍മാന്‍),ടി.കുഞ്ഞുമുഹമ്മദ്,പറച്ചിക്കോട്ടില്‍ സമദ്,കെ.വാസുദേവന്‍(കണ്‍വീനര്‍)പി.ടി മജീദ് ഹിറാഗോള്‍ഡ്(ട്രഷര്‍)എന്നിവരാണ് ഭാരവാഹികള്‍.

ടാപ്പിംഗ് തൊഴിലാളിയായ ആന്റണി കുടുംബം പശുവളര്‍ത്തിയും മറ്റുമായാണ് ജീവിതം തള്ളിനീക്കിയിരുന്നത്.പാല്‍വിതരണത്തിലും പശുക്കളെ പരിപാലിച്ചിരുന്നതും ദുരന്തത്തിനിരയായ സിനോയും ബിനോയുമായിരുന്നു.ഏഴ് വര്‍ഷം മുമ്പ് വീടിന്റെ തറപണി പൂര്‍ത്തിയാക്കിയ ആന്റണിക്ക് സാമ്പത്തിക ക്ലേശം കാരണം വീടുപണിനടത്താനായിട്ടില്ല.ഒറ്റമുറിയുള്ള ചെറിയ കുടിലിലായിരുന്നു ഈ കുടുംബം താമസിച്ചിരുന്നത്.ഭാവി പ്രതീക്ഷകളായിരുന്ന രണ്ട് ആണ്‍മക്കളും നഷ്ടപ്പെട്ട ആന്റണിയെ സഹായിക്കാന്‍ ഓരോ സഹജീവിക്കും ബാധ്യതയുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്കായി മങ്കട ഓണ്‍ലൈനുമായി ബന്ധപ്പെടുകയോ 9447748602 ല്‍(സമദ് പറച്ചിക്കോട്ടില്‍)വിളിക്കുകയോ ചെയ്യുക.


നിങ്ങളുടെ സഹായങ്ങള്‍ താഴെ നല്കീട്ടുള്ള അഡ്രസ്സില്‍ അയച്ചുകൊടുക്കാവുന്നതാണ്.
A/C NO:67258236627
IFSC CODE:SBTR0000306
SBT MANKADA BRANCH
PHONE:9447748602

Saturday, 28 December 2013

ആശ്വാസത്തിന്റെ കൈത്തിരി......

ആശ്വാസത്തിന്റെ കൈത്തിരി......


ഏതുഭാഗത്തു നിന്നായാലും ആന്റണിക്ക് നല്കാവുന്ന ഏറ്റവും വലിയ സഹായമാണിത്.സാമ്പത്തികമായി വളരെ പ്രയാസമനുഭിക്കുന്ന ആന്റണിയുടെ ഭാവി പ്രതീക്ഷകളാണ് ക്രിസ്മസ് ദിനത്തില്‍ പൊലിഞ്ഞത്.ആന്റണിയുടെ സ്വപനം പൂര്‍ത്തികരിക്കാന്‍ മുന്നിട്ടിറങ്ങിയ  പ്രസ്ഥാനത്തിനും പ്രവര്‍ത്തര്‍ക്കും മങ്കട ഓണ്‍ലൈനിന്റെ അഭിനന്ദനങ്ങള്‍......


Friday, 27 December 2013

മങ്കടയുടെ വിട.............


മങ്കടയുടെ വിട............. 


ബിനോ ആന്റണി

സിനോ ആന്റണി

ഷിജോ

ജോസഫ് ദേവസ്യ

Wednesday, 25 December 2013

മങ്കടയില്‍ ഈ ക്രിസ്മസ് ദിനം സങ്കടത്തിന്റെതായി.....

മങ്കടയില്‍ ഈ ക്രിസ്മസ് ദിനം സങ്കടത്തിന്റെതായി.....
മീന്‍ പിടിക്കാനായി ഉപയോഗിച്ച പാത്രം

