flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Monday, 6 October 2014

കുരങ്ങന്‍ചോല




 കുരങ്ങന്‍ചോല
ഇന്നലെ രാവിലെ വീട്ടിലെ വാഴ തൈകള്‍ക്ക് വളമിട്ടുകൊണ്ടിരിക്കുന്ന സമയത്താണ് മങ്കടയിലെ മാധ്യമം ദിനപത്രത്തിന്റെ ലേഖകന്‍ മുനീര്‍ മങ്കട വിളിക്കുന്നത്.മങ്കടയുടെ ഉള്‍പ്രദേശത്തുള്ള നല്ല ഒരു വ്യൂ പോയിന്റുണ്ട് ഒന്ന് പോയിനോക്കിയാലോന്ന് .പിന്നെ ഒന്നും ആലോചിച്ചില്ല.പത്തുമിനുട്ടിനുള്ളില്‍ മങ്കട ടൗണിലെത്തി. രണ്ടുപേരും കൂടി വേരുംപുലാക്കല്‍ വഴി മുക്കില്‍ ചേരിയത്തു നിന്നു മൂന്ന് കിലോമീറ്റര്‍ ഉള്ളിലോട്ടുപോയി കുരങ്ങന്‍ചോലയെന്ന മിനി ഊട്ടിയിലെത്തി.ശരിയ്ക്കും വനത്തിലൂടെയുള്ള യാത്രാനുഭവം.അവിടെയുള്ള പ്രകൃതിഭംഗി കൂറേസമയം ആസ്വദിച്ചു.കുറെ ഫോട്ടോകള്‍ എടുത്തു.മൂനീര്‍ ഇന്ന് മാധ്യമം പത്രത്തിലിട്ടിരിയ്ക്കുന്നു.എനിക്ക് മറ്റൊരു രീതിയിലാണ് ഈ വാര്‍ത്തയെ സമീപിക്കാന്‍ തോന്നുന്നത്. അമ്യൂസ് മെന്റ് പാര്‍ക്കുകളും ജലകേളികളുംമൊക്കെ തേടിപോകുന്ന എന്റെ നാട്ടുകാരെങ്കിലും കുറച്ചുസമയം കുടുംബത്തെയും കൂട്ടി ഇവിടെ വന്നിരുന്നാല്‍ ഉണ്ടാകാവുന്ന ലാഭം വളരെയധികമായിരിയ്ക്കും കാരണം പ്രകൃതിയെ അറിയാനുള്ള ഒരു മനസ്സ് കുരുന്നിലെ കുട്ടികള്‍ക്കുണ്ടാകുന്നത് വിദ്യാലയങ്ങളില്‍ നിന്നല്ല .എന്തായാലും എന്റെ മനസ്സു നിറഞ്ഞു.സന്ദര്‍ശിക്കാന്‍ താല്പര്യമുള്ളവര്‍ മങ്കട-വേരുംപുലാക്കല്‍-മുക്കില്‍ചേരിയം റോഡ്- പന്തലൂര്‍ മലറോഡിലൂടെ മുന്നോട്ടുപോയാല്‍ സ്ഥലത്തു എത്താവുന്നതാണ്.













Sunday, 5 October 2014

പെരുന്നാള്‍ പാട്ടുകള്‍



ഓര്‍മ്മയിലിന്നുമുണ്ട് ആ പെരുന്നാള്‍ പാട്ടുകള്‍
(കടപ്പാട്: മുനീര്‍ മങ്കട)


ഓര്‍മ്മകള്‍ അലയടിച്ചുയരുന്ന പഴയകാല പെരുന്നാള്‍പാട്ടിന്റെ മധുര സ്മരണകള്‍ അയവിറക്കുകയാണ് ആച്ചുമ്മതാത്ത.ആധുനികതയുടെ കുത്തൊഴുക്കില്‍ അന്യം നിന്നുപോയ ഗ്രാമീണപെരുന്നാള്‍പാട്ടുകളിലെ നിറസാന്നിധ്യമായിരുന്നു ആച്ചുമ്മ.

