flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Monday, 23 September 2013

മങ്കട ഉണ്ണീന്‍ മൗലവി ഒരു കാലഘട്ടത്തിന്റെ ആത്മീയ -സാമൂഹ്യ നേതൃത്വം


ഉണ്ണീന്‍ മൗലവി ഒരു കാലഘട്ടത്തിന്റെ ആത്മീയ -സാമൂഹ്യ നേതൃത്വം

അഞ്ച് പതിറ്റാണ്ടുകള്‍ക്കു മുമ്പ് മങ്കടയുടെ ആത്മീയ-സാമൂഹ്യ ജീവിതത്തില്‍ നിറഞ്ഞുനിന്നിരുന്ന ഒരു മഹാനായിരുന്നു ശ്രീ.ഉണ്ണീന്‍ മൗലവി(1885-1963).കോയ അധികാരിയുടെ സമകാലീകനും സ്യാലനുമായിരുന്ന ഉണ്ണീന്‍ മൗലവി കേരളത്തില്‍ അറിയപ്പെടുന്ന പ്രമുഖ പണ്ഡിതനായിരുന്നു.ഇസ്ലാമിക പണ്ഡിത സഭയായ കേരളജംഇയ്യത്തുല്‍ ഉലമയുടെ വൈസ് പ്രസിഡന്റും1922ല്‍ സ്ഥാപിക്കപ്പെട്ട മങ്കട ജുമാമസ്ജിദിന്റെ മഹല്‍ ഖാസിയുമായി മരിക്കുന്നതുവരെ തുടരുകയും ചെയ്ത അദ്ദേഹം യാതൊരു പ്രതിഫലവും പറ്റാതെ ബഹുമുഖപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു.
ജാതിമത വ്യതാസമില്ലാതെ നിരാലംബര്‍ക്ക് അദ്ദേഹം താങ്ങും തണലുമായിരുന്നു.സ്വാതന്ത്രസമര സേനാനി മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ അടുത്ത സുഹൃത്തുക്കളില്‍പ്പെട്ടിരുന്നവരായിരുന്നു ഉണ്ണീന്‍ മൗലവിയും കോയ അധികാരിയും.1952ല്‍ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചു.ഒരു ബഹുഭാഷ പണ്ഡിതനും നല്ലൊരു വായനാ പ്രിയനുമായിരുന്നു മൗലവി.നവോത്ഥാന പ്രസ്ഥാനങ്ങളുടെ ജിഹ്വകളായിരുന്ന ഉമുല്‍ഖുറ,അല്‍മനാര്‍ എന്നീ അറബി പത്രങ്ങള്‍ക്ക് പുറമെ ഏതാനും ഉറുദു പത്രങ്ങളും ദിനമണി എന്ന തമിഴ് പത്രവും വരുത്തി വായിച്ചിരുന്നു.അറബിയില്‍ കവിതകള്‍ എഴുതാറുണ്ടായിരുന്നു.ജീവിതത്തിലുടനീളം ലാളിത്യം പുലര്‍ത്തിയിരുന്ന അദ്ദേഹം ദൂര സ്ഥലങ്ങളിലേക്കു പോലും കാല്‍നടയായിട്ടായിരുന്നു സഞ്ചരിച്ചിരുന്നത്.ഒരു പരിപൂര്‍ണ്ണ ഖദര്‍ ധാരിയായിരുന്നു മൗലവി.
"എത്രനാള്‍ കഴിഞ്ഞാലും കാണുവാനാശിക്കേണ്ട
ഇത്തരമൊരാളെ നീ മങ്കടേ ;ഇനി മേലില്‍"
(മൗലവി മുഹമ്മദ് ഫലക്കി)

പിന്‍തലമുറക്ക് പഠിക്കാനും പകര്‍ത്താനും ഒട്ടേറെ മാതൃകകള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയാണ് മങ്കട പി.ഉണ്ണീന്‍ മൗലവി കടന്നുപോയത്.1963ല്‍ ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ മുഹമ്മദ് ഫലക്കി മൗലവി എഴുതിയ അറബികാവ്യത്തിലെ വരികളാണ് മേല്‍ ഉദ്ധരിച്ചത്.പ്രഗത്ഭനായ മത പണ്ഡിതനും അന്ധവിശ്വാസ അനാചാരങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍ തിളക്കമാര്‍ന്ന സാന്നിധ്യവുമായിരുന്ന ഉണ്ണീന്‍ മൗലവിയുടെ ചരിത്രം ഓര്‍മകളില്‍ നിന്നും പങ്കു വെയ്കുകയാണ് പൗത്രന്‍മാരായ പി.റഹ്മത്തുള്ള മാസ്റ്ററും അബ്ദു റഹീം മാസ്റ്ററും.ഉണ്ണീന്‍ മൗലവിയുടെ മൂത്ത മകന്‍ മുഹമ്മദ് മാസ്റ്ററുടെ മക്കളാണ് ഇരുവരും.

