flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Sunday, 24 November 2013

കഥകളിയെ സ്നേഹിച്ച കലാമണ്ഡലം ഗോപാലകൃഷ്ണന്‍ എന്ന മങ്കടക്കാരനായ പ്രവാസി മലയാളി


കഥകളിയെ സ്നേഹിച്ച കലാമണ്ഡലം ഗോപാലകൃഷ്ണന്‍ എന്ന മങ്കടക്കാരനായ പ്രവാസി മലയാളി

മുപ്പത്തിരണ്ട്കൊല്ലം ഡല്‍ഹിയിലെ മോഡേണ്‍ സ്കൂളില്‍ കലാ അധ്യാപകനായി സേവനമനുഷ്ടിച്ച് നാട്ടിലേക്കെത്തിയ കലാമണ്ഡലം ഗോപാകൃഷ്ണന്‍ എന്ന കൃഷ്ണേട്ടനെ കാണാനായി ഞായറാഴ്ച്ച രാവിലെ തന്നെ വീട്ടിലെത്തി.പതിവുപോലെ ബാല്യകാല ജീവിതത്തിലൂടെ തന്നെയാണ് അദ്ദേഹത്തിന്റെ കലാജീവിതം നമ്മുക്കായി പങ്കുവെയ്ക്കാന്‍ അവസരമുണ്ടായത്.

മങ്കട മീനേടത്ത് ഗോവിന്ദന്‍ നായരുടെയും കുഴിക്കാട്ടില്‍ പാറുകുട്ടിയമ്മയുടെയും മകനായി 1945ല്‍ മങ്കടയില്‍ ജനനം. എട്ടാം ക്ലാസുവരെ മങ്കടയില്‍ പഠിച്ചു.ആ കാലത്തുതന്നെ സമീപപ്രദേശങ്ങളില്‍ കഥകളിയുണ്ടെങ്കില്‍ വളരെ താല്‍പര്യത്തോടെ കാണാന്‍പോകും. പിന്നീട് കൂട്ടുകാരോടൊത്ത് വീടിനു സമീപത്തെ പറമ്പില്‍ കളിച്ചു നോക്കുമായിരുന്നു.1957ല്‍ കേരള കലാമണ്ഡലത്തില്‍ കഥകളി പഠിക്കാനായി ചെന്നപ്പോള്‍ വള്ളത്തോള്‍ അരികെചേര്‍ത്ത് നിര്‍ത്തി ഒരുവര്‍ഷംകൂടി കഴിഞ്ഞിട്ടുമതി പഠനം എന്നു പറഞ്ഞ് തിരിച്ചയച്ചു.തൊട്ടടുത്ത വര്‍ഷം കലാമണ്ഡലത്തില്‍ പ്രവേശനം ലഭിച്ചു.അപ്രകാരം 16/06/1958 മുതല്‍ 19/05/1964വരെ കഥകളി പഠനം തുടര്‍ന്നു.കലാമണ്ഡലം രാമന്‍ക്കുട്ടിനായര്‍,കലാമണ്ഡലം പത്മനാഭന്‍ നായര്‍,കലാമണ്ഡലം ഗോപിയാശാന്‍ എന്നിവരായിരുന്നു പ്രധാന ഗുരുക്കന്‍മാര്‍.പച്ച,വെള്ളത്താടി എന്നിവയായിരുന്നു പ്രധാന വേഷങ്ങള്‍.കലാമണ്ഡലത്തില്‍ നിന്നുംഇരുപത്തിയഞ്ചുരൂപ സ്റ്റൈപ്പന്റ് ലഭിക്കുമായിരുന്നു.തന്റെ പഠനത്തിലും ഉയര്‍ച്ചയിലും ഏറ്റവും താല്പര്യം കാണിച്ചവര്‍ പിതാവായ ഗോവിന്ദന്‍ നായരും ഉണ്ണിതമ്പുരാനും തോട്ടതൊടിമുഹമ്മദ് കാക്കയുമായിരുന്നു.കലാമണ്ഡലത്തിലെ പഠനത്തിന് ശേഷം 1964ല്‍ ഡല്‍ഹിയിലേക്ക് പോയി.
1966വരെ ഡല്‍ഹിയിലെ രംഗശ്രീ,ലിറ്റില്‍ ബാലെ ട്രൂപ്പില്‍ discovery of india എന്ന ബാലെ അവതരിപ്പിച്ചു.1967 വരെ ഇന്ത്യന്‍ റിവൈവല്‍ ഗ്രൂപ്പില്‍ കഥകളിയും ഫോക്ക്ഡാന്‍സുമായി മുന്നോട്ട്പോയി.തുടര്‍ന്ന് ഡല്‍ഹിലെ വസന്ത് വിഹാറിലുള്ള മോഡേണ്‍ സ്കൂളില്‍ കലാഅധ്യാപകനായി ജോലിനേടി.നീണ്ട മുപ്പത്തിരണ്ടു വര്‍ഷം
മോഡേണ്‍ സ്കൂളില്‍ സേവനമനുഷ്ടിച്ചു.ഈ കാലഘട്ടത്തില്‍ ഒട്ടേറെ സാഹിത്യ-സാംസ്കാരിക വേദികളില്‍ ശ്രീ.ഗോപാലകൃഷ്ണന്റെ ഇടപെടലുകളുണ്ടായി.1982ല്‍ ഏഷ്യന്‍ഗെയിംസ് ഡല്‍ഹിയില്‍ നടന്നപ്പോള്‍ അതിന്റെ അസിസ്റ്റന്റ് കൊറിയോഗ്രാഫറായി പ്രവര്‍ത്തിച്ചു.അധ്യാപന ജീവിതത്തില്‍, വളരെ പ്രസിദ്ധരായിതീര്‍ന്ന പലരുടെയും ഗുരുവാകാന്‍ ഭാഗ്യമുണ്ടായി.അഭിഷേക്ബച്ചന്‍,ഷാറൂഖാന്റെ ഭാര്യയായ ഗൗരി,പ്രവീണ്‍ഡേബാസ്,കോയല്‍പൂരി,പ്രസിദ്ധ സാരോദ് വിദഗ്ദന്‍ അംജദ്അലിഖാന്റെ മക്കളായ ആയന്‍ഖാന്‍,അമന്‍ഖാന്‍ എന്നിവര്‍ ശിഷ്യന്‍മാരായിരുന്നു.ഒരുകലാ അധ്യാപകന്‍ എന്നതിനപ്പുറം നല്ലൊരു കായികാധ്യപകന്‍കൂടിയായിരുന്നു ശ്രി.ഗോപാലകൃഷ്ണന്‍.

അനുഭവങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ നാട്യബാലസെന്റര്‍,ലിറ്റില്‍ ബാലറ്റ് ട്രൂപ്പ്,ഗ്വാളിയോര്‍,ഇന്ത്യന്‍ റിവൈവല്‍ ഗ്രൂപ്പ് കൊല്‍ക്കത്ത,ഇന്ത്യന്‍ബാലെ ട്രൂപ്പ് കൊല്‍ക്കത്ത,ഭാരതീയ കലാകേന്ദ്രം ഡല്‍ഹി എന്നിവയിലൂടെ 1500 ലധികം വേദികളില്‍ ശ്രീ.ഗോപാലകൃഷ്ണന്‍ അരങ്ങിലെത്തി.മൂന്ന് ഫിലിമുകളിലും ഒരു ടെലിവിഷന്‍ സീരിയലിലും അഭിനയിച്ചു.റഷ്യ,നേപ്പാള്‍,കാനഡ എന്നിവിടങ്ങളില്‍ തന്റെ പ്രകടനങ്ങള്‍ കാഴ്ചവെച്ചു.ബാലെ,കഥകളി,ഫോക്ക്ഡാന്‍സ് എന്നിവയില്‍ വളരെയധികം സെമിനാറുകളും വര്‍ക്ക്ഷോപ്പുകളും സംഘടിപ്പിച്ചു.പ്രമുഖ വ്യക്തികളുമായി വേദികള്‍ പങ്കിട്ടു.സ്വപ്ന സുന്ദരി റുവസംഗുലി,ഭൂപന്‍ഹസാരിക തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.2008ല്‍ ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ കലാദര്‍പ്പണപുരസ്കാരം കോട്ടയത്ത് വെച്ച് ശ്രീ.എം.വി.ദേവനില്‍ നിന്നും ഏറ്റു വാങ്ങി.
 പ്രസിദ്ധ സിത്താറിസ്റ്റും ബംഗാളിയുമായ ശ്രീമതി.നന്ദനായരാണ് ഭാര്യ.അഭിമന്യു,അന്‍ഷുമന്‍ എന്നിവര്‍ മക്കള്‍.ഹരിയാനയില്‍ താമസിക്കുന്നു.സര്‍വ്വീസില്‍ നിന്നും വിരമിച്ചതോടെ കേരളത്തിന്റെ മണ്ണിലേക്ക് വീണ്ടും തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ശ്രി.ഗോപാലകൃഷ്ണന്‍.

No comments:

Post a Comment