flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Sunday, 29 September 2013

മാപ്പിളപ്പാട്ടിനെ നെഞ്ചിലേറ്റിയ മങ്കട തയ്യില്‍ കുഞ്ഞമ്മു സാഹിബ്


മാപ്പിളപ്പാട്ടിനെ നെഞ്ചിലേറ്റിയ മങ്കട തയ്യില്‍ കുഞ്ഞമ്മു സാഹിബ്
മങ്കട ഓണ്‍ലൈനിന്റെ വിവരശേഖരണത്തിനായി പഴയതലമുറയിലെ ആളുകളെ കാണാനായി പുറപ്പെട്ട ദിവസം ഒരാള്‍ പറഞ്ഞു തയ്യില്‍ കുഞ്ഞമ്മു കാക്ക നല്ലൊരു മാപ്പിളപ്പാട്ടു എഴുത്തുകാരനും ഗായകനുമാണെന്ന്.ഇതു മനസ്സിലിട്ട് കൊണ്ടുനടക്കുന്ന ദിവസങ്ങളിലാണ് കുഞ്ഞമ്മു സാഹിബിന്റെ മകന്‍ എം.എ റഹിമാന്‍ ബ്ലോഗ് സന്ദര്‍ശിക്കുന്നതും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതും.തുടര്‍ന്ന് വിദേശത്തായിരുന്ന എം.എ റഹിമാന്‍ നാട്ടിലെത്തിയതോടെ കുഞ്ഞമ്മു സാഹിബിനെ കാണാന്‍ അവസരമൊരുങ്ങി.ഇതോടൊപ്പം തന്നെ സുഹൃത്തായ മുനീറിന്റെ അയല്‍വാസികൂടിയായപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി.

ഓണാവധിയിലുള്ള ഒരു ദിവസം കുഞ്ഞമ്മു സാഹിബിനെ കാണാന്‍ തെരഞ്ഞെടുത്തു.രാഷ്ട്രീയത്തിലും അതിലേറെ മാപ്പിള സാഹിത്യത്തിലും താല്‍പര്യമുള്ള കുഞ്ഞമ്മു സാഹിബിന്റെ സംസാരം പലപ്പോഴും ഇരുമേഖലകളിലും സ്പര്‍ശിച്ചുകൊണ്ടായിരുന്നു.സാഹിബിന്റെ വാക്കുകളില്‍ നിന്നും എനിക്കു ലഭിച്ച വിവരങ്ങള്‍ വായനക്കാരുമായി പങ്കുവെയ്ക്കട്ടെ.


തയ്യില്‍ കമ്മാലി മുസ്ല്യാരുടെയും കുഞ്ഞാത്തുമ്മയുടെയും ഏഴാമത്തെ പുത്രനായി 1929 ലാണ് മങ്കടയില്‍ കുഞ്ഞമ്മു സാഹിബ് ജനിച്ചത്.സഹോദരന്‍ അബ്ദുല്‍ അസീസ് മൗലവി കേരളത്തില്‍ തന്നെ അറിയപ്പെടുന്ന വ്യക്തിയായിരുന്നു വെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണല്ലോ.പിതാവായിരുന്ന കമ്മാലി മുസ്ല്യാരെ കുറിച്ചാണ് സംഭാഷണം തുടങ്ങിയത്.തിരൂരങ്ങാടിയില്‍ നിന്നാണ് തയ്യില്‍ കുടുബം മങ്കടയിലെത്തുന്നത്.ടി.പി ഖാലിദ് മാസ്റ്റര്‍ കടലുണ്ടിയുടെ പുസ്തകത്തില്‍ ഇതിനെ കുറിച്ചുള്ള സൂചനകള്‍ നല്കുന്നു.കമ്മാലി അധികാരി എന്ന പിതാമഹന്‍ മങ്കട ചേരിയം ഭാഗത്താണ് താമസം ആരംഭിച്ചത്.കമ്മാലി അധികാരിയുടെ മൂന്നാമത്തെ പുത്രനായിരുന്നു കുഞ്ഞഹമ്മദിന്റ പുത്രനായിരുന്നു പിതാവായ കമ്മാലി മുസ്ല്യാര്‍.അദ്ദേഹം ജീവിതത്തിന്റെ നല്ലൊരു ഭാഗവും ആലുവയില്‍ പള്ളി ഖത്തീബായി സേവനം അനുഷ്ഠിക്കുകയായിരുന്നു.ഒപ്പം ആയൂര്‍വേദത്തില്‍ ചികിത്സകളും നടത്തിയിരുന്നു.അവസാനകാലത്ത് ആലുവയില്‍ നിന്നും തിരിച്ചെത്തി മങ്കട ജുമാമസ്ജിദിന്റെ ഖത്തീബായി സേവനമനുഷ്ഠിക്കാന്‍ ആരംഭിച്ചു.മങ്കടയില്‍ അറിയപ്പെടുന്ന പണ്ഡിതനായിരുന്നു അദ്ദേഹം.നാട്ടിലും ആയൂര്‍വേദ ചികിത്സകള്‍ ആരംഭിച്ചു.