1885ലാണ് ഉണ്ണീന്‍ മൗലവിയുടെ ജനനം.പരിയംതടത്തില്‍ കഞ്ഞായുവിന്റെയും പുന്നക്കാട്കുഴി മമ്മാത്തുമ്മയുടെയും മകനായി ഉണ്ണീന്‍ മൗലവി പിറന്നു.തോട്ടതൊടിക സൈതാലി മൊല്ലയുടെ കീഴിലായിരുന്നു പ്രഥമിക മതപഠനം.രണ്ടു പതിറ്റാണ്ടോളം മങ്കട,കൂട്ടില്‍,അരിപ്ര, ചെമ്മങ്കടവ്,മുള്ള്യകുര്‍ശി, മലപ്പുറം, വെട്ടത്തൂര്‍, കട്ടിലശ്ശേരി എന്നിവിടങ്ങളിലെ പള്ളികളിലായി അദ്ദേഹം വിദ്യ അഭ്യസിച്ചു.സ്വന്തം ചെലവിലാണ് അദ്ദേഹം തന്റെ മതപഠനം നിര്‍വ്വഹിച്ചത്.വില കൊടുത്താല്‍ കിട്ടാവുന്ന മതഗ്രന്ഥങ്ങള്‍ അദ്ദേഹം സ്വന്തമാക്കി.എന്തുകേട്ടാലും മനപ്പാഠമാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് പ്രത്യകം എടുത്തു പറയേണ്ടതാണ്.വിശുദ്ധ ഖുര്‍ആന്‍ മുഴുവനും മനപ്പാഠമാക്കിയിരുന്നു അദ്ദേഹം.ഖുര്‍ആന്‍,ഹദീസ് .കര്‍മ്മശാസ്ത്രം എന്നിവയില്‍ അഗാധ പാണ്ഡിത്യത്തിനുടമയായിരുന്നുഉണ്ണീന്‍ മൗലവി.

കിതാബുകള്‍ നോക്കാതെ തന്നെ ആവശ്യമായ വിവരങ്ങളും പരിഹാരങ്ങളും നല്കുന്ന ഉണ്ണീന്‍ മൗലവി യുടെ പ്രകൃതം അന്നത്തെ ആളുകളില്‍ വലിയ കൗതുകവും ആദരവുമാണുണ്ടാക്കിയിരുന്നത് ചേകന്നൂര്‍ മൗലവി എടവണ്ണ ജാമിഅ:നദ് വിയ്യയില്‍ അധ്യാപനായിരുന്ന കാലത്ത് ഒരിക്കല്‍ ഒരു സംശയ നിവാരണത്തിനായി ഉണ്ണീന്‍ മൗലവിയെ തേടി മങ്കടയിലെത്തി.കൂടെ ഒരു ശിഷ്യനുമുണ്ടായിരുന്നു.അങ്ങാടിയില്‍ വെച്ചാണവര്‍ ഉണ്ണീന്‍ മൗലവിയെ കാണുന്നത്.ചേകന്നൂര്‍ മൗലവി തന്റെ ആഗമനോദ്ദേശ്യം ഉണ്ണീന്‍ മൗലവിയെ ധരിപ്പിച്ചു.ഉടന്‍തന്നെ റോഡിന്റെ ഓരത്തേക്ക് മാറിനിന്ന് ആ വിഷയം ഇന്ന കിത്താബില്‍ ഇത്രാമത്തെ പേജില്‍ വിവരിക്കുന്നുണ്ടെന്ന്പറഞ്ഞ് അദ്ദേഹം ആ വരികൂടി ഉദ്ധരിച്ചു.അതുകേട്ട് ചേകന്നൂര്‍ മൗലവി അങ്ങേയറ്റം അത്ഭുതപ്പെട്ടു.