1970കളില്‍ വള്ളുവനാട്ടിലെ മുസ്ലിംങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന പെരുന്നാള്‍ പാട്ടുകൂട്ടങ്ങള്‍ അന്നത്തെ സാംസ്കാരിക സമന്വയത്തിന്റെയും മതമൈത്രിയുടെയും ഉദാത്തമാതൃകകളായിരുന്നു.പഴയരാത്രികല്ല്യാണങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന തരത്തില്‍ പെരുന്നാള്‍ ദിനത്തിലാണ് പ്രത്യേക ഗ്രാമീണ പാട്ടുല്‍സവങ്ങള്‍ നടന്നിരുന്നത്.കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷംവരെ ഇവ സജീവമായിരുന്നു.പെരുന്നാള്‍ ദിനത്തിലെ വിശിഷ്ടഭക്ഷണമായ തേങ്ങാച്ചോര്‍ കഴിച്ച് ഉച്ചയോടെ സ്ത്രീകളും കുട്ടികളും ഗ്രാമത്തിലെ ഏതെങ്കിലും വീട്ടില്‍ ഒത്തുകൂടിയാണ് പാട്ടുകൂട്ടങ്ങള്‍ നടത്തിയിരുന്നത്.കല്ല്യാണപാട്ടുകളും ഒപ്പനപ്പാട്ടുകളുമടങ്ങുന്ന പാട്ടുല്‍സവത്തില്‍ ഇരുഭാഗങ്ങളായി പിരിഞ്ഞ് വാശിയേറിയ മത്സരങ്ങള്‍ വരെ നടക്കുമായിരുന്നു.പുതുപെണ്ണിന്റെ ടീം,പുതിയാപ്ലയുടെ ടീം എന്നിങ്ങനെ ഗ്രൂപ്പുകളായി തിരിഞ്ഞ് പാട്ടുപാടി മത്സരിക്കും.കുലുകുലുമെച്ചം പ്പെണ്ണുണ്ടോ......,കിരികീരി ചെരുപ്പുമേല്‍ അണഞ്ഞുള്ള പുതുനാരീ......തുടങ്ങിയ പാട്ടുകളില്‍പെണ്ണിന്റെയും പുതിയാപ്ലയുടെയും വിശേഷണങ്ങള്‍കൂട്ടിചേര്‍ത്ത് ചോദിച്ച് മറുവിഭാഗത്തെ ഉത്തരം മുട്ടിയ്ക്കും.ചിലപ്പോള്‍ അത് ഒപ്പനപ്പാട്ടുകളായിരിയ്ക്കും.വൈകിട്ടു വരെ തുടരുന്ന ഈ പരിപാടിയ്ക്ക് അതിഥികളായെത്തുന്നവരടക്കം വലിയൊരു സദസ്സുതന്നെയുണ്ടാകുമെന്ന് അന്നത്തെ തലമുറയിലെ പേരെടുത്തപാട്ടുകാരികളിലൊരാളായ മങ്കട ചേരിയത്തെ കൂരിയാടന്‍ ഹംസണ്ണിയുടെ ഭാര്യയായ ആച്ചുമ്മ ഓര്‍ത്തെടുക്കുന്നു.കാഞ്ഞമണ്ണ സ്വദേശിയായ ഇവര്‍ സ്വന്തം ഉമ്മയില്‍ നിന്നാണ് പാട്ടുപഠിച്ചത്.മറ്റത്തൂര്‍ പാത്തോമ്മ,തയ്യില്‍ കദീജ,കേരളാംതൊടി മറിയ,തേവര്‍തൊടി പാത്തുമ്മ,സഫിയ തുടങ്ങിയവര്‍ ആച്ചുമ്മയുടെ കാലഘട്ടത്തില്‍ പേരെടുത്തപാട്ടുക്കാരായിരുന്നു.ബലിപെരുന്നാള്‍ ദിവസത്തില്‍ നാലുനാള്‍വരെ പാട്ടുകള്‍ തുടരും.ഓരോദിവസവും വ്യത്യസ്ത വീടുകളിലായിരിയ്ക്കും പാട്ടുക്കൂട്ടം നടക്കുക.ടേപ്പ് റിക്കാര്‍ഡറോ,ടെലിവിഷനോ പ്രചാരത്തിലില്ലായിരുന്ന അക്കാലത്ത് പീര്‍മുഹമ്മദ്,എ.വി മുഹമ്മദ്,റംലാബീഗം,കണ്ണൂര്‍ സീനത്ത് തൂടങ്ങിയവരുടെ പാട്ടുകള്‍ കല്ല്യാണ വീടുകളില്‍ വെയ്ക്കുന്നപെട്ടി പാട്ടുകളില്‍ നിന്നും ഉമ്മമാരുടെ നാവിന്‍ തുമ്പില്‍ നിന്നും കേട്ടും മാണ് പഠിച്ചിരുന്നത്.ജനങ്ങള്‍ പട്ടിണിയിലും കഷ്ടപ്പാടിലുമായിരുന്നുവെങ്കിലും സൗഹാര്‍ദ്ധവും മനുഷ്യസ്നഹവും നിറഞ്ഞുനിന്നിരുന്ന ഒരുകാലമായിരുന്നു അതെന്ന് പഴയതലമുറക്കാര്‍ പറയുന്നു.പുതുവസ്ത്രവും കുളിക്കാന്‍ വാസനസോപ്പും പെരുന്നാള്‍ ദിനത്തില്‍ മാത്രം കിനാകണ്ടിരുന്നകാലം.സ്ത്രീകള്‍ക്ക് മുണ്ടും,കുപ്പായവും തട്ടവുമായിരുന്നു പെരുന്നാള്‍ വസ്ത്രം.ചക്കയുടെ വളഞ്ഞി ഉപയോഗിച്ച് കൈവെള്ളയില്‍ ഡിസൈനുകള്‍ ഉണ്ടാക്കിയാണ് മൈലാഞ്ചിഇട്ടിരുന്നത്.ഓരോ പെരുന്നാളുകളും ഇത്തരത്തിലുള്ള ഒരായിരം ഓര്‍മ്മകള്‍ കൊണ്ടുവരുന്നു എന്നതാണ് ഇപ്പോള്‍ പെരുന്നാള്‍ ദിനത്തില്‍ അനുഭവപ്പെടുന്നതെന്ന് ആച്ചുമ്മതാത്ത് പറയുന്നു.