മങ്കടയില്‍ ക്രിസ്മസ് ആഘോഷിക്കുന്ന വീടുകളില്‍ ഇന്ന് ഉച്ചയോടെ എത്തിയത് വന്‍ ദുരന്തത്തിന്റെ വാര്‍ത്തയാണ്.മങ്കട കരിമലയിലെ ആന്റണിയുടെ രണ്ടു മക്കളും ഭാര്യ പിതാവും പിതൃസഹോദരന്‍ ബേബിച്ചന്റെ മകനും അടക്കം നാലു ജീവനുകള്‍ പൊലിഞ്ഞ വാര്‍ത്ത സഹിക്കാനാവാതെ മങ്കട ഗ്രാമം തേങ്ങുകയാണ്.ഏകദേശം പതിനൊന്നു മണിയോടെ മുത്തശ്ശനേയും കൂട്ടി കുട്ടികള്‍ സമീപത്തുള്ള കരിങ്കല്‍ ക്വാറിയിലെ വെള്ളകെട്ടിലേക്ക് ചെറിയ മീനുകളെ പിടിക്കാനായി പോയതായിരുന്നു.ഭക്ഷണ സമയമായിട്ടും ആരെയും കാണാതായപ്പോള്‍ ആദ്യം മുത്തശ്ശിയും ആന്റണിയുടെ ചെറിയകുട്ടിയും അന്വേക്ഷിച്ചു പോയെങ്കിലും ആരെയും കാണാതെ തിരിച്ചുപോന്നു.പീന്നീട് ആന്റണി തന്നെ അന്വേക്ഷിച്ചിറങ്ങിയപ്പോഴാണ് ദാരുണ സംഭവം മനസ്സിലായത്.
മങ്കട കരിമല സ്വദേശി ആന്റണിയുടെ മക്കളായ സിനോ (9), ബിനോ (10), ആന്റണിയുടെ സഹോദരന്‍ ബേബിച്ചന്റെ മകന്‍ സിജോ (12), ഇവരുടെ മുത്തച്ഛന്‍ ദേവസ്യ(60) എന്നിവരാണ് മരിച്ചത്. മണ്ണാര്‍ക്കാട് സ്വദേശിയായ ദേവസ്യ ക്രിസ്മസ് ആഘോഷിക്കാനാണ് മങ്കടയിലെ മരുമകന്റെ വീട്ടിലെത്തിയത്.ഈ വാര്‍ത്ത പ്രസിദ്ധീകരിക്കാനാവില്ലെന്ന് കരുതിയതായിരുന്നു.പക്ഷേ ആന്റണി എന്റെ സഹപാഠിയും സുഹൃത്തുമാകുമ്പോള്‍ അവന്റെ ദുഖത്തില്‍ പങ്കു കൊള്ളാതിരിക്കാന്‍ കഴിയുന്നില്ല.അകാലത്തില്‍ വിടപറഞ്ഞകുരുന്നുകളെ നിങ്ങളുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിച്ചു കൊണ്ടു് ആന്റണിയുടെയും ബേബിച്ചന്റെയും കുടുംബത്തിന് മങ്കട ഓണ്‍ലൈനിന്റെ അനുശോചനം അറിയിക്കുന്നു.