കുഞ്ഞമ്മു സാഹിബിന്റെ കുടുബത്തില്‍ അദ്ദേഹം ഉള്‍പ്പെടെ പത്ത് അംഗങ്ങള്‍ ഉണ്ടായിരുന്നു. മുഹമ്മദ്, കുഞ്ഞഹമ്മദ്, അബ്ദുറഹിമാന്‍, അബൂബക്കര്‍ എന്ന കുഞ്ഞാവു,മറിയുമ്മ, സൈതാലി,കുഞ്ഞമ്മു, അസീസ്,പാത്തുമ്മ,ഹംസ എന്നിവരായിരുന്നു അവര്‍.ഇപ്പോള്‍ കുഞ്ഞമ്മു സാഹിബ് മാത്രമാണ് ജീവിച്ചിരിക്കുന്നത്.

ബാല്യം എല്ലാ മുസ്ലീം കുടംബങ്ങളിലേയും പോലെ തന്നെയായിരുന്നു. അഞ്ചാം ക്ലാസില്‍ പഠനം പൂര്‍ത്തിയാക്കി.കര്‍ക്കിടകം പ്രൈമറി സ്കൂളിലായിരുന്നു പഠനം.കൃഷിപണിയും കന്നുമേക്കലുമായിരുന്നു പിന്നീട്.അപ്പോഴും മാപ്പിളപ്പാട്ടിന്റെ ഈരടികള്‍ ചുണ്ടില്‍ മൂളിയിരുന്നു. സഹേദരന്‍ അസീസ് മൗലവി പരന്ന വായനയിലും പഠനത്തിലും മുഴുകി ഉയരങ്ങള്‍ താണ്ടിയപ്പോള്‍ പഠിക്കാന്‍ കഴിയാതെ പോയതിന്റെ വേദന മനസ്സിലുണ്ടായിരുന്നതായി കുഞ്ഞമ്മു സാഹിബ് പറഞ്ഞു.അതുകൊണ്ടുതന്നെയായിരിക്കണം കൃഷിപണികളില്‍ നിന്നും മാറി സഹോദരന്റെ കച്ചവടത്തില്‍ സഹായിച്ചിരുന്ന കാലത്ത് ഒഴിവ് സമയങ്ങളില്‍ വലിയ താല്‍പര്യത്തോടെ പുസ്തകങ്ങള്‍ വായിക്കാനും മതഗ്രന്ഥങ്ങള്‍ പഠിക്കാനും സമയം കണ്ടത്താന്‍ പ്രേരകമായത്. ജമാഅത്ത് സാഹിത്യങ്ങള്‍ ആദ്യകാലവായനയില്‍ ഉള്‍പ്പെട്ടിരുന്നു. മൗദൂദി സാഹിബിന്റെ പുസ്തകങ്ങള്‍ വായിക്കാന്‍ താല്‍പ്പര്യം കാണിച്ചിരുന്നു.നെഹൃവിന്റെ ആത്മകഥ, .എം.എസ്, എകെ.ജി. അബ്ദുള്‍കലാം ആസാദ് തുടങ്ങി ഹുസ്നുല്‍ ജമാല്‍,ചങ്ങമ്പുഴയുടെ രമണന്‍,വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങള്‍,ഒട്ടുമിക്ക കവിതകളും നോവലുകളും വായിക്കാന്‍ കഴിഞ്ഞു.ടിഎന്‍ മൗലവി,കെ.എം.മൗലവി,അമാനി മൗലവി എന്നിവരെഴുതിയ കൃതികളും പിതാവിന്റെ കൈവശമുണ്ടായിരുന്ന അഷ്ടാംഗഹൃദയം ആയൂര്‍വേദ ഗ്രന്ഥവും അറബി മലയാളത്തിലെഴുതിയ കൃതികളും വായിച്ചെടുത്തു.