Friday, 3 October 2014

ഗാന്ധിജയന്തിദിനം

ഗാന്ധിജയന്തിദിനത്തില്‍ മങ്കടയിലെ റിവല്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ മങ്കടപോലീസ് സ്റ്റേഷന്‍ പരിസരം വൃത്തിയാക്കി






Friday, 26 September 2014

pta and smc

ലക്ഷ്യംപാളിപോകുന്ന അധ്യാപക -രക്ഷാകര്‍തൃസമിതികളും സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റികളും

വിദ്യാലയങ്ങളുടെ സമഗ്രമായ വികസനത്തിന് അധ്യാപക -രക്ഷാകര്‍തൃസമിതികളുടെ(PTA) ഇടപെടലിന്റെ ആവശ്യകത പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ.ഇതിനുപുറമേ 2013മുതല്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി(SMC)എന്ന ഒരു സമിതികൂടിനിലവില്‍ വന്നതോടെ ഭൗതികവും അക്കാദമികവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ശക്തമായ വേദികളായി.എന്നാല്‍ പലസ്കൂളുകളിലും ഇതിന്റെ പ്രവര്‍ത്തനം രൂപീകരണഘട്ടംമുതല്‍ക്കുതന്നെ ശരിയായ രീതിയിലല്ലാതെ പോകുന്നത് കാണാവുന്നതാണ്.അമിതമായ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ പി.ടി.എ / എസ്.എം.സി രൂപീകരണത്തില്‍ കടന്നുവരുമ്പോള്‍ ഈ സമിതികളുടെ ലക്ഷ്യപ്രാപ്തിതന്നെതാളം തെറ്റുന്നു.
   കൂടുതല്‍ വായിക്കാന്‍ കാഴ്ചപ്പാട് പേജില്‍ ക്ലിക്ക് ചെയ്യുക