Monday, 23 December 2013

Sunday, 22 December 2013

ഇന്ത്യന്‍ ബോക്സിംഗിന്റെ സ്വന്തംഹരിശങ്കര്‍


ഇന്ത്യന്‍ ബോക്സിംഗിന്റെ സ്വന്തംഹരിശങ്കര്‍
കടപ്പാട്: സൈഫുള്ള കറുമൂക്കില്‍


ഇന്ത്യന്‍ ബോക്സിംഗ് ലോക നിലവാരത്തിലേക്ക് ഉയരുമ്പോള്‍,കരുത്ത് പകരുന്നത് കടന്നമണ്ണയുടെ സ്വന്തം ഹരിശങ്കര്‍.കഴിഞ്ഞ ആറുവര്‍ഷമായി ഇന്ത്യന്‍ ബോക്സിംഗ് ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റാണ് മങ്കട കടന്നമണ്ണ കോവിലകത്തെ കെ.സി ഹരിശങ്കര വര്‍മ്മരാജ.വടകര പുറമേരിയില്‍ സ്ഥിരതാമസമാക്കിയ ഹരിശങ്കര്‍ കടന്നമണ്ണ കോവിലകത്തെ വത്സല തമ്പുരാട്ടിയുടെയും നീലേശ്വരം കിനാവൂര്‍ കോവിലകത്തെ ഉദയവര്‍മ്മരാജയുടെയും രണ്ടാമത്തെ പുത്രനാണ്.
ബാംഗ്ലൂരില്‍ നിന്നും ബാച്ചിലര്‍ ഓഫ് ഫിസിയോ തെറാപ്പിയില്‍ പഠനം പൂര്‍ത്തികരിച്ച ശേഷം ഇവിടെ സ്വകാര്യസ്ഥാപനത്തില്‍ ലക്ചററായി ജോലി ചെയ്യവേ,സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ ആരോഗ്യ കേന്ദ്രം അസിസ്റ്റന്റായ ഡോ.അഹുജയുമായുള്ള പരിചയമാണ് ഈ രംഗത്തേക്ക് ഹരിശങ്കറിനെ എത്തിച്ചത്.വോളിബോള്‍ ടീമിനെ വെറുതെ പരിചരിക്കാന്‍ കിട്ടിയ അവസരം പടിപടിയായി ഇന്ത്യന്‍ ബോക്സിംഗ് ടീമിന്റെ ഫിസിയോതെറാപ്പിസ്റ്റാക്കി. 2008ലെ ബീജിംഗ് ഒളിമ്പിക്സില്‍ ബോക്സിംഗില്‍ വീജേന്ദ്രസിംഗ് നേടിയ വെങ്കലമെന്ന ചരിത്രനേട്ടത്തിനും കഴിഞ്ഞ ലണ്ടന്‍ഒളിമ്പിക്സില്‍ വനിതാ വിഭാഗത്തില്‍ മേരികോം നേടിയ വെങ്കലത്തിനു പിന്നിലും ഹരിശങ്കറെന്ന വള്ളുവനാട്ടു രാജകുടുംബാംഗത്തിന്റെ കൈകരുത്തുണ്ടായിരുന്നു.

കടന്നമണ്ണ കോവിലക മുറ്റത്ത് ഓടിനടന്നും പച്ചകുളത്തില്‍ മുങ്ങികുളിച്ചും വളര്‍ന്ന ഈ തമ്പുരാന്‍ ഇന്ത്യന്‍ നെറുകയിലെത്തിയത് പക്ഷേ നാടറിഞ്ഞില്ല.അമ്മ തായ് വഴിപാരമ്പര്യം കണക്കാക്കുന്ന ഈ കുടുംബം അച്ചന് ഓഹരിയായി വടകരയില്‍ ലഭിച്ച സ്ഥലത്തേക്ക് താമസം മാറിപോയതോടെയാണ് കടന്നമണ്ണ ചിത്രത്തില്‍ നിന്നും മാറിപോയത്.കുടുംബ ക്ഷേത്രമായ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പൂരാഘോഷത്തിനും വാര്‍ഷിക കുടുംബ സംഗമത്തിനുമാണ് കടന്നമണ്ണയില്‍ വരാറുള്ളത്.സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജില്ലയുടെ കലാപ്രതിഭയായും 1992ല്‍ തിരൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ചാക്യാര്‍കൂത്തിലും ഹിന്ദി പദ്യം ചൊല്ലലിലും ഒന്നാം സ്ഥാനം ഹരിശങ്കറിനായിരുന്നു.എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തിരുവനന്തപുരത്തു നടന്ന ഏഴാമത് ചില്‍ഡ്രന്‍ ഫിലിം ഫെസ്റ്റിവെലില്‍ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ചതും ഹരിശങ്കറായിരുന്നു.