പാട്ടിന്റെ ലോകത്തോടായിരുന്നു എന്നും താല്‍പ്പര്യം. ഏതൊരുപാട്ടുകേട്ടാലുംഹൃദ്യസ്തമാക്കാനും ഒരാവര്‍ത്തികൂടികേള്‍ക്കാനും ഉള്ള മനസ്സ് ചെറുപ്പത്തില്‍ തന്നെ കൂടെയുണ്ടായിരുന്നു.രാഷ്ട്രീയഗാനങ്ങള്‍, കോല്‍ക്കളിപ്പാട്ടുകള്‍, കല്ല്യാണപ്പാട്ടുകള്‍ എന്നിവ സന്ദര്‍ഭള്‍ക്കനുസരിച്ച് തയ്യാറാക്കിയിരുന്നു.മുസ്ലീംലീഗ് പാര്‍ട്ടിയുടെ വേദികളില്‍ കുഞ്ഞമ്മു സാഹിബിന്റെ രാഷ്ട്രീയഗാനങ്ങള്‍ അദ്ദേഹത്തെ താരമാക്കിയിരുന്നു.പുതിയാപ്ല ഇറങ്ങുന്ന സമയത്ത് മത്സരപ്പാട്ടുകള്‍ പാടുമ്പോള്‍ കുഞ്ഞമ്മു സാഹിബിലെ കലാകാരനെ നാട്ടുക്കാര്‍ക്ക് കാണാമായിരുന്നു.കോല്‍ക്കളിപ്പാട്ടുകളില്‍ സ്വന്തമായ വരികള്‍ ചേര്‍ക്കുന്നതില്‍ അദ്ദേഹത്തിന്റെ മിടുക്ക് അപാരമായിരുന്നു.

1986വരെ തിരൂര്‍ക്കാട് കച്ചവടം ചെയ്തു.ഈ കാലത്താണ് തമിഴ്,ഹിന്ദി,ഇംഗ്ലീഷ് ഭാഷകള്‍ സ്വായത്തമാക്കിയത്.തമിഴിലെ ദിനപത്രം ദിനതന്തി കൃത്യമായി വായിച്ചിരുന്നു.ഹിന്ദി നന്നായി സംസാരിക്കാനും കഴിഞ്ഞിരുന്നു.മങ്കടയിലെ റവന്യൂ ഉദ്യോഗസ്ഥനായിരുന്ന കോയ അധികാരി ഒരു മാപ്പിളപ്പാട്ടു കര്‍ത്താവും കൂടിയായിരുന്നുവെന്ന് കുഞ്ഞമ്മു സാഹിബ്.

ഇപ്പോള്‍ കുടുബത്തോടൊപ്പം ചേരിയത്തുള്ള തയ്യില്‍ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്നു.മക്കളില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ എന്ന എം..റഹ് മാന്‍ പിതാവിന്റെ മാപ്പിളപ്പാട്ട് താല്‍പ്പര്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.ആകാശവാണി കോഴിക്കോട് നിലയത്തിലെ മാപ്പിളപ്പാട്ട് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളായ എം..റഹ് മാന്‍ ഇപ്പോള്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്നു.ഇപ്പോഴും ഇടക്കൊക്കെ ആകാശവാണിയില്‍ നിന്ന് തന്റെ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ മാപ്പിളപ്പാട്ടിനെ കൈവിടാത്ത ഉപ്പയും മകനും മാപ്പിളപ്പാട്ടിന്റെ പഴയലോകതെത്തും.
​എം.എ.റഹ് മാന്‍


No comments:

Post a Comment