Friday, 12 September 2014

റേഷന്‍കടയിലെ കൊള്ളരുതായ്മകള്‍

കാഴ്ചപ്പാട്

റേഷന്‍കടയിലെ കൊള്ളരുതായ്മകള്‍

കേരളംപോലെയുള്ള സമ്പൂര്‍ണ്ണ ഉപഭോക്തൃ സംസ്ഥാനത്തില്‍ പൊതുവിതരണ സംവിധാനങ്ങളുടെ സ്വാധീനവും ആവശ്യകതയും പ്രത്യേകം സൂചിപ്പിക്കേണ്ടതില്ല.കുട്ടിയായിരുന്ന കാലത്തു രാവിലെ മദ്രസ്സയില്‍ (മതപഠനക്ലാസില്‍)പോകുന്നതിനു മുമ്പ് ആഴ്ചയില്‍ ഒരിക്കല്‍ ലഭിക്കുന്ന റേഷന്‍ അരിക്കായിഎല്ലാതിങ്കളാഴ്ചയും റേഷന്‍കടയില്‍ കാര്‍ഡ് വെയ്ക്കാന്‍പോയകാലം ഒരു ഗൃഹാതുരത്വം നല്കുന്ന ഓര്‍മ്മയായി ഇപ്പോഴും ഉണ്ട്.ആ റേഷന്‍ സംവിധാനമെല്ലാം പാടെ മാറി.ഇപ്പോള്‍ മാസത്തിലൊരിക്കലാണ്.അതും കൃത്ത്യതയൊന്നുമില്ല.ഇതെഴുതാന്‍കാരണം കഴിഞ്ഞ രണ്ടുദിവസവും റേഷന്‍കടയില്‍ ചെന്നപ്പോള്‍ ഒരു റേഷന്‍ കടയില്‍ മാത്രം(മങ്കടയില്‍ രണ്ടെണ്ണമുണ്ട്)മുഴുവന്‍ സാധനങ്ങളും ഇല്ല.ഓണമായതിനാല്‍ എ.പി.എല്‍ വിഭാഗത്തിന് അരി,മണ്ണെണ്ണ എന്നിവയ്ക്ക് പുറമേ ഒരുകിലോ പഞ്ചസാരയുമുണ്ട്.എന്തായാലും ഇന്ന് വെള്ളിയാഴ്ച്ച(സെപ്തംബര്‍ 12)രാവിലെ പത്ത്മണിക്ക് താഴെ റേഷന്‍കടയിലെത്തി.ഇവിടെ നിന്നാണ് കഥ ആരംഭിക്കുന്നത്.....
റേഷന്‍കടക്കാരനെ പരിചയപ്പെടുത്തേണ്ടതായിട്ടുണ്ട്.പഴയ പ്രാദേശിക രാഷ്ടീയക്കാരന്‍,മൂര്‍ച്ചയില്ലാകത്തി,റേഷന്‍സാധനങ്ങള്‍ കൃത്യസമയത്ത് എത്തിക്കില്ല.ആളുകള്‍ക്ക് ടിയാന്‍ നല്കുന്ന ഔദാര്യമാണ് റേഷന്‍ എന്നതാണ് വെപ്പ് .ഏകദേശം ഒരു കൊല്ലത്തോളം ടിയാന്റെ ഭാര്യയുടെ പേരിലുള്ള ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുകയും പകരം കട നടത്തിയ ആള്‍ തികച്ചും മാതൃകാപരമായി കടനടത്തികാണിച്ചു കൊടുക്കുകയും ചെയ്തു.എന്തു കൊള്ളരുതായ്മകള്‍ ചെയ്താലും ഞങ്ങള്‍ മങ്കടക്കാര്‍ക്ക് അനങ്ങാപ്പാറ നയമാണ്.ഗാന്ധിജി കഴിഞ്ഞാല്‍ സഹനത്തിനു അവാര്‍ഡുകൊടുക്കുന്നുണ്ടെങ്കില്‍ അത് മങ്കടക്കാര്‍ക്ക് കൊടുക്കണം.കുട്ടികളായിരിക്കുമ്പോള്‍ റേഷനരിക്ക് ഒരു രൂപകൂട്ടിയാല്‍,റേഷന്‍ കടയില്‍ അരിവരാതിരുന്നാല്‍ പപ്പായഇലയുടെ തണ്ടില്‍ മണ്ണെണ്ണ നിറച്ച് അന്തിമയങ്ങുന്ന നേരത്ത് പണികഴിഞ്ഞെത്തുന്ന സഖാക്കന്‍മാര്‍ നടത്തിയിരുന്ന പ്രതിഷേധങ്ങള്‍ തെല്ലും ആരാധനയോടെയാണ് എന്നെപോലെയുള്ള തലമുറ ഇപ്പോഴുംകാണുന്നത്.ഇന്ന് ഫെയ്സ്ബുക്ക് വിപ്ലവമായതിനാല്‍ സഖാക്കള്‍ക്കും ടിയാന്റെ വിഷയത്തില്‍ താല്പര്യമില്ല. അങ്ങിനെയുള്ള കഥാപാത്രത്തിന്റെ അടുത്തേക്ക് ഞാന്‍ ചെല്ലുന്നു.സാധനങ്ങള്‍ ചോദിക്കുന്നതോടെ മണ്ണെണ്ണയില്ല ,കിട്ടുമ്പോള്‍ തരാം എന്ന അഹങ്കാരത്തോടെയുള്ള മറപടിയും .