flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Tuesday 4 March 2014

മങ്കട -ആയിരനാഴികോവിലകങ്ങള്‍ ചരിത്രത്തില്‍


മങ്കട -ആയിരനാഴികോവിലകങ്ങള്‍ ചരിത്രത്തില്‍


മലബാറിലെ പ്രശസ്തമായ കോവിലകങ്ങളില്‍ ഉള്‍പ്പെട്ടതാണ് മങ്കടകോവിലകവും ആയിരനാഴികോവിലകവും.
ചരിത്രമുറങ്ങുന്ന മങ്കട കോവിലകത്തിന്റെ വിശാലമുറ്റത്തേക്ക് കടക്കുന്നതോടെ ആനവാതില്‍ പടിപ്പുര കടന്ന് കോവിലകത്തിന്റെ പ്രൗഢമായ ലോകത്തേക്ക് പ്രവേശിക്കാം.വള്ളുവനാട്ടിലെ പ്രസിദ്ധമായ കോവിലകമാണ് മങ്കടകോവിലകം.അപൂര്‍വ്വവും യുഗങ്ങളുടെ പഴക്കത്തിന്റെ തെളിവുമായി ഒരുദേശത്തിന്റെ തന്നെ ആണിക്കല്ലായി മങ്കടകോവിലകം നില്‍ക്കുന്നു.പന്തലൂര്‍മലയില്‍നിന്നും പ്രത്യേകസാഹചര്യങ്ങളാല്‍ വള്ളുവനാട്ടു രാജകുടുംബം കടന്നമണ്ണകോവിലകത്തേക്കും തുടര്‍ന്ന് കുടുംബങ്ങളിലെ അംഗസംഖ്യവര്‍ദ്ധിച്ചതോടെ മങ്കട കോവിലകവും രൂപംകൊണ്ടതായാണ് ചരിത്രം.ഏകദേശം മൂന്ന് നൂറ്റാണ്ടിലധികം പഴക്കമുള്ള മങ്കട കോവിലകം പതിനഞ്ച് ഏക്കറില്‍ 46 മുറികളും ആറ് കുളങ്ങളും ഒമ്പത് കിണറും രണ്ടു ക്ഷേത്രങ്ങളും അനുബന്ധകെട്ടിടങ്ങളും അടങ്ങിയതായിരുന്നു മങ്കടകോവിലകം.16കെട്ടായാണ് കോവിലകം നിര്‍മ്മിച്ചത്.പിന്നീട് കാലക്രമേണ ക്ഷയിച്ച് എട്ടുകെട്ടായിമാറി.തൃശൂരില്‍ നിന്നും കൊച്ചിയില്‍ നിന്നും വന്ന തച്ചന്‍മാരാണ് കോവിലകത്തെ കൊത്തുപണികള്‍ ചെയ്തിട്ടുള്ളത്.ചേരിയത്തുനിന്നും കൊണ്ടുവന്ന തേക്ക് ,പ്ലാവ് എന്നിവ ഉപയോഗിച്ചാണ് മരപ്പണികള്‍ പൂര്‍ത്തിയാക്കിത്.ഒറ്റത്തടിപ്ലാവില്‍ നിര്‍മ്മിച്ച തൂണുകളും വാതിലുകളും ഇന്നും കേടുകൂടാതെ നില്‍കുന്നു.കോവിലകത്തിന്റെ മുഖമണ്ഡപത്തില്‍ തച്ചന്‍മാരുടെ കരവിരുതുകള്‍ ആമ,പാമ്പ്,തവള,വ്യാളീമുഖം തുടങ്ങിയ രൂപങ്ങളില്‍ മരത്തില്‍ ചിത്രലേഖനം ചെയ്തിരിക്കുന്നു.പൂമുഖ വാതിലിനും മുകളിലുള്ള മംഗളപലക(കൊത്തുപണി)കാഴ്ചകാരില്‍ അത്ഭുതംവിടര്‍ത്തും.കോവിലകം വളപ്പിലുള്ള അഞ്ചുകുളങ്ങളില്‍ പെരുംകുളം ഒരേക്കറില്‍ വ്യാപിച്ചുകിടക്കുന്നു.


പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം പ്രത്യേകം കെട്ടിടങ്ങളായിരുന്നു.ഇതിനു ഊട്ടുപുരയും പത്തായപുരയും അടുക്കളയും അനുബന്ധമായുണ്ടായിരുന്നു.ഒരുനേരത്തെ ഭക്ഷണത്തിനായി ഏകദേശം ഒന്നരച്ചാക്ക് അരി ഉപയോഗിച്ചിരുന്നു.കണക്കെടുപ്പുക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായാണ് മുന്‍വശത്തുള്ള ബംഗ്ലാവ് നിര്‍മ്മിച്ചത്.പടിപ്പുരക്ക് വലതുവശത്തായുള്ള ഈ ഓഫീസ് കെട്ടിടം ' രായസ് ' എന്നാണ് അറിയപ്പെട്ടിരുന്നത്.പൂമുഖത്തറയില്‍ രാവിലെ തമ്പുരാന്‍ പരാതികള്‍ സ്വീകരിച്ചിരുന്നു.എന്നാല്‍ അവസാന തീര്‍പ്പുകള്‍ മൂത്ത തമ്പുരാട്ടിയുടെതായിരുന്നു.
ഓരോ പ്രദേശത്തുമായി പതിനെട്ടുചേരിക്കല്ലുകളില്‍(പ്രദേശസ്ഥാനം)നിന്നായി 120000പറനെല്ലും 36000രൂപയും വാര്‍ഷികവരുമാനമായി ലഭിച്ചിരുന്നു.തറവാട്ടിലെ മുതിര്‍ന്ന കാരണവര്‍ സവാരിക്കായി കുതിരവണ്ടി ഉപയോഗിച്ചിരുന്നു.മറ്റുള്ളവര്‍ കാളവണ്ടി,പല്ലക്ക് എന്നിവയും ഉപയോഗിച്ചിരുന്നു.ആറ് പല്ലക്കുകള്‍ മങ്കടകോവിലകത്തുണ്ടായിരുന്നു.1947ലാണ് കോവിലകം ഭാഗം വെച്ചത്.ഇപ്പോള്‍ മൂന്ന് കുടുംബങ്ങളാണ് കോവിലകത്ത് താമസിക്കുന്നത്.നിരവധി പ്രശസ്തര്‍ മങ്കട കോവിലകത്തു നിന്നും ഉണ്ടായിട്ടുണ്ട്.മലബാര്‍ ഗോഖലെ ,റാവുബഹദൂര്‍ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന കൃഷ്ണ വര്‍മ്മരാജ മലബാര്‍ മേഖലയില്‍ പതിനെട്ടു സ്കൂളുകള്‍ നിര്‍മ്മിച്ചു.കൃഷ്ണ വര്‍മ്മരാജയുടെ മരുമകനായിരുന്നു പ്രശസ്ത സിനിമാ ഛായാഗ്രാഹകനായിരുന്ന മങ്കട രവിവര്‍മ്മ.നാല് കഥകളിയും നിരവധി കാവ്യങ്ങളും രചിച്ച ശ്രീവല്ലഭരാജാ കുട്ടന്‍ തമ്പുരാന്‍ മങ്കട കോവിലകത്തെ മറ്റൊരു പ്രശസ്തനായിരുന്നു.

ആയിരനാഴികോവിലകം:

പ്രതാപകാലത്തിന്റെ തിരുശേഷിപ്പുകള്‍ കുറെയൊക്കെ അവശേഷിച്ചിട്ടുള്ള വള്ളുവനാട്ടിലെ മറ്റൊരു കോവിലകമാണ് ആയിരനാഴികോവിലകം.ഏകദേശം ഒന്നരനൂറ്റാണ്ടിന്റെ പഴക്കം കണക്കാക്കുന്നു.തൊട്ടടുത്തുതന്നെയുള്ള കെട്ടിടത്തിനു 70വര്‍ഷത്തെ പഴക്കമുണ്ട്.അഞ്ച് ഏക്രയോളം വരുന്ന പ്രദേശത്ത് 40സെന്റ് സ്ഥലത്താണ് ആയിരനാഴികോവിലകം സ്ഥിതിചെയ്യുന്നത്.26മുറികളും അടുക്കള,വരാന്ത,രണ്ടുനടുമുറ്റങ്ങള്‍,തെക്കിനി എന്നിവയടങ്ങിയ എട്ട് കെട്ടായാണ് കോവിലകം നിര്‍മ്മിച്ചിരിക്കുന്നത്.നമ്പൂതിരിമാര്‍ തന്നെയാണ് കോവിലകത്തിനു വേണ്ടി കൊത്തുപണികള്‍തീര്‍ത്തത്.
കോവിലകം ക്ഷേത്രത്തിലും തെക്കിനിയിലും തിരുമാന്ധാം കുന്നിലമ്മയാണ് പ്രതിഷ്ഠ.മുന്‍ഭാഗത്ത് അരികിലായി കുളിപ്പുരയോടുകൂടിയ കുളം വലിയകരിങ്കല്‍ തൂണുകളും പടവുകളും!.പ്രതാപകാലത്ത് പന്ത്രണ്ടാനകളും നിരവധിസ്ഥലങ്ങളും ഉണ്ടായിരുന്നു.ദിവസവും ആയിരം നാഴിഅരി അന്നദാനത്തിനായി ഉപയോഗിച്ചിരുന്നു എന്നതിനാലാവാം ആയിരനാഴി എന്നപേരുവന്നത്.കാവുകള്‍ കോവിലക വളപ്പില്‍തന്നെ കാണാവുന്നതാണ്.പണ്ട് കഥകളി നടന്നിരുന്നു.ഋതുഭേദം,1921,എന്നെന്നും കണ്ണേട്ടന്റെ എന്നീ സിനിമകള്‍ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്.എസി.കെ ഭാനുണ്ണി രാജ,ഉദയവര്‍മ്മരാജ എന്നിവര്‍ ഈ കോവിലകത്തെ പ്രശസ്തരാണ്.


വള്ളുവനാട്ടിലെ തന്നെകോവിലകങ്ങളില്‍ പ്രശസ്തമായ കോവിലകങ്ങളായിരുന്നു അരിപ്ര,കടന്നമണ്ണ കോവിലകങ്ങള്‍.ഈ രണ്ട് കോവിലകങ്ങളില്‍ കടന്നമണ്ണ കോവിലകത്തിന്റെ കെട്ടിടം മാറ്റങ്ങള്‍ വരുത്തുകയും അരിപ്ര കോവിലകത്തിന്റേത് പൂര്‍ണ്ണമായും പൊളിക്കുകയും ചെയ്തിട്ടുണ്ട്. 

No comments:

Post a Comment