Saturday, 21 December 2013

മങ്കട യു.പി സ്കൂളിലെ വിജയഭേരി സഹവാസ ക്യാമ്പ് ഉണര്‍വ്


മങ്കട യു.പി സ്കൂളിലെ വിജയഭേരി സഹവാസ ക്യാമ്പ്
ഉണര്‍വ്



ഒരു രക്ഷിതാവെന്ന നിലയിലും സ്കൂള്‍ വികസന സമിതി അംഗമെന്ന നിലയിലും ഡിസംബര്‍ 20,21 തീയതികളില്‍ മങ്കട യു.പി സ്കൂളിലെ വിജയഭേരി സഹവാസ ക്യാമ്പിലേക്ക് ക്ഷണിച്ചിരുന്നു.ആദ്യ ദിവസം എന്റെ സ്കൂളില്‍ എത്തേണ്ടതിനാല്‍ രണ്ടാംദിവസത്തെ ക്യാമ്പിലാണ് പങ്കെടുക്കാനായത്.ആസൂത്രണം കൊണ്ടും കുട്ടികളുടെ പങ്കാളിത്തംകൊണ്ടുംസജീവമായ ക്യാമ്പില്‍ ഫീല്‍ഡ് ട്രിപ്പിന്റെ ഭാഗമായി മങ്കടയിലെ നെല്‍പ്പാടങ്ങള്‍ ഉള്‍പ്പെടുന്ന നീര്‍ത്തടങ്ങളിലൂടെ സഞ്ചരിച്ച് മങ്കടയുടെ ചരിത്രത്തിലെ പ്രധാന നാഴികകല്ലായ മങ്കടകോവിലകം സന്ദര്‍ശിക്കുക എന്നതായിരുന്നു.സ്വന്തം ഭൂപ്രദേശത്തിന്റെ ചരിത്രം അറിയുക എന്നത് എല്ലാവരുടെയും അവകാശമാണ്.മങ്കട കോവിലകത്തിന്റെ ഉള്‍ഭാഗം കുട്ടികളെ സംബന്ധിച്ചിടത്തോളം ആദ്യഅനുഭവമായിരുന്നു എന്നുതോന്നി.ക്യാമ്പില്‍ തിരിച്ചെത്തിയ കുട്ടികള്‍ തയ്യാറാക്കിയ കുറിപ്പുകളില്‍ കോവിലകത്തിനു നല്കിയ പ്രാധാന്യം ഫീല്‍ഡ് ട്രിപ്പ് എന്നത് ഒഴിച്ചുകൂടാന്‍ പറ്റാത്ത പഠനപ്രവര്‍ത്തനമാണെന്ന് വ്യക്തമാക്കുന്നു.കൊച്ചു കൂട്ടുകാരുടെ അനുഭവങ്ങള്‍ രേഖപ്പെടുത്തല്‍ ,ആസൂത്രണം ചെയ്യാനുള്ള കഴിവ് എന്നിവ എടുത്തുപറയാവുന്നതാണ്.ഒഴിവുകാലത്തെ പല ക്യാമ്പുകളും കുട്ടികളെ സംബന്ധിച്ചിടത്തോളം വിരസമാകുമ്പോള്‍ ലഘുവും ലളിതവുമായ ഇത്തരം ക്യാമ്പുകള്‍ വളരെ ആഹ്ലാദകരമാണെന്നു പറയാതെ വയ്യ.ഇതിനു നേതൃത്വം കൊടുത്ത പ്രധാന അധ്യാപിക ശ്രീമതി റഹീമ ടിച്ചര്‍,ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ വാസുദേവന്‍ മാസ്റ്റര്‍,സുനില്‍ മാസ്റ്റര്‍ തുടങ്ങിയവരെ മങ്കട ഓണ്‍ലൈനിന്റെ പേരില്‍ അഭിനന്ദിക്കുന്നു.

Wednesday, 18 December 2013

അറബി ഭാഷക്കായി ജീവിതം സമര്‍പ്പിച്ച ഹംസ മാസ്റ്റര്‍


അറബി ഭാഷക്കായി ജീവിതം സമര്‍പ്പിച്ച 
ഹംസ മാസ്റ്റര്‍
 അധ്യാപക സേവനത്തില്‍ നിന്നും വിരമിച്ച് വിശ്രമജീവിതം നയിക്കുമ്പോഴും അറബിഭാഷയുടെ വളര്‍ച്ചക്കായി സജീവമായി പ്രവര്‍ത്തിക്കുകയാണ് മങ്കടക്കാരനായ ഹംസമാസ്റ്റര്‍.പുസ്തക രചനയും ഓഡിയോ സിഡികളും മറ്റുമായി അറബിഭാഷയുടെ വളര്‍ച്ചക്കും പ്രചാരണത്തിനുമായി ജീവിതം സമര്‍പ്പിച്ച ഹംസമാസ്റ്ററുടെ നേട്ടങ്ങള്‍ വലുതാണ്.മുപ്പത് വര്‍ഷത്തെ അധ്യാപകസേവനത്തിനിടയില്‍ 1996ല്‍ ദേശീയ അധ്യാപക അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി.2005ല്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് ഹോണര്‍,2013ല്‍ സംസ്ഥാന സര്‍ക്കാര്‍ അറബിഭാഷക്ക് മികച്ച സേവനം നല്‍കിയ പത്തുപേര്‍ക്ക് നല്‍കിയ സ്നേഹമുദ്ര ഫലകം എന്നിവ ഇദ്ദേഹത്തിന്റെ സേവനങ്ങള്‍ക്കുള്ള അംഗീകാരമാണ്.
 