ആരുമില്ലാത്തതിനാല്‍ ടിയാനോട് നയത്തില്‍ പറഞ്ഞു എന്തിനാണ് പാവങ്ങള്‍ക്കു കിട്ടേണ്ട സാധനങ്ങള്‍ ഇങ്ങിനെ കൊടുക്കാതിരിക്കുന്നത്.അതോടെ കാര്യങ്ങള്‍ ഗൗരവത്തിലായി.ടിയാന്‍ കണ്ടതുകൂട്ടിക്കോ എന്ന രീതിയില്‍ ഇതൊക്കെ എനിക്ക് പുല്ലാണെന്ന ഭാവത്തില്‍ പെരുമാറിയപ്പോള്‍ എന്നിലെ പഴയസഖാവ് ഒന്നു ഉണര്‍ന്നു.മങ്കടമേലെ ഒരു റേഷന്‍കടകൂടി ഉണ്ടെന്നും അവിടെ എപ്പോഴും സാധനങ്ങളുണ്ടെന്നും നിനക്ക് മാത്രം സാധനം ലഭിക്കാതിരിക്കുന്നത് എങ്ങിനെയാണെന്നും ചോദിച്ചപ്പോള്‍ ടിയാന്‍ എന്നെ വെല്ലുവിളിക്കുകയാണ് ചെയ്തത് മങ്കടയല്ല ഈ സമീപപ്രദേശത്ത് മണ്ണെണ റേഷന്‍കടകളില്ലാ എന്ന രീതിയില്‍ പറഞ്ഞപ്പോള്‍ ,പിന്നെ എപ്പോഴാണ് നിനക്കിത് തരാന്‍ കഴിയുക എന്ന സമാധാനത്തിന്റെ അവസ്ഥയിലേക്കു ഞാന്‍ വരികയും കാര്യങ്ങളൊന്ന് അന്വേഷിക്കാന്‍ തീരുമാനിക്കുകയുംചെയ്തു.
തുടര്‍ന്ന് മങ്കട മേലെയുള്ള റേഷന്‍ ഷോപ്പില്‍ നിന്നും മണ്ണെണ്ണയടക്കമുള്ള സാധനങ്ങള്‍ വാങ്ങുകയും ചെയ്തു(തറവാടുവീട്ടിലെ കാര്‍ഡും കയ്യിലുണ്ടായിരുന്നു).വീണ്ടും മണ്ണെണ്ണ ചലഞ്ചിനായി(ഇപ്പോള്‍ ചലഞ്ചിന്റെ കാലമല്ലേ!) നമ്മുടെ കഥാപാത്രത്തന്റെ അടുത്തേക്കു വന്നപ്പോള്‍ കുറെ ആളുകള്‍ സാധനങ്ങള്‍ വാങ്ങാന്‍ അവിടെയുണ്ടായിരുന്നു.അവരുടെ മുമ്പില്‍ വെച്ച് മണ്ണെണ കാണിച്ചു കൊടുത്ത് ഇനി എന്നാണെനിക്ക് മണ്ണെണ്ണ തരുന്നത് എന്നു ചോദിച്ചപ്പോഴും മിണ്ടതിരിക്കല്‍ നയമാണ് ടിയാന്‍ സ്വീകരിച്ചത്.അപ്പോഴാണ് ഞാന്‍ പരാതി പുസ്തകം ചോദിച്ചത്.അതോടെ കാര്യങ്ങള്‍ തകിടംമറിയുന്നു.പുലിയെ പോലെനിന്ന കഥാപാത്രം പൂച്ചയാകുന്നു.ഒന്ന് സമാധാനത്തോടെ നമ്മുക്ക് സംസാരിക്കാം എന്നു പറയുന്നു.നീ എനിക്ക് പരാതി പുസ്തകം തരികയോ അല്ലെങ്ങില്‍ നിന്റെ കച്ചവടത്തിന് ഞാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് പറഞ്ഞ് പോലീസിനെ വിളിക്കണമെന്നും പറഞ്ഞിട്ടും പരാതി പുസ്തകം തരാന്‍ ടിയാന്‍ തയ്യാറായില്ല.എന്താണ് നമ്മുടെ സമൂഹത്തില്‍ നടക്കുന്നത് ? എല്ലാവരും സ്വപ്നാടനത്തിലാണ്.സാധാരണക്കാരന് ലഭിക്കേണ്ട ഏറ്റവും ചുരുങ്ങിയ അവകാശങ്ങള്‍പ്പോലും കിട്ടുന്നുണ്ടോ എന്നന്വേഷിക്കാന്‍ യുവജനപ്രസ്ഥാനങ്ങള്‍ക്കാവുന്നില്ല.ഒരിക്കല്‍ സസ്പെന്‍‍ഡ് ചെയ്യപ്പെട്ട ലൈസന്‍സ് എന്തിന്റെ അടിസ്ഥാനത്തിലാണ് പുതുക്കി നല്കിയതെന്നറിയില്ല.ഞാനേതായാലും തുടര്‍നടപടികളുമായി മുന്നോട്ടുപോവുകയാണ്. അണ്ണാറകണ്ണനും തന്നാലായത്.