വാദപ്രതിവാദങ്ങളിലും തര്‍ക്കങ്ങളിലും അദ്ദേഹത്തിനു താല്പര്യമുണ്ടായിരുന്നില്ല.മതവിധിക്കായി മാത്രമല്ല മറ്റു പല പ്രശ്നങ്ങള്‍ക്കു പരിഹാരം തേടിയും നിരവധിയാളുകള്‍ മൗലവിയെ തേടി എത്താറുണ്ടായിരുന്നു.ജാതിമത വ്യത്യാസമില്ലാതെ അത്തരത്തില്‍ മൗലവിയെതേടി വന്നവരൊക്കെ തികഞ്ഞ സംതൃപതിയോടെയാണ് തിരിച്ചുപോയിരുന്നത്.സാമ്പത്തിക പ്രയാസമനുഭവിക്കുന്നവരെ കണ്ടറിഞ്ഞ് സഹായിച്ചിരുന്നു.തനിക്ക് പൈതൃകമായി ലഭിച്ച സമ്പത്തിന്റെ നല്ലൊരു ഭാഗവും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ചെലവഴിച്ചത്.ഒടുവില്‍ ജീവിതാന്ത്യത്തില്‍ ദാരിദ്രത്തിലായപ്പോഴും മറ്റുള്ളവരുടെ പ്രയാസങ്ങളാണ് അദ്ദേഹത്തെ അസ്വസ്ഥനാക്കിയത്.
എപ്പോഴും വിനയത്തില്‍ പൊതിഞ്ഞ പുഞ്ചിരിയുമായണ് എല്ലാവരെയും അഭിമുഖീകരിച്ചത്.ചീത്ത വാക്കുകളോ,പരുഷമായ പെരുമാറ്റമോ രൂക്ഷമായ പ്രതികരണമോ മൗലവിയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല.ജാതിമതകക്ഷിഭേദമന്യേ ചെറിയവരെയും വലിയവരെയും അദ്ദേഹം ആദരിച്ചു.മാതാ പിതാക്കളുടെ ലാളനയേറ്റ് വളരാന്‍ ഭാഗ്യം ലഭിക്കാത്തവരും പില്‍ക്കാലത്ത് വഴിതെറ്റാന്‍ സാധ്യതയുള്ളവരെയും പ്രത്യേകം കണ്ടെത്തി തിരൂരങ്ങാടി യത്തീംഖാനയിലേക്ക് അയച്ച് നാടിനും സമൂഹത്തിനും മുതല്‍ക്കൂട്ടായ ഉത്തമ പൗരന്‍മാരാക്കാനുള്ള ശ്രമം അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായി.അവരില്‍ പലരും തിരൂരങ്ങാടിയില്‍ നിന്നുതന്നെ അധ്യാപക പരിശീലനവും കഴിഞ്ഞാണ് മങ്കടയിലെത്തിയത്.ഉണ്ണീന്‍ മൗലവിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഈ അവസ്ഥയില്‍ എത്തില്ലായിരുന്നുവെന്ന്കെ.എന്‍.എം മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന അന്തരിച്ച മങ്കട അബ്ദുല്‍ അസീസ് മൗലവി പറഞ്ഞതായി രേഖപ്പെടുത്തീട്ടുണ്ട്.മദീനത്തുല്‍ ഉലൂം,റൗളത്തുല്‍ ഉലൂം അറബികോളേജുകളുമായി ഉറ്റം ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം
റൗളത്തുല്‍ ഉലൂം ആദ്യം ആനക്കയത്തും പിന്നീട് മഞ്ചേരിയിലും തുടര്‍ന്ന് ഫറോക്കിലേക്കും മാറ്റുന്ന അവസരങ്ങളില്‍ അബുസ്സബാഹ് മൗലവിയുടെ വലം കയ്യായി പ്രവര്‍ത്തിച്ചു.

വിശുദ്ധപ്രമാണങ്ങളുടെ വെളിച്ചത്തില്‍ പ്രബോധനവീഥിയിലിറങ്ങിയ ഉണ്ണീന്‍ മൗലവി മുസ്ലീം നവോത്ഥാന സംരംഭങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു.കേരള മുസ്ലീം ഐക്യസംഘം,കേരള ജംയ്യത്തുല്‍ ഉലമ,കേരള നദ് വത്തുല്‍ മുജാഹിദീന്‍ എന്ന സംഘടനകള്‍ രൂപീകരിച്ചപ്പോള്‍ അവയുടെ മുന്‍നിരയിലുണ്ടായിരുന്നു. കേരള ജംയ്യത്തുല്‍ ഉലമയുടെ സംസ്ഥാന ഉപാദ്ധ്യക്ഷനായിട്ടുണ്ട്.വക്കം മൗലവി,കെ.എം മൗലവി ,കട്ടിലശ്ശേരി മുഹമ്മദ് മൗലവി എന്നിവരുമായി അടുത്ത ബന്ധംപുലര്‍ത്തിയിരുന്നു.നാടിന്റെ വിദ്യാഭ്യാസ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.സ്ത്രീ വിദ്യാഭ്യാസത്തിനായി ഏറെ പ്രചാരണം നടത്തി.അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായി പ്രവര്‍ത്തിച്ചു.എല്ലാവരുടെയും ക്ഷണം നിരസിച്ച് നാട്ടില്‍തന്നെ തന്റെ കര്‍മ്മ മണ്ഡലം സജീവമാക്കി.മങ്കടയും പരിസരവും ഉല്‍പതിഷ്ണുക്കളുടെ നാടായി അറിയപ്പെട്ടത് മൗലവിയുടെ ഈ നിലപാടിലൂടെയാണ്.

ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് ഉണ്ണീന്‍ മൗലവി രാഷ്ടീയത്തില്‍ പ്രവേശിച്ചത്.അന്നത്തെ ദേശീയ നേതാക്കളായ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്,.മൊയ്തു മൗലവി,കെ.കേളപ്പന്‍,എം.പി ഗോവിന്ദമേനോന്‍ മുതലായവരുമായി അടുത്ത ബന്ധംപുലര്‍ത്തിയിരുന്നു.കെ.പി.സി.സി മെമ്പറായിരുന്നു.മലബാര്‍ ഡിസ്ട്രിക്ക് ബോര്‍ഡിലേക്കും താലൂക്ക് ബോര്‍ഡിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.ഡിസ്ട്രിക്ക് ബോര്‍ഡ് മെമ്പറായിരുന്ന കാലത്ത് ഒരുപാട് വിദ്യാലങ്ങള്‍ക്ക് തുടക്കം കുറിച്ചു.അന്ന് സ്കൂളുകളെല്ലാം ബോര്‍ഡിന്റെ കീഴിലായിരുന്നു.മങ്കടയില്‍ ആദ്യമായി സ്ഥാപിച്ച മദ്രസ്സക്ക് മുഫീദുല്‍ ഉലൂം എന്ന പേര് നല്‍കിയത് അദ്ദേഹമാണ്.സഹോദരീ ഭര്‍ത്താവായ കേരളാം തൊടി കോയ അധികാരിയും ആലങ്ങാടന്‍ അയമുസാഹിബും ഉണ്ണീന്‍ മൗലവിയുടെ സഹായത്തിനുണ്ടായിരുന്നു.മങ്കട മഹല്‍ ഖാദിയായിരുന്നു ഉണ്ണീന്‍ മൗലവി.

സ്വന്തമായി ചെയ്യാവുന്ന കാര്യങ്ങള്‍ക്കായി ഒരിക്കലും മറ്റുള്ളവരെ കാത്തു നില്‍ക്കുന്ന പ്രകൃതമായിരുന്നില്ല മൗലവിക്ക്.അങ്ങാടിയില്‍ നിന്നും തലചുമടായി സാധനങ്ങള്‍ ഏറ്റികൊണ്ടുപോയിരുന്ന മൗലവിയുടെ സ്വഭാവം മറ്റുള്ളവര്‍ക്ക് മാതൃകായായിരുന്നു.രോഗശയ്യയിലും തന്റെ വായനയും പഠനവും സന്ദര്‍ശകരുമായി ചര്‍ച്ചകളും നടത്തിയിരുന്ന അദ്ദേഹം മതസാമൂഹ്യ രാഷ്ട്രീയ വിദ്യാഭ്യാസമേഖലകളില്‍ ചരിത്രത്തില്‍ മായ്ക്കപ്പെടാനാവാത്തവിധം ഒരു പുരുഷായുസ്സ് ജീവിച്ച് തീര്‍ത്ത് തന്റെ എഴുപത്തിയെട്ടാം വയസ്സില്‍ 1963ല്‍ ഈ ലോകത്തോട് വിടപറഞ്ഞു.

ഉണ്ണീന്‍ മൗലവിയുടെ കൈപ്പടയിലെഴുതിയ ഖുര്‍ആന്‍ പതിപ്പ് ഇതെഴുതുന്ന ഘട്ടത്തില്‍ ലഭ്യമായതായി പൗത്രന്‍ റഹ്മത്തുള്ള മാസ്റ്റര്‍ പറഞ്ഞു.ചിത്രവും വാര്‍ത്തയും ഇതോടൊപ്പം ചേര്‍ക്കുന്നു.


ഖുര്‍ആന്‍ ക്കൈയെഴുത്ത് പ്രതി ഉണ്ണീന്‍ മൗലവി തയ്യാറാക്കിയത്


 
ഖുര്‍ആന്‍ ക്കൈയെഴുത്ത് പ്രതിയുടെ പുറംചട്ട

ഉണ്ണീന്‍ മൗലവിയുടെയും കോയ അധികാരിയുടെയും ഓര്‍മ്മക്കായി  ആ പ്രദേശത്തിന് നാട്ടുക്കാര്‍  യു.കെ നഗര്‍ എന്നപേര് നല്‍കി


റഫറന്‍സ്:

1.ഇസ്ലാഹി നായകന്‍മാര്‍,സ്മൃതിചിത്രങ്ങള്‍.
2.മങ്കട യത്തീംഖാന സൂവനീര്‍.
3.അഭിമുഖങ്ങള്‍

No comments:

Post a Comment