അറബി അധ്യാപക ഡയറി,അറബിസാഹിത്യോത്സവ സഹായി,അനാശിദുല്‍ അഥ്ഫാല്‍ തുടങ്ങി എട്ട് ഭാഷാപഠനപുസ്തകങ്ങളും അനാദില്‍ ,സല്‍സബീല്‍,സല്‍വ തുടങ്ങിയ അറബി പദ്യങ്ങളും ഗാനങ്ങളുമടങ്ങുന്ന പതിനഞ്ചോളം ഓഡിയോ വീഡിയോ സിഡികളും ഇദ്ദേഹത്തിന്റെ സംഭാവനകളായുണ്ട്.അറബി അധ്യാപക ഡയറിക്ക് കേരള വഖഫ് ബോര്‍ഡിന്റെ പ്രത്യേക പ്രോത്സാഹന സമ്മാനവും ലഭിച്ചിട്ടുണ്ട്.കെ.മൊയ്തു മൗലവി കേരളത്തെ കുറിടച്ച് എഴുതിയ അറബികവിതയും അറബ് വസന്തത്തെകുറിച്ച് രചിക്കപ്പെട്ട കവിതയും ഇതില്‍ ഉള്‍പ്പെടുന്നു.കൂടാതെ ഏതാനും മാപ്പിളപ്പാട്ട് വി.സി.ഡികളും പുറത്തിറക്കീട്ടുണ്ട്.2005 ല്‍ മഞ്ചേരി ഗവ:ഗേള്‍സ് ഹൈസ്ക്കൂളില്‍ നിന്നും വിരമിച്ച ഹംസമാസ്റ്റര്‍ അറുപത്തിയേഴാം വയസ്സിലും സജീവമായി രംഗത്തുണ്ട്.


ശാന്തപുരം അല്‍ ജാമിയഅല്‍ ഇസ്ലാമിയയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയ ഹംസമാസ്റ്റര്‍ 1990ല്‍ അനീസ പബ്ലിക്കേഷന്‍ എന്ന ബാനറിലാണ് പൊതുരംഗത്തേക്ക് വരുന്നത്.ഈ പേരില്‍ ഏതാനും ഇസ്ലാമിക സാഹിത്യങ്ങളും പുറത്തിറക്കിയിട്ടുണ്ട്.നിലവില്‍ മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന വികാസ് ബുക്ക് സ്റ്റാള്‍ എന്ന സ്ഥാപനത്തിന്റെ തുടക്കം അനീസ പബ്ലിക്കേഷനായിരുന്നു.
പുസ്തകങ്ങള്‍:
ബാലകഥാമാല,അറബി അധ്യാപക ഡയറി,അറബിസാഹിത്യോത്സവ സഹായി,അനാശിദുല്‍ അഥ്ഫാല്‍,അഗാതി,വനിതാ രക്ത്നങ്ങള്‍.
വിസിഡികള്‍:
അനാദില്‍ ,സല്‍സബീല്‍,സല്‍വ,സജ് വ, ഐമന്‍, അല്‍ബുഷ്റ, റയ്യാന്‍,ജുമാന,അന്‍വാര്‍,സംസം.

പരേതനായ പുല്ലോടന്‍ അബ്ദുറഹിമാന്റെയും കറുമൂക്കില്‍ ആയിശയുടെയും മകനായി 1944 ഡിസംബര്‍ 12ന് ജനനം.1971 മുതല്‍ 2000വരെ അധ്യാപകനായി സേവനം ചെയ്തു.ഭാര്യ ഹാജിറ ടീച്ചര്‍ അല്‍അസ്ഹര്‍ തിരൂര്‍ക്കാട്. അനീസ,ബരീറ,സിറാജുദ്ധീന്‍,ഇര്‍ഷാദ്,സല്‍വ എന്നിവര്‍ മക്കള്‍.

അനീസ മന്‍സില്‍
കടന്നമണ്ണ.പി.-679324
മലപ്പുറം ജില്ല.
ഫോണ്‍:9847938719
e-mail:hamzakadannamana@gmail.com