 

Wednesday, 3 September 2014

പുതിയവാര്‍ത്ത


 പുതിയവാര്‍ത്ത

മങ്കട ആസ്പത്രിയില്‍ രണ്ട് ഡോക്ടര്‍മാരെ അധികമായി നിയമിക്കാന്‍ഉത്തരവിട്ടു. ഗൈനക്കോളജിസ്റ്റ് , കുട്ടികളുടെ സ്പെഷ്യലിസ്റ്റ് എന്നീ ഡോകടര്‍മാരെ നിയമിക്കാനാണ് ഉത്തരവ്

Tuesday, 2 September 2014

വാര്‍ത്താ ചിത്രങ്ങള്‍


മാണിക്യേടത് ക്ഷേത്രത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനം






Sunday, 24 August 2014

തൊഴിലുറപ്പ് പദ്ധതി ചിത്രങ്ങള്‍

മങ്കട ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതി ചിത്രങ്ങള്‍

















ചില വാര്‍ത്താചിത്രങ്ങള്‍

 ചില വാര്‍ത്താചിത്രങ്ങള്‍








 



 

Saturday, 16 August 2014

മങ്കടയില്‍ നിന്നും ഒരു യുവസാഹിത്യകാരന്‍


മങ്കടയില്‍ നിന്നും ഒരു യുവസാഹിത്യകാരന്‍
വിനോദ് മങ്കട
 വിനോദിനെ ഞാന്‍ തിരിച്ചറിയുന്നത് ഫെയ്സ്ബുക്കിലൂടെയാണ്. കവിതകളായും ചെറുകഥകളായും ഇടയ്കൊക്കെ വിനോദിനെ കാണാം.പക്ഷേ എന്റെ നാട്ടുക്കാരനായിട്ടും ആളെ എനിക്കറിയില്ലായിരുന്നു.അവസാനം എഫ്.ബി തന്നെ തപ്പി നമ്പര്‍ കണ്ടുപിടിച്ചാണ് മങ്കട ഓണ്‍ലൈനിനുവേണ്ട വിവരങ്ങള്‍ശേഖരിച്ചത്.

സാഹിത്യാഭിരുചി ഉണ്ടാവുക എന്നത് അതിനെ ഇഷ്ടപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം വരദാനമാണ്.അതുകൊണ്ടുതന്നെ വിനോദിനു ലഭിച്ച വരദാനം ചുരുങ്ങിയത് മങ്കടക്കാരെങ്കിലും അനുഭവിക്കണം.വിനോദിന്റെ   ഒരു സൃഷ്ടി ഇവിടെ പകര്‍ത്തട്ടെ.

ചില ഭ്രാന്തന്‍ ചിന്തകള്‍
1
വായ്പയെടുത്ത കര്‍ഷകന്‍
പലിശയുടെ പേരുപറഞ്ഞുള്ള
ബാങ്കുകാരുടെ പീഢനം
സഹിക്കാന്‍ കഴിയാതെയാണ്
ആത്മഹത്യ ചെയ്തത്
പക്ഷേ നാട്ടുക്കൂട്ടം
പ്രതികൂട്ടില്‍ നിര്‍ത്തിയത്
മൂപ്പെത്താതെ നിലംപതിച്ച
വാഴക്കുലകളെയായിരുന്നു.
2
മത്സരിച്ചോടുന്ന ബസ്സില്‍നിന്നും
തെറിച്ചുവീഴാന്‍തുടങ്ങിയ
യുവതിയെ
രക്ഷപ്പെടുത്താന്‍വേണ്ടിയാണയാള്‍
പിടിച്ചുനിര്‍ത്തിയത്
പക്ഷകോടതി
അയാളെ
പീഢനകേസിലെ പ്രതിയാക്കി.

3

യജമാനന്‍
വിലയ്ക്കുവാങ്ങിയ പനയോല
മറിച്ചുവിറ്റ്
ഷാപ്പിലെ പറ്റുതീര്‍ത്ത്
ഒറ്റക്കാലില്‍ വേച്ചുപോകുന്ന പാപ്പാനെ
ഒന്നുപേടിപ്പിക്കാനാണ്
കുട്ടിശങ്കരന്‍ ഉറക്കെചിന്നം വിളിച്ചത്
പക്ഷേചാനലുകള്‍
മദമിളകിയആനയെന്നുപേരിട്ട്
അതൊരു ഉത്സവമാക്കി.

മങ്കട മേലോട്ടുംകാവില്‍ പൂവപ്പറ്റ അയ്യപ്പന്‍ക്കുട്ടിയുടെയും രുഗ്മിണിയുടെയും മകനായി 1981ലാണ് വിനോദ് ജനിച്ചത്.പെരിന്തല്‍മണ്ണ ഇ.എം.എസ് മെമ്മോറിയല്‍ സഹകരണ ആശുപത്രിയില്‍ ലാബോര്‍ട്ടറി ജീവനക്കാരനായി സേവനമനുഷ്ഠിക്കുന്നു.ചെറുകഥകളും കവിതകളുമായി വളരെയധികം സൃഷ്ടികള്‍ വിനോദിന്റെതായി ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.എഴുത്ത്,വായന,ചിത്രരചന എന്നിവയില്‍ താല്പര്യമുള്ള വിനോദിനു പഠനക്കാലത്തുതന്നെ ഒട്ടേറെ സമ്മാനങ്ങള്‍ നേടാനായിട്ടുണ്ട്.സാഹിത്യലോകത്തിന്റെയും സിനിമാലേകത്തിന്റെയും ഒരു ചെറിയഭാഗമായി പ്രവര്‍ത്തിക്കാനായെങ്കിലെന്ന ആഗ്രവുമായി സ്വന്തംലോകത്തു ഒതുങ്ങിക്കൂടുകയാണി യുവസാഹിത്യക്കാരന്‍.ഭാര്യ ഷൈജി,മകന്‍ ഋഗ് വേദ്.


വിനോദിന്റെ സൃഷ്ടികള്‍

ചെറുകഥകള്‍
ഇതെന്താഇങ്ങിനെ,സംതിങ്ങ്റോങ്ങ്,വോട്ട്ഫോര്‍മി,കാന്‍സര്‍,വെറുതെ,സാക്ഷി,ചെരുപ്പിന്റെ ഡയറിക്കുറിപ്പുകള്‍,ബലിമൃഗങ്ങള്‍,സ്വര്‍ണ്ണം,വര്‍ത്തമാനം,പ്രവാചകന്‍, റിപ്പര്‍,നവകേരളം.കോം,ജലരേഖകള്‍,നാണിത്തള്ള.

കവിതകള്‍
ആത്മാവിന്റെ വിലാപം,പ്രതീക്ഷ,ഭ്രാന്തന്‍ചിന്തകള്‍,യുദ്ധം,തുമ്പപ്പൂവിനു പറയാനുള്ളത്,അമ്മമനസ്സ്,നഗരചിത്രങ്ങളും മഴയും അന്ത്യഗീതം.
ചിലകുടുംബചിത്രങ്ങള്‍ എന്നപ്പേരില്‍ ഹാസ്യനാടകവും തയ്യാറാക്കീട്ടുണ്ട്.

വിനോദിനോപോലെയുള്ള യുവസാഹിത്യക്കാരന്‍മാര്‍ മങ്കടയുടെ പ്രതീക്ഷകളാണ്.മങ്കടഓണ്‍ലൈനിന്റെ ആശംസകള്‍.
                                                      -ഇഖ്ബാല്‍ മങ്കട